'ഇന്ത്യയിൽ സ്വേച്ഛാധിപത്യം, വേഴാമ്പലുകളുടെ കൂട്ടിലേക്ക് അയക്കരുത്'; തഹാവൂർ റാണ വീണ്ടും യുഎസ് സുപ്രീം കോടതിയിൽ

'പാകിസ്ഥാൻ വംശജനായ ഒരു മുസ്ലീമായതിനാൽ ഇന്ത്യയിൽ പീഡിപ്പിക്കപ്പെടാനുള്ള സാധ്യതയുണ്ട്'

Update: 2025-03-06 12:15 GMT
Editor : സനു ഹദീബ | By : Web Desk

വാഷിംഗ്‌ടൺ: ഇന്ത്യയ്ക്ക് കൈമാറുന്നത് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വീണ്ടും യുഎസ് സുപ്രീം കോടതിയെ സമീപിച്ച് 2008ലെ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണ. പാകിസ്ഥാൻ വംശജനായ ഒരു മുസ്ലീമായതിനാൽ ഇന്ത്യയിൽ താൻ പീഡിപ്പിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് കാണിച്ചാണ് കോടതിയെ സമീപിച്ചത്. നേരത്തെ തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറാനുള്ള തീരുമാനം യുഎസ് സുപ്രീംകോടതി ശരിവെച്ചിരുന്നു.

63 കാരനായ തഹാവൂർ റാണ നിലവിൽ ലോസ് ഏഞ്ചൽസിലെ ഒരു ജയിലിലാണ്. കാർഡിയാക് അന്യൂറിസം, പാർക്കിൻസൺസ് രോഗം, ബുദ്ധിശക്തി കുറയാനുള്ള സാധ്യത, മൂത്രാശയ കാൻസർ തുടങ്ങിയ നിരവധി രോഗങ്ങൾ റാണക്ക് ഉണ്ടെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചിട്ടുണ്ട്. വിചാരണ നേരിടാൻ റാണ കൂടുതൽ കാലം ജീവിച്ചിരിക്കില്ല. അതിനാൽ 'വേഴാമ്പലുകളുടെ കൂട്ടിലേക്ക്' റാണയെ അയക്കരുതെന്നാണ് അദ്ദേഹത്തിന്റെ നിയമസംഘം കോടതിയെ അറിയിച്ചത്.

Advertising
Advertising

ഇന്ത്യയിൽ സ്വേച്ഛാധിപത്യ പ്രവണതകൾ വർധിച്ച് വരുകയാണെന്നും, ന്യായമായ വിചാരണക്കുള്ള റാണയുടെ അവകാശം അതില്ലാതാക്കുമെന്നും അപേക്ഷയിൽ പറയുന്നു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളോടുള്ള ഭരണകൂടത്തിന്റെ മനോഭാവത്തെക്കുറിച്ചുള്ള 2023 ലെ ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ടും അപേക്ഷയിൽ പരാമർശിക്കുന്നു.

പാകിസ്താനി-കനേഡിയൻ പൗരനാണ് തഹാവൂർ റാണ. തന്നെ ഇന്ത്യക്ക് കൈമാറരുതെന്നാവശ്യപ്പെട്ട് റാണ വിവിധ ഫെഡറൽ കോടതികളിൽ നൽകിയ അപ്പീലുകൾ തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. ഒടുവിൽ സുപ്രിംകോടതിയും ഇയാളെ ഇന്ത്യയ്ക്ക് കൈമാറാനുള്ള തീരുമാനം ശരിവക്കുകയായിരുന്നു. അവസാന ശ്രമമെന്ന നിലയിലാണ് റാണ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. 

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News