73കാരിയുടെ സിടി സ്കാനിൽ കണ്ടത് 30 വര്‍ഷം പ്രായമുള്ള 'സ്റ്റോൺ ബേബി'യെ; എന്താണ് ലിത്തോപീഡിയൻ ?
2013-ൽ, 82 വയസുള്ള ഒരു കൊളംബിയൻ സ്ത്രീയിലും സമാനമായ രീതിയിൽ സ്റ്റോൺ ബേബിയെ കണ്ടെത്തിയിരുന്നു
ലിത്തോപീഡിയൻ എന്ന് കേട്ടിട്ടുണ്ടോ? കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽമീഡിയയിലൂടെ പറന്നുനടക്കുന്ന ഒരു വാക്കാണിത്. 4.8 ദശലക്ഷം ഫോളോവേഴ്‌സുള്ള നോൺ എസ്തറ്റിക് തിംഗ്‌സ് എന്ന എക്‌സ് അക്കൗണ്ട് ബുധനാഴ്ച പങ്കിട്ട ഒരു പോസ്റ്റിൽ നിന്നാണ് ഈ വാക്ക് വീണ്ടും ചര്‍ച്ചയായത്. 73കാരിയുടെ സിടി സ്കാനിന്‍റെ ചിത്രമായിരുന്നു പോസ്റ്റിലുണ്ടായിരുന്നത്. സ്കാനിൽ കല്ല് പ്രതിമ പോലെ ഒരു കുഞ്ഞു ഭ്രൂണത്തെയും കാണാം. 30 വര്‍ഷം പ്രായമുള്ളതായിരുന്നു ഈ ഭ്രൂണം.
ഗർഭസ്ഥ ശിശു ഗർഭാശയത്തിൽ വച്ച് മരിക്കുകയും ജീവൻ നഷ്ടമായ ഭ്രൂണം പിന്നീട് കാൽസ്യ നിക്ഷേപം സംഭവിച്ച് കല്ലിന് സമാനമാകുന്ന അവസ്ഥയാണ് 'സ്‌റ്റോൺ ബേബി'. കല്ലിന് സമാനമാകുന്ന ഭ്രൂണം 'ലിത്തോപീഡിയൻ' എന്ന് അറിയപ്പെടുന്നത്. അപൂർവങ്ങളിൽ അപൂർവമായ അവസ്ഥയാണ് ഇതെന്ന് ഡോക്ടർമാർ പറയുന്നു. ഫോട്ടോ കണ്ടതോടെ ഇത് വ്യാജമാണോ എന്നായിരുന്നു നെറ്റിസൺസിന്‍റെ സംശയം. ഇത്രയും കാലം എങ്ങനെയാണ് ജീവനറ്റ ഭ്രൂണത്തെ ആ സ്ത്രീ ചുമന്നതെന്നും അസ്വസ്ഥത തോന്നിയില്ലേ എന്നും ഒരാൾ ട്വീറ്റ് ചെയ്തു.
2013-ൽ, 82 വയസുള്ള ഒരു കൊളംബിയൻ സ്ത്രീയിലും സമാനമായ രീതിയിൽ സ്റ്റോൺ ബേബിയെ കണ്ടെത്തിയിരുന്നു. ഏകദേശം 40 വര്‍ഷം പഴക്കമുള്ളതായിരുന്നു ഈ ഭ്രൂണം. വയറുവേദനയെ തുടര്‍ന്നാണ് ഇവര്‍ ഡോക്ടറെ സമീപിച്ചത്. വളരെ അപൂര്‍വമായ അവസ്ഥയാണിതെന്നും വൈദ്യശാസ്ത്രത്തിന്‍റെ ചരിത്രത്തിൽ ഏകദേശം 300 തവണ മാത്രമേ ഇത് സംഭവിച്ചിട്ടുള്ളുവെന്നും ക്ലീവ്‌ലാൻഡിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽസ് കേസ് മെഡിക്കൽ സെന്‍ററിലെ ഡോ. കിം ഗാർസി പറഞ്ഞു. ഗർഭാശയത്തിലല്ല, അടിവയറ്റിലാണ് ഗർഭം രൂപപ്പെടുമ്പോൾ ലിത്തോപീഡിയൻ ഉണ്ടാകുന്നതെന്ന് ഡോ. ഗാർസി വിശദീകരിച്ചു.
കഴിഞ്ഞ വര്‍ഷം 56 വർഷം പഴക്കമുള്ള ഭ്രൂണം വയറിൽ നിന്ന് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായ 81 കാരി മരിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. . ബ്രസീലിയൻ സ്വദേശിയായ ഡാനിയേല വെറ ആണ് മരിച്ചത്. ഏഴുകുട്ടികളുടെ അമ്മയാണ് മരിച്ച ഡാനിയേല. എന്നാൽ തന്റെ വയറ്റിൽ ഒരു ഭ്രൂണമുണ്ടെന്ന കാര്യം അവർ അറിഞ്ഞിരുന്നില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പലപ്പോഴായി വയറുവേദന അനുഭവപ്പെടുകയും നിരവധി തവണ ഡോക്ടർമാരെ കാണിക്കുകയും ചെയ്തിരുന്നു. എന്നാൽ അവര്‍ക്കാര്‍ക്കും ഡാനിയേലയുടെ വയറ്റിലെ ജീവനില്ലാത്ത ഭ്രൂണത്തെ കണ്ടെത്താനായില്ല.
അതിനിടെയാണ് അവർക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടത്. ചികിത്സ തേടിയപ്പോഴും ഭ്രൂണത്തെക്കുറിച്ച് യാതൊരു സൂചനയും ഡോക്ടർമാർക്ക് കണ്ടെത്താനായില്ല. പകരം അണുബാധക്കുള്ള മരുന്നാണ് അവർക്ക് നൽകിയിരുന്നത്. തുടർന്ന് നടത്തിയ സ്‌കാനിങ്ങിലാണ് ഇവരുടെ വയറ്റിൽ അഞ്ചു പതിറ്റാണ്ട് പഴക്കമുള്ള ഭ്രൂണമുണ്ടെന്ന് (സ്റ്റോൺ ബേബി) കണ്ടെത്തിയത്.
This CT scan belongs to a 73 year old Woman in whom doctors discovered a 30 year old calcified fetus pic.twitter.com/R5Iu8SlTqL
— non aesthetic things (@PicturesFoIder) June 24, 2025