Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
റോം: ഇറ്റലിയുടെ തലസ്ഥാന നഗരമായ റോമിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏഴ് ലോക മഹാത്ഭുതങ്ങളിൽ ഒന്നാണ് കൊളോസിയം. ഇതുവരെ നിർമിച്ചതിൽ വച്ച് ഏറ്റവും പുരാതനമായതും ലോകത്തിലെ ഏറ്റവും വലിയ സ്റ്റാൻഡിംഗ് ആംഫിതിയേറ്ററുമാണിത്. എന്നാൽ കൊളോസിയത്തിന് ഒരു ഇരുണ്ടകാലത്തിന്റെ കൂടി ചരിത്രം പറയാനുണ്ട്. കൊളോസിയത്തിൽ നടന്ന പരിപാടികളിൽ ഏകദേശം അഞ്ച് ലക്ഷം മനുഷ്യരും പത്ത് ലക്ഷം മൃഗങ്ങളും കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു.
റോമൻ കൊളോസിയത്തിൽ മനുഷ്യരെയും മൃഗങ്ങളെയും പോരടിക്കാൻ വിടുന്നത് ഒരു പൊതു വിനോദമായിരുന്ന കാലമുണ്ടായിരുന്നു. ഈ രക്തരൂക്ഷിതമായ പോരാട്ടം കാണാൻ ഏകദേശം 80,000ത്തിലധികം ആളുകളെ ഉൾക്കൊള്ളാനുള്ള സൗകര്യവും ഇവിടെയുണ്ടായിരുന്നു. മാത്രമല്ല കൊളോസിയത്തിന് താഴെയുള്ള അറകളിലാണ് പോരാട്ടത്തിന് ഇറങ്ങുന്ന മനുഷ്യരെയും മൃഗങ്ങളെയും താമസിപ്പിച്ചിരുന്നത്. മനുഷ്യന്മാരെ സ്റ്റേഡിയത്തിന്റെ നടുക്ക് നിർത്തി സിംഹത്തിനെയോ കടുവയെയൊ അങ്ങോട്ടേക്ക് തുറന്നുവിടുന്നു. നിമിഷം നേരം കൊണ്ട് മൃഗങ്ങൾ മനുഷ്യരെ ആക്രമിച്ച് കൊലപ്പെടുത്തുന്നു. ഇങ്ങനെ മൃഗങ്ങൾ മനുഷ്യരെ ആക്രമിച്ച് കൊലപ്പെടുത്തുന്നത് കണ്ട് ആസ്വദിക്കുന്നതിന് വേണ്ടിയാണ് അവിടെ ആളുകൾ തടിച്ചു കൂടുന്നത്. ചോരയുടെ ഗന്ധം തളംകെട്ടി നിൽക്കുന്ന മതിലുകളാണ് കൊളോസിയത്തിനുള്ളത്. ഇതിന് പുറമെ പരസ്യ വധശിക്ഷകൾക്കും ഇവിടം വേദിയായിരുന്നു.
റോമാ സാമ്രാജ്യം ഭരിച്ചിരുന്ന ചക്രവർത്തിമാരാണ് ഈ കൊളോസിയം പണിക്കഴിപ്പിച്ചത്. പത്ത് വർഷമെടുത്ത് നിർമിച്ച കൊളോസിയത്തിന്റെ ഭൂരിഭാഗവും ജൂഡിയ പ്രവിശ്യയിൽ നിന്നുള്ള അടിമകളെ ഉപയോഗിച്ചാണ് നിർമിച്ചത്. കൊളോസിയത്തിലെ പരിപാടികളിൽ പങ്കെടുക്കുന്നത് തീർത്തും സൗജന്യമായിരുന്നു. എന്നാൽ സ്ത്രീകൾക്കും അടിമകൾക്കും ഏറ്റവും മോശം കാഴ്ചകളുള്ള ഇരിപ്പിടങ്ങൾ നൽകിയപ്പോൾ ഉയർന്ന സാമൂഹിക സാമ്പത്തിക പദവിയുള്ളവർക്ക് മികച്ച ഇരിപ്പിടങ്ങൾ നൽകി. വെസ്പാസിയൻ ചക്രവർത്തിയുടെയും അദ്ദേഹത്തിന്റെ മക്കളായ ടൈറ്റസിന്റെയും ഡൊമിഷ്യന്റെയും രാജവംശത്തിന്റെ പേരായ ഫ്ലേവിയൻ ആംഫിതിയേറ്റർ എന്നായിരുന്നു കൊളോസിയത്തിന്റെ ആദ്യത്തെ പേര്.
കൊളോസിയത്തിലുള്ള താൽപ്പര്യത്തിന് കൊമോഡസ് ചക്രവർത്തി കുപ്രസിദ്ധനായിരുന്നു. സമപ്രായക്കാരിൽ നിന്ന് വ്യത്യസ്തനായി യുവ ചക്രവർത്തി സ്വയം ഒരു ഗ്ലാഡിയേറ്ററായി കളത്തിലിറങ്ങി. 700ലധികം വ്യത്യസ്ത അവസരങ്ങളിൽ കൊമോഡസ് കൊളോസിയത്തിൽ യുദ്ധം ചെയ്തതായി ചില സ്രോതസുകൾ പറയുന്നു. കൊളോസിയത്തിൽ സിംഹങ്ങളോട് യുദ്ധം ചെയ്ത് കൊല്ലുക എന്നതായിരുന്നു കൊമോഡസിന്റെ പ്രിയപ്പെട്ട പ്രവർത്തനങ്ങളിലൊന്ന്. ജനക്കൂട്ടത്തിന്റെ ആരാധനയ്ക്കായി അദേഹം സിംഹങ്ങളെ തന്റെ കാൽക്കൽ കിടത്തുമായിരുന്നു. ശക്തനായ സിംഹത്തിന്റെ പ്രതീകമായ ഹെർക്കുലീസിന്റെ റോമൻ അവതാരമാണ് താനെന്ന് കൊമോഡസ് കരുതിയിരുന്നു.
കൊളോസിയം സജീവമായ വർഷങ്ങളിൽ അഞ്ച് ലക്ഷത്തിലധികം ആളുകളും ഒരു ദശലക്ഷത്തിലധികം മൃഗങ്ങളും ഗ്ലാഡിയേറ്റർ മത്സരങ്ങൾ, പരസ്യ വധശിക്ഷകൾ, വേട്ടകൾ (വെനേഷനുകൾ) എന്നിവയിൽ കൊല്ലപ്പെട്ടിട്ടുണ്ട്. സിംഹങ്ങൾ, കരടികൾ, ആനകൾ തുടങ്ങിയ വിദേശ ജീവികൾ പരസ്പരം പോരടിക്കുകയോ വേട്ടയാടപ്പെടുകയോ ചെയ്യുന്നത് റോമാക്കാർ ആസ്വദിച്ചതിനാൽ മൃഗങ്ങളുടെ മരണനിരക്ക് മനുഷ്യ മരണത്തേക്കാൾ വളരെ കൂടുതലായിരുന്നു.