താൻസാനിയൻ തെരഞ്ഞെടുപ്പിൽ ജയം തൂത്തുവാരി സാമിയ: രണ്ടാമതും പ്രസിഡന്റ് പദത്തിലേക്ക്
തെരഞ്ഞെടുപ്പിൽ തട്ടിപ്പ് ആരോപിച്ച് വലതുപക്ഷ പാര്‍ട്ടിയായ 'ചാദെമെ'
സാമിയ സുലുഹു ഹസന്‍ Photo- Reuters
ദൊദോമ: ആഫ്രിക്കൻ രാജ്യമായ താൻസാനിയയിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സാമിയ സുലുഹു ഹസന്‍ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ പോൾ ചെയ്ത 3.2 കോടി വോട്ടുകളിൽ 98ശതമാനം വോട്ടുകളും സാമിയ നേടി.
രാജ്യത്തെ രജിസ്റ്റർ ചെയ്ത 37.6 ദശലക്ഷം വോട്ടർമാരിൽ 87ശതമാനത്തോളം പോളിങ് രേഖപ്പെടുത്തിയതായി ഇലക്ടറൽ മേധാവി പറഞ്ഞു. താൻസാനിയയിലെ സോഷ്യലിസ്റ്റ് ചായ്‍വുള്ള പ്രബല പാർട്ടിയായ ‘ചാമ ചാ മാപിന്ദുസി’ (സിസിഎം)യുടെ കീഴിലാണ് സാമിയ ജനവിധി തേടിയത്.
തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളം പൊട്ടിപ്പുറപ്പെട്ട അശാന്തി ദിവസങ്ങളോളം നീണ്ടുനിന്നു. ഇതിനിടയിലാണ് രണ്ടാമതും അവർ അധികാരത്തിൽ വരുന്നത്. തെരഞ്ഞെടുപ്പിൽ തട്ടിപ്പ് ആരോപിച്ച് വലതുപക്ഷ പാര്‍ട്ടിയായ 'ചാദെമെ' രംഗത്തുവന്നു.
തെരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ പ്രകടനക്കാർ തെരുവിലിറങ്ങി സാമിയയുടെ പോസ്റ്ററുകൾ നശിപ്പിച്ചു. സംഘര്‍ഷം അവസാനിപ്പിക്കാനുള്ള സൈനിക മേധാവിയുടെ മുന്നറിയിപ്പുകൾ അവഗണിച്ച് പൊലീസിനെയും പോളിങ് സ്റ്റേഷനുകളെയും ആക്രമിക്കുകയും ചെയ്തിരുന്നു. 700 റോളം പേർ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
തെരഞ്ഞെടുപ്പ് അന്യായമാണെന്ന് അപലപിച്ച യുവ പ്രതിഷേധക്കാരാണ് പ്രകടനങ്ങൾക്ക് നേതൃത്വം നൽകുന്നത്. എന്നാൽ, ആരോപണങ്ങൾ സർക്കാർ നിരസിച്ചു. തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.