'ഞങ്ങളുടെ മുറിവിൽ ഉപ്പ് പുരട്ടിയതുപോലെ'; ഇന്ത്യൻ മാധ്യമങ്ങൾ തീവ്രവാദിയായി ചിത്രീകരിച്ച കൊല്ലപ്പെട്ട കശ്മീരിയുടെ കുടുംബം പറയുന്നു

കശ്മീരിൽ പാകിസ്താൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട മുസ്ലിം അധ്യാപകനായ ഖാരി മുഹമ്മദ് ഇഖ്ബാലിനെയാണ് ദേശീയ മാധ്യമങ്ങൾ തീവ്രവാദിയായി അവതരിപ്പിച്ചത്

Update: 2025-05-15 06:51 GMT
Editor : സനു ഹദീബ | By : Web Desk

ശ്രീനഗർ: പാകിസ്താൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട മുസ്ലിം അധ്യാപകനെ ഇന്ത്യൻ മാധ്യമങ്ങൾ തീവ്രവാദിയായി ചിത്രീകരിച്ച സംഭവം തങ്ങളെ തകർത്തുകളഞ്ഞുവെന്ന് ഖാരി മുഹമ്മദ് ഇഖ്ബാലിന്റെ കുടുംബം. തീവ്രവാദം അതിന്റെ ഉച്ചസ്ഥായിയിൽ ആയിരുന്നപ്പോഴും തങ്ങൾ ഇന്ത്യൻ സൈന്യത്തോടൊപ്പം നിന്നു. പാക്സിതാൻ നടത്തിയ ആക്രമണത്തിലാണ് ഖാരി കൊല്ലപ്പെട്ടത്. പക്ഷെ ഇന്ത്യൻ മാധ്യമങ്ങൾ അദ്ദേഹത്തെ തീവ്രവാദിയായി ചിത്രീകരിച്ചു. ഞങ്ങളുടെ മുറിവിൽ ഉപ്പ് പുരട്ടിയതുപോലെയായിരുന്നു അത്, ഖാരിയുടെ കുടുംബം ദേശീയ മാധ്യമമായ ന്യൂസ് ലോണ്ടറിയോട് പറയുന്നു.

Advertising
Advertising

കശ്മീരിൽ പാകിസ്താൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട മുസ്ലിം അധ്യാപകനായ ഖാരി മുഹമ്മദ് ഇഖ്ബാലിനെയാണ് ദേശീയ മാധ്യമങ്ങൾ തീവ്രവാദിയായി അവതരിപ്പിച്ചത്. ന്യൂസ് 18, സീ ന്യൂസ്, റിപ്പബ്ലിക് ടിവി എന്നിവയുൾപ്പെടെ നിരവധി ദേശീയ വാർത്താ ചാനലുകളാണ് ഇത്തരത്തിൽ തെറ്റായ വാർത്തകൾ പുറത്ത് വിട്ടത്. വാർത്തകൾ അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് പൂഞ്ച് ജില്ലാ പൊലീസ് പ്രസ്താവന പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ചാനലുകൾ വാർത്ത പിൻവലിക്കാൻ തയ്യാറായത്.

പൂഞ്ചിലെ തഹസിൽ മണ്ഡിയിലെ വില്ലേജ് ബൈല സ്വദേശിയാണ് 46 കാരനായ ഖാരി മുഹമ്മദ് ഇഖ്ബാൽ. പൂഞ്ച് നഗരത്തിലെ മദ്രസ സിയാ-ഉൽ-ഉലൂമിൽ ഈ മാസം 7 ന് പാകിസ്താൻ നടത്തിയ അതിർത്തി കടന്നുള്ള ഷെല്ലാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഖാരിയുടെ മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു. ഇന്ത്യ-പാക് സംഘർഷാവസ്ഥ നിലനിൽക്കുമ്പോഴും നിരവധി പേരാണ് ഖാരിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായി അന്നേദിവസം വീട്ടിലേക്ക് ഒഴുകിയെത്തിയത്. മദ്രസയിലെ കുട്ടികളെ പാക് ഷെല്ലാക്രമണത്തിൽ നിന്ന് രക്ഷിക്കാൻ ബേസ്മെന്റിലേക്ക് മാറ്റാൻ ശ്രമിക്കവെയാണ് ഖാരി കൊല്ലപ്പെട്ടതെന്ന് മദ്രസയുടെ വൈസ് പ്രിൻസിപ്പൽ മൗലാന സയീദ് അഹമ്മദ് ഹബീബ് വ്യക്തമാക്കിയിട്ടുണ്ട്.

പിന്നാലെ തന്നെ ന്യൂസ് 18 ടിവി ലഷ്കർ ഭീകരൻ ഖാരി മുഹമ്മദ് ഇഖ്ബാൽ കൊല്ലപ്പെട്ടുവെന്ന് തരത്തിൽ വാർത്ത കൊടുക്കുകയായിരുന്നു. ഖാരി മുഹമ്മദ് ഇഖ്ബാലിന്റെ ഫോട്ടോയും ഒപ്പം ചാനൽ സംപ്രേക്ഷണം ചെയ്തു.

