യൂറോപ്യൻ ചാമ്പ്യൻഷിപ്പിനിടെ ഇസ്രായേലി ദേശീയ പതാകക്ക് നേരെ മുഖം തിരിച്ച് സ്വിസ് ഫെൻസിങ് ടീം

അന്താരാഷ്ട്ര മത്സരത്തിൽ ഇസ്രായേലിന്‍റെ അണ്ടർ 23 പുരുഷ ടീം സ്വർണം മെഡൽ നേടിയപ്പോൾ സ്വിറ്റ്സർലൻഡ് വെള്ളിയും ഇറ്റലി വെങ്കലവും നേടി

Update: 2025-04-29 05:01 GMT
Editor : Jaisy Thomas | By : Web Desk

ടാലിൻ: ശനിയാഴ്ച എസ്റ്റോണിയയിൽ നടന്ന യൂറോപ്യൻ അണ്ടര്‍ 23 ഫെൻസിങ് ചാമ്പ്യൻഷിപ്പിന്‍റെ മെഡൽദാന ചടങ്ങിനിടെ ഇസ്രായേലി ദേശീയപതാകക്ക് നേരെ മുഖം തിരിച്ച് സ്വിസ് ഫെൻസിങ് ടീം. ഇസ്രായേലി ദേശീയഗാനം ആലപിക്കുമ്പോൾ സ്വിസ് അണ്ടർ 23 ഫെൻസിങ് ടീം പതാകയെ അഭിമുഖീകരിക്കാതെ മുഖം തിരിച്ചുനില്‍ക്കുകയായിരുന്നു.

അന്താരാഷ്ട്ര മത്സരത്തിൽ ഇസ്രായേലിന്‍റെ അണ്ടർ 23 പുരുഷ ടീം സ്വർണം മെഡൽ നേടിയപ്പോൾ സ്വിറ്റ്സർലൻഡ് വെള്ളിയും ഇറ്റലി വെങ്കലവും നേടി.ഇസ്രായേൽ ഫെൻസിങ് ടീമിൽ ഫെൻസർമാരായ അലോൺ സരിദ്, ഫിയോഡോർ ഖപെർസ്‌കി, യെഹോനാഥൻ മെസ്സിക്ക, ഇറ്റാമർ താവോർ എന്നിവരും ഉൾപ്പെടുന്നു. ശനിയാഴ്ച നടന്ന മെഡൽ ദാന ചടങ്ങിൽ, സ്വർണ മെഡൽ ജേതാക്കളോടുള്ള ബഹുമാനാർഥം ഇസ്രായേലിന്‍റെ ദേശീയഗാനം 'ഹാതിക്വ' ആലപിച്ചിരുന്നു.ദേശീയഗാനം ആലപിക്കുമ്പോൾ ഇസ്രായേലി, ഇറ്റാലിയൻ ടീമുകൾ ഇസ്രായേലി പതാകക്ക് അഭിമുഖമായിട്ടാണ് നിന്നത്. എന്നാൽ സ്വിസ് ടീം പതാകയെ അവഗണിച്ച് നേരെ തന്നെ നിൽക്കുകയായിരുന്നു. ഫെൻസർമാരായ ഇയാൻ ഹൗറി, തിയോ ബ്രോച്ചാഡ്, ജോനാഥൻ ഫുഹ്‌രിമാൻ, സ്വെൻ വിനീസ് എന്നിവരടങ്ങുന്നതായിരുന്നു സ്വിസ് ടീം.

Advertising
Advertising

ഇതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്. നിരവധി പേര്‍ സ്വിസ് ടീമിന്‍റെ പ്രവൃത്തിയെ അഭിനന്ദിച്ചെങ്കിലും ഇസ്രായേൽ വിദേശകാര്യ മന്ത്രാലയത്തിന്‍റെ സമ്മർദ്ദത്തെ തുടര്‍ന്ന് സ്വിസ് ഫെൻസിങ് അസോസിയേഷൻ ഞായറാഴ്ച ക്ഷമാപണം നടത്തി.''സ്വിസ് ടീമിന്‍റെ പെരുമാറ്റത്തിൽ ലജ്ജ തോന്നുന്നു'' ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിഡിയൻ സാർ എക്സിൽ കുറിച്ചു. ''എങ്ങനെ പെരുമാറണമെന്ന് നിങ്ങൾക്കറിയില്ല, നിങ്ങൾക്കും നിങ്ങൾ പ്രതിനിധീകരിക്കേണ്ട രാജ്യത്തിനും നാണക്കേടുണ്ടാക്കുന്ന രീതിയിൽ പെരുമാറി'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വിസ് അത്‍ലറ്റുകൾ രാഷ്ട്രീയ ലക്ഷ്യം വച്ച് മെഡൽദാനച്ചടങ്ങ് ദുരുപയോഗം ചെയ്തതായി സ്വിസ് ഫെൻസിങ് അസോസിയേഷൻ ഫേസ്ബുക്കിൽ പുറത്തിറക്കിയ പ്രസ്താവനയിൽ കുറിച്ചു. "അന്താരാഷ്ട്ര പരിപാടികളിൽ കായികതാരങ്ങൾക്ക് വ്യക്തിപരമായ അഭിപ്രായങ്ങൾ പറയാൻ അനുവാദമുണ്ടെങ്കിലും കായിക മത്സരങ്ങൾ രാഷ്ട്രീയ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്നതിനോട് യോജിപ്പില്ലെന്ന് സ്വിസ് ഫെൻസിങ് തത്വത്തിൽ വിശ്വസിക്കുന്നു," അസോസിയേഷൻ കൂട്ടിച്ചേർത്തു. അത്‌ലറ്റുകൾ എസ്റ്റോണിയയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം സ്വിസ് ഫെൻസിങ് U23 ടീമുമായി ചർച്ച ചെയ്യുകയും ആവശ്യമായ നടപടികൾ തീരുമാനിക്കുകയും ചെയ്യുമെന്നും അറിയിച്ചു.

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News