ഇസ്രായേലി കുടിയേറ്റക്കാരുടെ ഉപരോധം നീക്കി ട്രംപ്​; വെസ്​റ്റ്​ ബാങ്കിൽ അക്രമം അഴിച്ചുവിട്ട്​ കുടിയേറ്റക്കാർ

ബൈഡൻ ഭരണകൂടമാണ്​ ഉപരോധം ഏർപ്പെടുത്തിയിരുന്നത്​

Update: 2025-01-21 09:30 GMT

വാഷിങ്​ടൺ: അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രായേലി കുടിയേറ്റക്കാർക്കെതിരായ ഉപരോധം പിൻവലിക്കാനുള്ള ഉത്തരവിൽ യുഎസ് പ്രസിഡൻറ്​ ഡോണാൾഡ് ട്രംപ് ഒപ്പുവച്ചു. തീവ്ര കുടിയേറ്റക്കാർക്ക് നേരെയായിരുന്നു​ ബൈഡൻ ഭരണകൂടം ഉപരോധം ഏർപ്പെടുത്തിയത്​. 2024 ഡിസംബർ വരെ വെസ്റ്റ് ബാങ്കിൽ 33 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു.

ഉത്തരവ്​ പുറത്തുവന്നതിന്​ പിന്നാലെ അധിനിവേശ വെസ്​റ്റ്​ ബാങ്കിൽ കുടിയേറ്റക്കാർ വലിയരീതിയിലുള്ള ആക്രമണം അഴിച്ചുവിട്ടു. സംഘർഷത്തിൽ വീടുകളും വാഹനങ്ങളും അഗ്നിക്കിരയായി. ഇസ്രായേൽ സൈന്യത്തിന്റെ പിന്തുണയോടെയാണ് കുടിയേറ്റക്കാർ ആക്രമണം അഴിച്ചുവിടുന്നതെന്ന് ഫലസ്തീൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Advertising
Advertising

ഇതിന്​ പുറമെ ഇസ്രായേൽ സൈന്യം നിരവധി ഫലസ്​തീനികളെ അറസ്​റ്റ്​ ചെയ്യുന്നുമുണ്ട്​. ഹെബ്രോണിനടുത്തുള്ള ഇദ്‌ന, തുൽക്കരെമിന് സമീപമുള്ള ഷുവെയ്‌ക നഗരങ്ങളിൽനിന്ന്​ 18 പേരെ അറസ്റ്റ് ചെയ്തതായി വഫ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

വെസ്റ്റ് ബാങ്ക് പട്ടണങ്ങളായ അല്ലാർ, സിഡോൺ എന്നിവിടങ്ങളിൽ ഇസ്രായേൽ സൈനിക വാഹനങ്ങൾ റെയ്ഡ് നടത്തി. ഗാസ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം ഇസ്രായേൽ സൈന്യം അധിനിവേശ വെസ്റ്റ്ബാങ്കിൽ സഞ്ചാര നിയന്ത്രണങ്ങളും ശക്തമാക്കിയിട്ടുണ്ട്. അധിനിവേശ വെസ്റ്റ്ബാങ്ക് പട്ടണങ്ങളായ ജിൻസഫുട്ടിലും ഫൻഡൂക്കിലും ഇസ്രായേലി കുടിയേറ്റക്കാർ നടത്തുന്ന ആക്രമണത്തെ ഹമാസ് അപലപിച്ചു. അക്രമത്തെ ചെറുക്കുമെന്നും വ്യക്​തമാക്കി.

അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രയേലി കുടിയേറ്റക്കാർക്കെതിരായ യുഎസ് ഉപരോധം ട്രംപ്​ പിൻവലിച്ചതിനെ മുൻ ഇസ്രായേലി മന്ത്രിമാരായ ഇറ്റാമർ ബെൻഗിവിറും ബെസാലെൽ സ്മോട്രിച്ചും സ്വാഗതം ചെയ്തു. ബൈഡൻ ഭരണകൂടം ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കാനുള്ള യുഎസ് പ്രസിഡൻറ്​ ഡൊണാൾഡ് ട്രംപി​െൻറ​ ചരിത്രപരമായ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു​വെന്ന്​ തീവ്ര വലതുപക്ഷക്കാരനായ ബെൻഗിവിർ ‘എക്‌സി’ലെ പോസ്റ്റിൽ പറഞ്ഞു.

അതേസമയം വെടിനിർത്തലിന് സമ്മർദമുയർത്തിയ അമേരിക്കൻ പ്രസിഡന്റ് ട്രംപുമായി ഹമാസ് ആശയ സംവാദത്തിന് സന്നദ്ധമാണെന്ന് മുതിർന്ന നേതാവ് മൂസ അബൂ മർസൂഖ് വ്യക്തമാക്കി. അതിനിടെ മൂന്നുഘട്ട വെടിനിർത്തലിൽ തനിക്ക് ആത്മവിശ്വാസമില്ലെന്ന് ട്രംപ് പ്രതികരിച്ചു.

വെടിനിർത്തൽ കരാർ ലംഘിച്ച്​ ഗസ്സയിൽ ആക്രമണം പുനരാരംഭിക്കാൻ മടിക്കില്ലെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവി​െൻറ പ്രസ്താവനക്കെതിരെ ബന്ദികളടെ ബന്ധുക്കൾ പ്രതിഷേധത്തിലാണ്. മുഴുവൻ ബന്ദികളെയും മോചിപ്പിക്കും വരെ ​ബന്ധുക്കൾ പോരാട്ടം തുടരും​.

ബന്ദികളെ ​കൈമാറാനും ആക്രമണം അവസാനിപ്പിക്കാനും വ്യവസ്ഥ ​​​ചെയ്യുന്ന കരാർ പൂർണാർഥത്തിൽ നടപ്പാക്കാൻ എല്ലാവരും തയാറാകണമെന്ന് ​മധ്യസ്ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്​തും ആവശ്യപ്പെട്ടു. ശനിയാഴ്ചയാണ്​ അടുത്ത ബന്ദിമോചനവും തടവുകാരുടെ ​കൈമാറ്റവും നടക്കേണ്ടത്​. കരാർ പ്രകാരം കൈമാറ്റത്തിന്​ ഒരുക്കമാണെന്ന്​ ഹമാസും ഇസ്രാ​യേലും അറിയിച്ചു.

വെടിനിർത്തൽ കരാർ പ്രബാല്യത്തിൽ വന്നതോടെ ഗസ്സയിലേക്കുള്ള സഹായപ്രവാഹം ശക്​തമായി. 915 ട്രക്കുകൾ കൂടി ​ഗസ്സയിലേക്ക്​ സഹായവുമായെത്തി. മടങ്ങിയെത്തിയ അഭയാർഥികൾക്ക് തകർന്ന ഗസ്സയിൽ കാണാനായത് ഹൃദയഭേദക ദൃശ്യങ്ങളാണ്​. ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് നൂറുകണക്കിന്​ മൃദേഹങ്ങൾ കണ്ടെടുത്തു​. 66 മൃതദേഹങ്ങളാണ് ഇന്ന് കണ്ടെടുത്തത്. കഴിഞ്ഞ ദിവസം റഫയിൽ നിന്ന്​ മാത്രം 137 മൃത​ദേഹങ്ങൾ കണ്ടെടുത്തിരുന്നു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News