പുൽവാമ ഉൾപ്പെടെയുള്ള പ്രധാന ഭീകരാക്രമണങ്ങളിൽ ഉൾപ്പെട്ട ലഷ്കർ-ഇ-തൊയ്ബയിലെ മുൻനിര കമാൻഡർ ആണ് ഖാരിയെന്നാണ് റിപ്പബ്ലിക്ക് വേൾഡ് സംപ്രേക്ഷണം ചെയ്ത വിഡിയോയിൽ പറയുന്നത്. "ഓപ്പറേഷൻ സിന്ദൂർ: കോട്‌ലി ക്യാമ്പിൽ തീവ്രവാദി ഖാരി മുഹമ്മദ് ഇഖ്ബാൽ കൊല്ലപ്പെട്ടു|ആരായിരുന്നു ഈ കമാൻഡർ" എന്ന വിഡിയോയും ചാനൽ പുറത്തുവിട്ടിട്ടുണ്ട്.

2025 മെയ് 7 ന് ഇന്ത്യ ആരംഭിച്ച ഓപ്പറേഷൻ സിന്ദൂരിൽ ആണ് ഖാരി കൊല്ലപ്പെട്ടതെന്നും വിഡിയോയിൽ പറയുന്നുണ്ട്. ഖാരി രജൗരിയിൽ നിന്ന് നിയന്ത്രണരേഖയ്ക്ക് 15 കിലോമീറ്റർ അകലെയുള്ള കോട്‌ലി ലഷ്‌കർ ക്യാമ്പിൽ ഒളിച്ചിരിക്കുകയായിരുന്നു. ഇന്ത്യൻ മിസൈലുകൾ ലക്ഷ്യമിട്ട കോട്‌ലി ക്യാമ്പിൽ ഉണ്ടായിരുന്ന 50 ഭീകരരിൽ ഒരാളായിരുന്നു. പുൽവാമ ആക്രമണത്തിന് ശേഷം ഇന്ത്യൻ ഏജൻസികളിൽ നിന്ന് ഒളിച്ച് കഴിയുകയായിരുന്നു തുടങ്ങിയ ഗുരുതരവും തെറ്റായതുമായ വിവരങ്ങൾ വീഡിയോകളിൽ പറയുന്നുണ്ട്. പിന്നാലെ തന്നെ പ്രചരിക്കുന്ന വിവരങ്ങൾ തെറ്റാണെന്ന തരത്തിൽ പൂഞ്ച് പൊലീസ് പ്രസ്താവന പുറത്തിറക്കുകയായിരുന്നു.

"അവകാശവാദങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാനരഹിതവുമാണ്. പൂഞ്ച് നഗരത്തിലെ മദ്രസ സിയാ-ഉൽ-ഉലൂമിൽ പാകിസ്താൻ നടത്തിയ അതിർത്തി കടന്നുള്ള ഷെല്ലാക്രമണത്തെ തുടർന്നാണ് ഖാരി മുഹമ്മദ് ഇഖ്ബാൽ കൊല്ലപ്പെട്ടത്. മരിച്ച മൗലാന മുഹമ്മദ് ഇഖ്ബാൽ പ്രാദേശിക സമൂഹത്തിൽ ആദരണീയനായ ഒരു മതനേതാവായിരുന്നു. ഒരു ഭീകര സംഘടനയുമായും അദ്ദേഹത്തിന് ബന്ധമില്ലായിരുന്നു. ഇത്തരം സെൻസിറ്റീവ് സംഭവങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്യുന്നത് അനാവശ്യമായ പരിഭ്രാന്തി സൃഷ്ടിക്കുക മാത്രമല്ല, മരിച്ചയാളുടെ അന്തസ്സിനെയും ദുഃഖിതരായ കുടുംബത്തിന്റെ വികാരങ്ങളെയും അപമാനിക്കുകയും ചെയ്യുന്നു," പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന ഏതെങ്കിലും മാധ്യമ സ്ഥാപനം, പത്രപ്രവർത്തകൻ അല്ലെങ്കിൽ വ്യക്തി എന്നിവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൂഞ്ച് പൊലീസ് മുന്നറിയിപ്പ് നൽകി. ഖാരിയുടെ മരണത്തിന്റെ ദുഃഖത്തിൽ നിന്ന് കരകയറാൻ ശ്രമിക്കവേ ഇന്ത്യൻ മാധ്യമങ്ങൾ പ്രചരിപ്പിച്ച നുണകൾ തങ്ങളെ തകർത്തു കളഞ്ഞെന്ന് ഖാരിയുടെ കുടുംബം പറയുന്നു.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News