'ഒക്ടോബർ 7ലെ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു'; ഇസ്രായേൽ സൈനിക മേധാവി ഹെർസി ഹലേവി രാജിവെച്ചു

തൻ്റെ കീഴിലുള്ള സൈന്യം 'ഇസ്രായേൽ രാഷ്ട്രത്തെ സംരക്ഷിക്കാനുള്ള ദൗത്യത്തിൽ പരാജയപ്പെട്ടു' എന്ന് രാജിക്കത്തിൽ ഹലേവി പറഞ്ഞു.

Update: 2025-01-21 16:39 GMT
Editor : rishad | By : Web Desk

തെല്‍അവീവ്: ഇസ്രായേൽ സൈനിക മേധാവി ഹലേവി രാജി പ്രഖ്യാപിച്ചു. ഒക്ടോബർ ഏഴിന് ഇസ്രായേലില്‍ നടന്ന ഹമാസിൻ്റെ മിന്നലാക്രമണത്തില്‍ ഐഡിഎഫിൻ്റെ ഭാഗത്തുണ്ടായ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് അദ്ദേഹത്തിൻ്റെ രാജി. പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സിനെ അദ്ദേഹം ഇക്കാര്യം അറിയിച്ചു.

തൻ്റെ കീഴിലുള്ള സൈന്യം 'ഇസ്രായേൽ രാഷ്ട്രത്തെ സംരക്ഷിക്കാനുള്ള ദൗത്യത്തിൽ പരാജയപ്പെട്ടു' എന്ന് രാജിക്കത്തിൽ ഹലേവി പറഞ്ഞു. 

ഗസ്സയിൽ വെടിനിർത്തൽ കരാർ നിലവിൽ വരികയും ബന്ദികളെ മോചിപ്പിക്കുകയും ചെയ്യുന്ന നിർണായക സമയത്താണ് ഹലേവിയുടെ പടിയിറക്കം എന്നത് ശ്രദ്ധേയമാണ്. മാർച്ച് ആറ് വരെ താൻ സ്ഥാനത്ത് ഉണ്ടാകുമെന്നും ആ സമയത്തിനുള്ളിൽ ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തെക്കുറിച്ചുള്ള ആഭ്യന്തര അന്വേഷണം പൂർത്തിയാക്കുമെന്നും ഭാവിയിലെ വെല്ലുവിളികൾ ഫലപ്രദമായി നേരിടാൻ ഐഡിഎഫിനെ കൂടുതൽ സജ്ജമാക്കുമെന്നും ഹലേവി അറിയിച്ചു. 

Advertising
Advertising

2023 ജനുവരി 16നാണ് ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ആയി ഹെർസി ഹലേവി ചുമതലയേക്കുന്നത്. സൈനിക രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ തലവനായും സതേൺ കമാൻഡിൻ്റെ കമാൻഡറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.  അതേസമയം ഹലേവിക്കൊപ്പം ഗസ്സയിൽ വിജയം സാധ്യമല്ലെന്ന്​ ഇസ്രായേൽ ധനകാര്യ മന്ത്രി ബെസലേൽ സ്​മോട്രിച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു​. ആർമി റേഡിയോക്ക്​ നൽകിയ അഭിമുഖത്തിലായിരുന്നു​ മന്ത്രിയുടെ പ്രസ്​താവന.

ഹമാസുമായുണ്ടാക്കിയ വെടിനിർത്തൽ കരാറിനെതിരെയും സ്​മോട്രിച്​ നേരത്തെ രംഗത്തുവന്നിരുന്നു. ഭരണമുന്നണി വിടുമെന്ന്​ അദ്ദേഹം ഭീഷണി മുഴക്കിയിട്ടുണ്ട്​. കൂടാതെ കരാറിനെതിരെ സുരക്ഷാ മന്ത്രിസഭയിലും മുഴുവൻ മന്ത്രിസഭയിലും വോട്ട്​ ചെയ്യുകയുമുണ്ടായി. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News