'പകല്‍ മനോഹരമായി സംസാരിക്കും, രാത്രിയില്‍ മനുഷ്യരെ ബോംബ് വച്ച് കൊല്ലും'; പുടിനെതിരെ രൂക്ഷ വിമര്‍ശനവുമായി ട്രംപ്
ട്രംപ് അധികാരമേറ്റതിനുശേഷം, യുക്രൈനും റഷ്യയും തമ്മിൽ വെടിനിർത്തൽ കരാർ ഉണ്ടാക്കുന്നതിനായി പ്രവർത്തിച്ചു
വാഷിംഗ്ടൺ: റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം കൂടുതൽ വഷളാകുന്നതിനിടെ റഷ്യൻ പ്രസിഡന്‍റ് വ്ളാദിമാര്‍ പുടിനോടുള്ള തന്‍റെ അതൃപ്തി വീണ്ടും പരസ്യമാക്കി യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ട്രംപ് അധികാരമേറ്റതിനുശേഷം, യുക്രൈനും റഷ്യയും തമ്മിൽ വെടിനിർത്തൽ കരാർ ഉണ്ടാക്കുന്നതിനായി പ്രവർത്തിച്ചു.എന്നാൽ വെടിനിര്‍ത്തലിന്‍റെ ഒരു സൂചനയും ഇതുവരെ കണ്ടിട്ടില്ല. മാത്രമല്ല ഇരുരാജ്യങ്ങളും തമ്മിൽ അനുദിനം ആക്രമണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതാണ് ട്രംപിനെ പ്രകോപിതനാക്കുന്നത്. "പുടിൻ ഒരുപാട് ആളുകളെ അത്ഭുതപ്പെടുത്തി. അദ്ദേഹം പകൽ നന്നായി സംസാരിക്കുകയും രാത്രി എല്ലാവരെയും ആക്രമിക്കുകയും ചെയ്യുന്നു. പുടിനെക്കുറിച്ച് എനിക്ക് വളരെ നിരാശയുണ്ട്, അദ്ദേഹം പറഞ്ഞ വാക്ക് പാലിക്കുന്ന ഒരാളാണെന്ന് ഞാന്‍ കരുതി. അദ്ദേഹം വളരെ മനോഹരമായി സംസാരിക്കും, പിന്നീട് രാത്രിയില്‍ ആളുകളെ ബോംബ് വയ്ക്കും. എനിക്ക് അത് ഇഷ്ടമല്ല'' ട്രംപ് വ്യക്തമാക്കി. യുദ്ധം രൂക്ഷമാകുമ്പോൾ യുക്രൈനിലേക്ക് അമേരിക്ക പാട്രിയറ്റ് മിസൈലുകൾ അയക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന്‍റെ പരാമർശം.'വളരെ സങ്കീര്‍ണമായ സൈനിക ഉപകരണങ്ങളുടെ വിവിധ ഭാഗങ്ങള്‍ കൈവിന് ലഭിക്കുമെന്ന് ട്രംപ് പറഞ്ഞു, 'അവര്‍ അതിന് 100% പണം നല്‍കുമെന്നും ടംപ് പറഞ്ഞു.
യുക്രൈൻ കരാറുമായി ബന്ധപ്പെട്ട് വാഷിംഗ്ടണിനെതിരെ പുടിൻ അപമാനകരമായ പ്രസ്താവന നടത്തിയെന്ന് യുഎസ് പ്രസിഡന്‍റ് കഴിഞ്ഞ ആഴ്ച ആരോപിച്ചിരുന്നു. യുക്രൈൻ യുദ്ധം നാലാം വര്‍ഷത്തിലേക്ക് കടക്കുമ്പോൾ മോസ്കോയ്ക്കെതിരായ ഉപരോധങ്ങൾ വര്‍ധിപ്പിക്കുമെന്ന് ട്രംപ് റഷ്യക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെടിനിർത്തൽ ഉറപ്പാക്കുന്നതിൽ നിലവിൽ ഒരു പുരോഗതിയും കൈവരിക്കാത്ത ട്രംപ്, റഷ്യ-യുക്രൈൻ യുദ്ധം ഒരു ദിവസം കൊണ്ട് അവസാനിപ്പിക്കാൻ കഴിയുമെന്ന് നേരത്തെ അവകാശപ്പെട്ടിരുന്നു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും സത്യപ്രതിജ്ഞയ്ക്ക് ശേഷവും തന്‍റെ മുൻഗാമികളായ ജോ ബൈഡൻ, കമല ഹാരിസ് എന്നിവരുടെയും യൂറോപ്യൻ എതിരാളികളുടെയും മുന്നറിയിപ്പ് അവഗണിച്ച് പുടിൻ തന്‍റെ വാക്കുകൾ കേൾക്കുമെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു.
50 ദിവസത്തിനുള്ളിൽ യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാൻ ഒരു കരാറിൽ എത്തിയില്ലെങ്കിൽ റഷ്യക്ക് മേൽ കനത്ത തീരുവകൾ ചുമത്തുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 'യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ 50 ദിവസത്തിനുള്ളില്‍ ധാരണയിലെത്തുന്നില്ലെങ്കില്‍ റഷ്യയ്ക്കുമേല്‍ കനത്ത തീരുവകള്‍ ചുമത്തും. ഞാന്‍ പല കാര്യങ്ങള്‍ക്കും വ്യാപാരം ഉപയോഗിക്കുന്നു. എന്നാല്‍ യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ അത് വളരെ നല്ലതാണ്.' ട്രംപ് പറഞ്ഞു.