'നിങ്ങളാണ് യുദ്ധം തുടങ്ങിയത്'; യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കിയെ വിമർശിച്ച് ട്രംപ്
സെലൻസ്കിക്ക് ജനപിന്തുണ കുറവാണെന്നും യുക്രൈനിൽ തെരഞ്ഞെടുപ്പ് വേണമെന്നും ട്രംപ്
ന്യൂയോര്‍ക്ക്: യുക്രൈൻ-റഷ്യ യുദ്ധം തുടങ്ങിയത് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കിയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സെലൻസ്കിക്ക് ജനപിന്തുണ കുറവാണെന്നും യുക്രൈനിൽ തെരഞ്ഞെടുപ്പ് വേണമെന്നും ട്രംപ് പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കാനുള്ള സൗദിയിലെ ചർച്ചയിലേക്ക് ക്ഷണിക്കാത്തതിൽ സെലൻസ്കി ട്രംപിനെ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സെലൻസ്‌കിയെ ഉന്നമിട്ട് ട്രംപിന്റെ പ്രസ്താവന.
യുദ്ധത്തോടുള്ള യുക്രൈന്റെ പ്രതികരണത്തിൽ താൻ നിരാശനാണെന്ന് പറഞ്ഞ ട്രംപ്, യുദ്ധം ആരംഭിച്ചതിന് ആ രാജ്യത്തെ കുറ്റപ്പെടുത്തുകയും ചെയ്തു. 'നിങ്ങളത് ഒരിക്കലും ആരംഭിക്കാൻ പാടില്ലായിരുന്നുവെന്നാണ് ട്രംപ് പറഞ്ഞത്. യുദ്ധ വിരാമവുമായി ബന്ധപ്പെട്ട് യുക്രൈന് നേരത്തെ തന്നെ കരാർ ഉണ്ടാക്കാമായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിൻ്റെ മാർ-എ-ലാഗോ എസ്റ്റേറ്റിൽ നിന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.
അതേസമയം യുക്രൈൻ യുദ്ധത്തിൽ റഷ്യയുടെ വാദങ്ങൾ ഏറ്റെടുക്കുകയാണ് ട്രംപ്. യുദ്ധം തുടങ്ങിയത് റഷ്യയെന്നായിരുന്നു യുഎസിന്റെ മുൻ നിലപാട്. റഷ്യയെ ചെറുത്ത വീരനായകനായും സെലൻസ്കിയെ അമേരിക്ക ആഘോഷിച്ചിരുന്നു. യുദ്ധത്തിന് വേണ്ട എല്ലാ സഹായങ്ങളും യുക്രൈന് നൽകിയത് ബൈഡൻ ഭരണകൂടമായിരുന്നു.
എന്നാല്‍, 'നാറ്റോ'യില്‍ ചേരുമെന്ന് ഭീഷണി മുഴക്കി, സെലൻസ്കിയാണ് യുദ്ധത്തിലേക്ക് വലിച്ചിഴച്ചതെന്നായിരുന്നു പുടിന്റെ നിലപാട്. ഇതാണിപ്പോള്‍ ട്രംപ് ഏറ്റുപിടിക്കുന്നത്. യുക്രൈനിൽ സെലൻസ്കി തെരഞ്ഞെടുക്കപ്പെട്ടത് സുതാര്യമായല്ലെന്നും പുതിയ തെരഞ്ഞെടുപ്പ് വേണമെന്നതും പുടിന്റെ ആവശ്യമാണ്. ഇതേ ആവശ്യവും ഇപ്പോൾ ട്രംപ് ഉന്നയിക്കുന്നു.
''സെലൻസ്കിക്ക് യുക്രൈൻ ജനതക്കിടയിൽ നാല് ശതമാനം റേറ്റിങ് മാത്രമേയുള്ളൂ. അതുകൊണ്ട് യുക്രൈനിൽ തെരഞ്ഞെടുപ്പ് വേണം''- ഇങ്ങനെയായിരുന്നു ട്രംപിന്റെ വാക്കുകള്‍. അതേസമയം യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് സൗദിയിൽ യുഎസുമായി ഇന്നലെ നടന്ന ചർച്ചയിൽ റഷ്യ അറിയിച്ചിരുന്നു. എന്നാല്‍ യുക്രൈനെ ഭാഗമാക്കാത്ത ചർച്ചയിൽ, യൂറോപ്യൻ നേതാക്കളും കടുത്ത അതൃപ്തിയിലാണ്.