'യുഎസിലേക്കുള്ള ലഹരി ഒഴുക്ക് തടയാനൊന്നും ചെയ്യുന്നില്ല': കൊളംബിയൻ പ്രസിഡന്റിന് ഉപരോധമേർപ്പെടുത്തി യുഎസ്
അടിച്ചമർത്തൽ നയമാണ് യുഎസ് പിന്തുടരുന്നതെന്ന് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ
ഗുസ്താവോ പെട്രോ Photo-Reuters
വാഷിങ്ടണ്‍: യുഎസിലേക്കുള്ള ലഹരിമരുന്നിന്റെ ഒഴുക്കുതടയാൻ വിസമ്മതിച്ചുവെന്നാരോപിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയ്ക്ക് ഉപരോധമേർപ്പെടുത്തി യുഎസ്. കൊളംബിയയുടെ ആഭ്യന്തര മന്ത്രി അർമാൻഡോ ബെനഡെറ്റി, പെട്രോയുടെ ഭാര്യ, മൂത്ത മകൻ എന്നിവർക്കെതിരെയും ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാവർക്കും യുഎസിലുള്ള ആസ്തികളും സ്വത്തുക്കളും ഇനി അനുഭവിക്കാനാവില്ല.
വെള്ളിയാഴ്ചയാണ് കൊളംബിയൻ പ്രസിഡൻ്റിനെതിരെ ഉപരോധം ഏർപ്പെടുത്തിയത്. ഇതോടെ അമേരിക്കയും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി. ലഹരിമരുന്ന് നിയന്ത്രണ ബാധ്യതകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടെന്ന് ആരോപിച്ച് പെട്രോയ്‌ക്കുമേൽ സമ്മർദം വർധിപ്പിക്കുന്നതിനിടെയാണ് ഉപരോധം ഏർപ്പെടുത്തിയത്.
പ്രസിഡന്റ് ഗുസ്താവോ പെട്രോ അധികാരത്തിൽ വന്നശേഷം കൊളംബിയയിലെ കൊക്കൈന്‍ ഉത്പാദനം പതിറ്റാണ്ടുകളിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റ് പ്രസ്താവനയിലൂടെ ആരോപിച്ചിരുന്നു.
അതേസമയം ദശാബ്‌ദങ്ങളോളം ലഹരിമരുന്നിനെതിരെ പോരാടുന്ന സർക്കാരാണ് തന്റേതെന്ന് പെട്രോ പ്രതികരിച്ചു. അടിച്ചമര്‍ത്തല്‍ നയമാണ് യുഎസ് പിന്തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരിമരുന്നിന്റെ പേരില്‍ തന്നെയാണ് മറ്റൊരു ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേലയ്ക്കെതിരെയും അമേരിക്ക നീങ്ങുന്നത്. കരീബിയന്‍ കടലിലേക്ക് ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനി കപ്പല്‍ അയച്ചിരിക്കുകയാണ് ട്രംപ് ഭരണകൂടം. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോക്കുള്ള മുന്നറിയിപ്പ് എന്ന നിലയ്ക്കാണ് ഇതിനെ വ്യാഖ്യാനിക്കുന്നത്.