ലോകത്തെ ഏറ്റവും അപകടം പിടിച്ച ട്രെയിൻ യാത്രയിതാണ്;ഇരിപ്പിടമില്ല,മേൽക്കൂരയില്ല,നോൺ സ്റ്റോപ്പായി ഓടുന്നത് 704 കിലോമീറ്റർ
നാല് എഞ്ചിനുകൾ 200 കോച്ചുകളെ വഹിച്ചുകൊണ്ടോടുന്ന ഈ ട്രെയിൻ ഇരുപത് മണിക്കൂറിനുള്ളിലാണ് 704 കിലോമീറ്റർ ദൂരം പിന്നിടുന്നത്
മൊറിറ്റേനിയ: ദീർഘദൂര ട്രെയിൻ യാത്രകൾ രസകരമാണ്. കാടും മേടും താണ്ടി കുതിച്ച് പായുന്ന ട്രെയിനിൽ കാഴ്ചകൾ ആസ്വദിച്ച് വിശ്രമിച്ചു കൊണ്ടൊരു യാത്ര. ഇതാണ് പലർക്കും ട്രെയിൻ യാത്രകൾ. എന്നാൽ ഇരിപ്പിടങ്ങളോ മേൽക്കൂരയോ എന്തിന് ടോയ്‍ലറ്റോ വെള്ളമോ പോലും ലഭിക്കാത്ത ട്രെയിൻ യാത്രയെ പറ്റി കേട്ടിട്ടുണ്ടോ?
18 മുതൽ 20 മണിക്കൂർ വരെയെടുക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും ഭയാനകമായ ട്രെയിൻ യാത്രയെപ്പറ്റിയാണ് പറയുന്നത്. എവിടെയും നിർത്താതെ മരുഭൂമിയിലൂടെ ചൂടും തണുപ്പും സഹിച്ചു വേണം യാത്ര ചെയ്യാൻ. പകലാണെങ്കിൽ സഹാറ മരുഭൂമിയിലെ 50 ഡിഗ്രിയിലധികം വരുന്ന ചൂടിൽ പൊള്ളിവേണം ദൂരം താണ്ടാൻ. രാത്രിയാണെങ്കിൽ കൊടും തണുപ്പിൽ മരവിച്ചാകും യാത്ര ചെയ്യേണ്ടി വരിക.
ആഫ്രിക്കയിലെ മൊറിറ്റേനിയയുടെ തലസ്ഥാനമായ നുആക്‌ചോട്ടിലേക്കെത്താനുള്ള ഏക മാർഗമാണ് ഈ ട്രെയിൻ. 'മരുഭൂമിയിലേക്കുള്ള ട്രെയിൻ' എന്നു വിളിക്കപ്പെടുന്ന ഈ ട്രെയിൻ യഥാർഥത്തിൽ ചരക്കു വണ്ടിയാണ്. 200 കോച്ചുകളുള്ള ട്രെയിൻ 20 മണിക്കൂറുകൊണ്ട് 704 കിലോമീറ്റർ ദൂരമാണ് ഓടിത്തീർക്കുന്നത്. നാല് എഞ്ചിനുകളാണ് 200 കോച്ചുകളെ വഹിച്ചുകൊണ്ടോടുന്ന ഈ ട്രെയിനിനുള്ളത്. ഒരു കോച്ച് മാത്രമാണ് യാത്രക്കാർക്കായി ഒരുക്കിയിട്ടുള്ളതെങ്കിലും ചരക്ക് കോച്ചുകളിൽ കയറിയാണ് ആളുകളധികവും യാത്ര ചെയ്യാറുള്ളത്.
പശ്ചിമാഫ്രിക്കയിലെ സഹാറ മരുഭൂമിയിലെ ഇരുമ്പ് ഖനികളിൽ നിന്നും ഇരുമ്പയിര് തുറമുഖങ്ങളിലേക്കെത്തിക്കാൻ ആരംഭിച്ചതാണ് ഈ ട്രെയിൻ. പിന്നീട് മറ്റു യാത്രാ മാർഗങ്ങളില്ലാത്ത നാട്ടുകാർ ഈ ട്രെയിനിനെ ആശ്രയിക്കുകയായിരുന്നു. ഒരു ചെലവു പോലുമില്ലാതെ യാത്ര ചെയ്യാമെങ്കിലും അപകട സാധ്യതകൾ ഒരുപാടുണ്ട്. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ ഇരുമ്പയിരിന്റെ മുകളിലിരുന്ന് 20 മണിക്കൂർ ഇടവേളകളില്ലാതെ സഞ്ചരിക്കുക എന്നത് ശ്രമകരമാണെന്നതിൽ സംശയമില്ല. അതിന് പുറമേയാണ് മരുഭൂമിയിലെ മണൽക്കാറ്റും തീവ്രവാദ ഭീഷണികളും. മൊബൈൽ നെറ്റ്വർക്കോ, ആരോഗ്യ സംവിധാനങ്ങളോ ഒന്നും തന്നെയില്ല. സഹായം വേണ്ടി വന്നാൽ മണൽത്തരികളെ നോക്കി കരയാമെന്നല്ലാതെ മറ്റു മാർഗങ്ങളൊന്നുമില്ല.