തായ്‍വാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: അമേരിക്കൻ അനുകൂല പാർട്ടിക്ക് ജയം

പരാജയപ്പെടുത്തിയത് ചൈനയുമായി മികച്ച ബന്ധം പുലർത്തുന്ന പാർട്ടിയെ

Update: 2024-01-13 15:14 GMT

വില്ല്യം ലായ് ചിങ് തെ

Advertising

തായ്‍വാൻ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയും അമേരിക്കൻ അനുകൂല പാർട്ടിയുമായ ഡെമോക്രാറ്റിക് പ്രോഗ്രസിവ് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി വില്ല്യം ലായ് ചിങ് തെയ്ക്ക് ജയം. ചൈനയുമായി മികച്ച ബന്ധം പുലർത്തുന്ന കെ.എം.ടിയുടെ ഹോ ഈയെ ആണ് വില്ല്യം ലായ് പരാജയപ്പെടുത്തിയത്.

തായ്‍വാന്റെ ചരിത്രത്തിൽ ആദ്യമായി അഞ്ച് ദശലക്ഷം വോട്ടുകൾ നേടിയാണ് വില്ല്യം ലായിന്റെ ജയം. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ഹോ ഈയെക്ക് 4.66 ദശലക്ഷം വോട്ടുകളും തായ്‌വാൻ പീപ്പിൾസ് പാർട്ടിയുടെ (ടി.പി.പി) കോ വെൻ ജെയ്ക്ക് 3.68 ദശലക്ഷം വോട്ടുകളും ലഭിച്ചു.

വില്ല്യം ലായിന്റെ വിജയത്തോടെ മേഖലയിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും. യുദ്ധത്തിനും സമാധാനത്തിനും ഇടയിലുള്ള തെരഞ്ഞെടുപ്പാണ് ഇതെന്ന് വിശേഷിപ്പിച്ച ചൈന, ലായ് വിജയിച്ചാൽ മേഖലയിലെ സമാധാനത്തിന് ഭീഷണിയാകുമെന്ന് ആരോപിച്ചിരുന്നു.

തായ്‍വാൻ തങ്ങളുടെ ഭാഗമാണെന്നും വിഷയത്തിൽ വിട്ടുവീഴ്ചക്കില്ലെന്നും യു.എസിന് മുന്നിൽ ചൈന നിലപാടറിയിക്കുകയും ചെയ്തിട്ടുണ്ട്. തായ്‍വാനെക്കൂടി ഉൾപ്പെടുത്തിയുള്ള ‘ഏക ചൈന’ നയമാണ് ഇരുരാജ്യങ്ങൾക്കിടയില സൈനിക സംഭാഷണങ്ങളിൽ ബെയ്ജിങ് ഉയർത്തിപ്പിടിച്ചിരുന്നത്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News