ഇറാൻ- ഇസ്രായേൽ സംഘർഷം: യുഎസ് ഇടപെടണോ എന്ന കാര്യത്തിൽ രണ്ടാഴ്ചക്കുള്ളിൽ തീരുമാനമെന്ന് വൈറ്റ് ഹൗസ്
നയതന്ത്ര ചർച്ചാ സാധ്യതകൾക്കിടെ ഇറാനിലും ഇസ്രായേലിലും ആക്രമണം തുടരുകയാണ്
ന്യൂയോർക്ക്: ഇറാനെതിരെ സൈനിക ആക്രമണം നടത്തണോ വേണ്ടയോ എന്ന കാര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കുമെന്ന് വൈറ്റ് ഹൗസ്.
ഇറാനുമായി സമീപഭാവിയിൽ ചർച്ചകൾ നടക്കാനോ നടക്കാതിരിക്കാനോ ഉള്ള സാധ്യത വളരെ കൂടുതലായതിനാൽ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കുമെന്ന് ട്രംപിന്റെ സന്ദേശം ഉദ്ധരിച്ച് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേസമയം നയതന്ത്ര ചർച്ചാ സാധ്യതകൾക്കിടെ ഇറാനിലും ഇസ്രായേലിലും ആക്രമണം തുടരുകയാണ്. രണ്ടാഴ്ച സമയം ട്രംപ് അനുവദിച്ചത് തന്നെ ഇറാന് ചർച്ചക്കുള്ള സാധ്യത ഒരുക്കാനാണെന്നാണ് യുഎസ് വിദേശകാര്യ സെക്രട്ടറി പറയുന്നത്. ഇതിനിടെ ഇന്ന് യൂറോപ്യൻ യൂണിയൻ വിദേശകാര്യമന്ത്രിമാരുമായി ഇറാന്റെ സുപ്രധാന ചർച്ച നടക്കുന്നുണ്ട്. ചർച്ചയിൽ ഇറാന്റെ നിലപാടിനനുസരിച്ച് യുഎസ് തീരുമാനമെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഇന്നു മുതൽ മൂന്ന് ദിനം തുടർച്ചയായി ഇന്റലിജൻസ് വിഭാഗം ഇറാനിലെ സാഹചര്യം ട്രംപിന് വിശദീകരിക്കും. അതേസമയം ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമാകുന്ന പശ്ചാതലത്തിൽ റഷ്യയും ചൈനയും പരസ്പരം സംസാരിച്ച്. ഫോണിലൂടെയാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങും സംസാരിച്ചത്. സംഘര്‍ഷം ലഘൂകരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഇരു നേതാക്കളും വ്യക്തമാക്കി.