ഒൻപതു വർഷം അതീവരഹസ്യം; ഒടുവില്‍ മുല്ലാ ഉമറിന്റെ ഖബറിടം വെളിപ്പെടുത്തി താലിബാൻ

2013 ഏപ്രിൽ 23നാണ് മുല്ലാ ഉമർ മരിച്ചത്. മരണവിവരം രണ്ടു വർഷത്തോളം താലിബാൻ രഹസ്യമാക്കിവച്ചു

Update: 2022-11-07 07:34 GMT
Editor : Shaheer | By : Web Desk
Advertising

കാബൂൾ: ഒൻപതു വർഷം അതീവരഹസ്യമാക്കി വച്ച സ്ഥാപകൻ മുല്ലാ ഉമറിന്റെ ഖബറിടം വെളിപ്പെടുത്തി താലിബാൻ. ദക്ഷിണ അഫ്ഗാൻ പ്രവിശ്യയായ സാബൂളിലെ സൂറി ജില്ലയിലുള്ള ഒമർസോയിലാണ് മുല്ലാ ഉമറിനെ അടക്കം ചെയ്തിരിക്കുന്നത്. താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് ആണ് ഖബറിടത്തിന്റെ ചിത്രങ്ങളും വിവരവും പുറത്തുവിട്ടത്.

2013 ഏപ്രിൽ 23നാണ് മുല്ലാ ഉമർ മരിച്ചത്. എന്നാൽ, മരണവിവരം രണ്ടു വർഷത്തോളം താലിബാൻ മറച്ചുവച്ചു. പിന്നീട് 2015ലാണ് ഇക്കാര്യത്തിൽ താലിബാന്റെ ഔദ്യോഗിക സ്ഥിരീകരണം വരുന്നത്.

കഴിഞ്ഞ ദിവസം ഒമർസോയിൽ ഖബറിടത്തിനു പരിസരത്ത് പ്രത്യേക പരിപാടി നടന്നിരുന്നുവെന്നാണ് സബീഹുല്ല വാർത്താ ഏജൻസിയായ എ.എഫ്.പിയോട് വെളിപ്പെടുത്തിയത്. പരിപാടിയിൽ താലിബാൻ നേതാക്കൾ പങ്കെടുക്കുകയും ചെയ്തിരുന്നു. ''രാജ്യം അധിനിവേശത്തിനു കീഴിലായിരുന്നു. ചുറ്റും ശത്രുക്കളുമുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ഖബറിടം നശിപ്പിക്കാനിടയുള്ളതിനാലാണ് രഹസ്യമാക്കിവച്ചത്.''-സബീഹുല്ല വ്യക്തമാക്കി.

അടുത്ത കുടുംബക്കാർക്കു മാത്രമാണ് ഇതേക്കുറിച്ച് വിവരമുണ്ടായിരുന്നത്. ഇപ്പോൾ വിവരം പരസ്യമാക്കാൻ തീരുമാനമായിരിക്കുകയാണ്. ജനങ്ങൾക്ക് ഖബറിടം സന്ദർശിക്കാവുന്നതാണെന്നും താലിബാൻ വക്താവ് അറിയിച്ചു.

1993ൽ അഫ്ഗാനിസ്താനിലെ സോവിയറ്റ് അധിനിവേശക്കാലത്താണ് മുല്ല ഉമർ താലിബാൻ രൂപീകരിക്കുന്നത്. 1966ൽ അഫ്ഗാന്റെ ഭരണം പിടിക്കുകയും ചെയ്തു. 2001ൽ നാറ്റോ സൈന്യം കീഴടക്കുന്നതുവരെ അഫ്ഗാനിൽ താലിബാൻ തുടർന്നു. നാറ്റോ പിന്മാറ്റത്തിനു പിന്നാലെ 2021 ആഗസ്റ്റിലാണ് വീണ്ടും താലിബാൻ ഭരണം പിടിച്ചത്.

Summary: Taliban reveal burial place of founder Mullah Omar, nine years after death

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News