നൊബേല്‍ ജേതാവ് മുഹമ്മദ് യൂനസ് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്‍റെ മുഖ്യ ഉപദേഷ്ടാവ് ; വിദ്യാര്‍ഥികളുടെ ആവശ്യം അംഗീകരിച്ചു

ഇടക്കാല സര്‍ക്കാരിനുള്ള ഒരു ചട്ടക്കൂട് 24 മണിക്കൂറിനുള്ളില്‍ പ്രഖ്യാപിക്കാനാണ് ഉദ്ദേശിച്ചിരുന്നത്

Update: 2024-08-06 08:22 GMT
Editor : Jaisy Thomas | By : Web Desk

ധാക്ക: ബംഗ്ലാദേശില്‍ ശൈഖ് ഹസീനയുടെ രാജിയെ തുടര്‍ന്ന് രൂപീകരിക്കുന്ന ഇടക്കാല സര്‍ക്കാരിനെ നൊബേല്‍ സമ്മാന ജേതാവ് പ്രൊഫസര്‍ മുഹമ്മദ് യൂനുസ് നയിക്കും. യൂനുസ് ഇടക്കാല സര്‍ക്കാരിന്‍റെ മുഖ്യ ഉപദേഷ്ടാവാകുമെന്നും വിവേചന വിരുദ്ധ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്‍റെ ആവശ്യം അംഗീകരിച്ചതായും സംഘാടകര്‍ അറിയിച്ചു.

വിവേചന വിരുദ്ധ വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ കോർഡിനേറ്റർമാരിൽ ഒരാളായ നഹിദ് ഇസ്‍ലാം ചൊവ്വാഴ്ച രാവിലെ സമൂഹമാധ്യമത്തില്‍ പങ്കുവച്ച വീഡിയോയിലൂടെ രൂപരേഖയെക്കുറിച്ച് പറഞ്ഞു. രാജ്യത്തെ രക്ഷിക്കുന്നതിനായി വിദ്യാര്‍ഥി സമൂഹത്തിന്‍റെ ആവശ്യത്തെത്തുടര്‍ന്നാണ് ഈ നിര്‍ണായക ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ യൂനുസ് സമ്മതിച്ചതെന്ന് കോര്‍ഡിനേറ്റര്‍മാര്‍ പറഞ്ഞു. ഇടക്കാല സര്‍ക്കാരിനുള്ള ഒരു ചട്ടക്കൂട് 24 മണിക്കൂറിനുള്ളില്‍ പ്രഖ്യാപിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ഉടന്‍ പ്രഖ്യാപനം നടത്തുന്നതെന്ന് നഹിദ് കൂട്ടിച്ചേര്‍ത്തു. വിദ്യാർഥികളുടെ ആഹ്വാനപ്രകാരം ബംഗ്ലാദേശിനെ സംരക്ഷിക്കുന്നതിനുള്ള ഈ സുപ്രധാന ഉത്തരവാദിത്തം ഏറ്റെടുക്കാൻ പ്രൊഫ.യൂനുസ് സമ്മതിച്ചതായും അദ്ദേഹം വ്യക്തമാക്കി.

Advertising
Advertising

ഇടക്കാല സര്‍ക്കാരിലെ മറ്റ് അംഗങ്ങളെക്കുറിച്ച് ഉടന്‍ പ്രഖ്യാപിക്കുമെന്നും നഹിദ് പറഞ്ഞു. ''ഇടക്കാല സർക്കാർ രൂപീകരിക്കുന്നത് വരെ സ്വാതന്ത്ര്യസ്‌നേഹികളായ വിദ്യാർഥികൾ തെരുവിൽ നിന്ന് പ്രതിരോധിക്കും.അവർ രക്തം നൽകി, രക്തസാക്ഷികളായി. ഒരു പുതിയ ബംഗ്ലാദേശ് കെട്ടിപ്പടുക്കുമെന്ന വാഗ്ദാനം അവർ നിറവേറ്റും. തീർച്ചയായും, വിദ്യാർത്ഥികൾ നിർദ്ദേശിച്ച സർക്കാർ അല്ലാതെ മറ്റൊരു സര്‍ക്കാരിനെയും അംഗീകരിക്കില്ല. മുഹമ്മദ് യൂനുസ് മുഖ്യ ഉപദേഷ്ടാവായിട്ടായിരിക്കും ഈ സർക്കാർ രൂപീകരിക്കുക. സർക്കാർ ഉടൻ നിലവില്‍ വരും'' നഹിദ് ഇസ്‍ലാം വ്യക്തമാക്കി.

വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് ശൈഖ് ഹസീന രാജിവച്ചതിനു പിന്നാലെയാണ് ഇടക്കാല സർക്കാർ രൂപീകരിക്കാനുള്ള നടപടികൾ ആരംഭിച്ചത്. 'പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവച്ചു. ഞങ്ങൾ ഇടക്കാല സർക്കാർ രൂപീകരിച്ച് പ്രവർത്തിക്കും. ക്ഷമയോടെ കാത്തിരിക്കൂ, സമയം തരൂ.' എന്നായിരുന്നു ഹസീനയുടെ രാജിക്ക് പിന്നാലെ കരസേനാ മേധാവി ജനറൽ വഖാർ-ഉസ്-സമാൻ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞത്.

അതേസമയം കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയ ശൈഖ് ഹസീന് രാജ്യത്ത് തുടരുകയാണ്. യുപി ഗാസിയാബാദിലെ വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള ഹിൻഡൻ എയർബേസിലാണ് ഹസീന തങ്ങുന്നത്. ഇന്നലെ വൈകുന്നേരം ഹിൻഡൻ എയർബേസിലെത്തിയ ശൈഖ് ഹസീന, ലണ്ടനിൽ രാഷ്ട്രീയ അഭയം നേടുന്നതിനുള്ള ചർച്ച തുടരുകയാണ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഉൾപ്പെടയുള്ളവർ ഹസീനയുമായി കൂടിക്കാഴ്ച നടത്തി. ബംഗ്ലാദേശിൽ ഇന്ദിര ഗാന്ധി കൾച്ചറൽ സെന്‍റര്‍ അടക്കം പ്രക്ഷോഭകാരികൾ അടിച്ചു തകർത്ത സാഹചര്യത്തിൽ , വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിൽ പ്രതിപക്ഷ എം.പിമാർ അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകി . രാജ്യസഭയിൽ കോൺഗ്രസ് അംഗം മനീഷ് തിവാരിയും രാജ്യസഭയിൽ രാജീവ് ശുക്ലയും നോട്ടീസ് നൽകി. സ്ഥിതിഗതികൾ എം.പിമാരെ ധരിപ്പിക്കാനായി കേന്ദ്രം സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്.

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News