ചെവിയിലൂടെ വെടിയുണ്ട തുളച്ചുപോകുന്നതിന്റെ ചിത്രം പുറത്ത്; ട്രംപ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ന്യൂയോർക്ക് ടൈംസിന്റെ ഫോട്ടോഗ്രാഫർ ഡഗ് മിൽസാണ് ചിത്രം പകർത്തിയത്

Update: 2024-07-14 07:49 GMT

പെനിസൽവാലിയ: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വെടിയേറ്റ വാർത്ത ലോകം ഞെട്ടലോടെയാണ് കേട്ടത്. ശനിയാഴ്ച വൈകീട്ട് പെനിസൽവാലിയിലെ റാലിക്കിടയിലാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായ ട്രംപിന് നേരെ ആക്രമണമുണ്ടായത്. വെടിയുണ്ട ട്രംപിന്റെ ചെവി തുളച്ചുപോകുന്നതിന്റെ ചിത്രം പുറത്തുവന്നിട്ടുണ്ട്. ന്യൂയോർക്ക് ടൈംസിന്റെ മുതിർന്ന ഫോട്ടോഗ്രാഫർ ഡഗ് മിൽസാണ് ചിത്രം പകർത്തിയിരിക്കുന്നത്. ചെവി തുളച്ച​ശേഷം വെടിയുണ്ട പോകുന്നതും അടുത്ത നിമിഷം ട്രംപ് ചെവിയിൽ തൊടുന്നതും ചോരയൊലിക്കുന്നതുമെല്ലാം അദ്ദേഹത്തിന്റെ കാമറ ഒപ്പിയെടുത്തിട്ടുണ്ട്. ട്രംപ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ഈ ചിത്രം വ്യക്തമാക്കുന്നു.

Advertising
Advertising

ട്രംപ് സംസാരിക്കുന്നതിന്റെ രണ്ടടി മുന്നിലായി താഴെയാണ് ഡഗ് മിൽസ് നിന്നിരുന്നത്. ഇദ്ദേഹത്തോടൊപ്പം മറ്റു മൂന്ന് ഫേ​ാട്ടോഗ്രാഫർമാരും ഉണ്ടായിരുന്നു. പെട്ടെന്നാണ് മൂന്നോ നാലോ ശബ്ദങ്ങൾ ഉയർന്നതെന്ന് ഡഗ് മിൽസ് പറയുന്നു. ആദ്യം അതൊരു കാറാണെന്നാണ് കരുതിയത്. പിന്നെയാണ് വെടിയൊച്ചായാണെന്ന് മനസ്സിലായത്. ഉടൻ തന്നെ ഫോട്ടോയെടുക്കാൻ ആരംഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെടിയുണ്ട ട്രംപിന്റെ ചെവി തുളച്ചശേഷമുള്ള ചിത്രമാണിതെന്ന് മുൻ എഫ്.ബി.ഐ സ്​പെഷൽ ഏജന്റ് മൈക്കൽ ഹാരിഗൻ പറഞ്ഞു.

 1983 മുതൽ ഡഗ് മിൽസ് അമേരിക്കൻ പ്രസിഡന്റുമാരുടെ ചിത്രങ്ങൾ പകർത്തുന്നുണ്ട്. 2002ലാണ് ന്യൂയോർക്ക് ടൈംസിന്റെ ഭാഗമാകുന്നത്. അതിന് മുമ്പ് അസോസിയേറ്റഡ് പ്രസിന്റെ ഭാഗമായിരുന്നു. ഈ സമയത്ത് രണ്ട് തവണ പുലിസ്റ്റർ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. മുൻ പ്രസിഡന്റുമാരായ ജോർജ് ബുഷിന്റെയും ബിൽ ക്ലിന്റന്റെയും ​ബറാക്ക് ഒബാമയുടെയുമെല്ലാം അപൂർവ ചിത്രങ്ങൾ ഇദ്ദേഹം പകർത്തിയിട്ടുണ്ട്.

അതേസമയം, ട്രംപിന്റെ നെഞ്ചിന് നേരെയും വെടിയേറ്റെന്നും ബുള്ളറ്റ്പ്രൂഫ് ജാക്കറ്റ് ധരിച്ചതിനാൽ രക്ഷ​പ്പെട്ടെന്നുമുള്ള ​പ്രചാരണവും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, ഇതിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല.

ട്രംപിനെ വെടിവെച്ചയാളെ സുരക്ഷാസേന സംഭവസ്ഥലത്തുവെച്ച് തന്നെ വെടിവെച്ച് കൊലപ്പെടുത്തി. 20കാരനായ തോമസ് മാത്യു ക്രൂക്ക്സ് ആണ് വെടിവെച്ചതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരു കെട്ടിടത്തിന്റെ മുകളിൽനിന്നാണ് ഇയാൾ​ വെടിവെച്ചത്. ഇയാളുടെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. 

ചിത്രം പകർത്തിയ ഡഗ് മിൽസ്

 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News