'ഹോളിവുഡിനെ രക്ഷിക്കാൻ' ലൈംഗികാരോപണം ഉൾപ്പെടെ നേരിട്ട താരങ്ങൾ; അംബാസഡർമാരെ നിയമിച്ച് ട്രംപ്

വിനോദ വ്യവസായത്തെ "മുമ്പത്തേക്കാളും ശക്തമാക്കാനുള്ള" ശ്രമത്തിന്റെ ഭാഗമാണ് പുതിയ നിയമനമെന്ന് ട്രംപ് സമൂഹമാധ്യമായ ട്രൂത്തിൽ കുറിച്ചു

Update: 2025-01-17 08:01 GMT
Editor : RizwanMhd | By : Web Desk

കാലിഫോർണിയ: സിനിമ മേഖലയിലെ അടുപ്പക്കാരെ ഹോളിവുഡ് പ്രത്യേക പ്രതിനിധികളായി നിയമിച്ച് യുഎസ് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോളിവുഡ് താരങ്ങളായ സിൽവസ്റ്റർ സ്റ്റാലോൺ, മെൽ ഗിബ്സൺ, ജോൺ വോയ്റ്റ് എന്നിവരാണ് ട്രംപിന്റെ പുതിയ സംഘാംഗങ്ങൾ. വിനോദ വ്യവസായത്തെ "മുമ്പത്തേക്കാളും ശക്തമാക്കാനുള്ള" ശ്രമത്തിന്റെ ഭാഗമാണ് പുതിയ നിയമനമെന്ന് ട്രംപ് സമൂഹമാധ്യമായ ട്രൂത്തിൽ കുറിച്ചു.

“ജോൺ വോയ്റ്റ്, മെൽ ഗിബ്‌സൺ, സിൽവസ്റ്റർ സ്റ്റാലോൺ എന്നിവരെ ഹോളിവുഡിലെ സ്‌പെഷ്യൽ അംബാസഡർമാരായി പ്രഖ്യാപിക്കാനായത് എനിക്ക് ലഭിച്ച ബഹുമതിയാണ്” വ്യാഴാഴ്ച പങ്കുവച്ച പോസ്റ്റിൽ ട്രംപ് പറയുന്നു. മഹത്തരമെങ്കിലും കുഴപ്പങ്ങളുള്ള ഇടമെന്നാണ് ഹോളിവുഡിനെ ട്രംപ് വിശഷിപ്പിച്ചത്. കഴിഞ്ഞ നാലുവർഷമായി തകർച്ചയിലേക്ക് പോയ ഹോളിവുഡിനെ മികച്ചതും ശക്തവുമാക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങളിലെ തൻറെ പ്രത്യേക പ്രതിനിധികളായിരിക്കും മൂന്ന് താരങ്ങളെന്നാണ് ട്രംപ് അറിയിച്ചത്.

Advertising
Advertising

 

ഹോളിവുഡിൽ അധികവും ഡെമോക്രാറ്റ് അനുകൂലികളാണ്. ടെയ്‌ലർ സ്വിഫ്റ്റ് മുതൽ ജോർജ്ജ് ക്ലൂണി വരെയുള്ള താരങ്ങളുടെ നീണ്ടനിരയാണ് 2024 ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർഥി കമലാ ഹാരിസിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നത്. അതേസമയം, ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും പരമ്പരാഗതമായി അമേരിക്കൻ വിനോദ വ്യവസായത്തിൽനിന്ന് തുച്ഛമായ പിന്തുണ മാത്രമേ ലഭിച്ചിട്ടുള്ളൂ. അതുകൊണ്ടുതന്നെ സിൽവസ്റ്റർ സ്റ്റാലോണും മെൽ ഗിബ്സണും ജോൺ വോയ്റ്റും അവരുടെ രാഷ്ട്രീയ ആഭിമുഖ്യം കൊണ്ട് എന്നും വേറിട്ടുനിന്നിരുന്നു.

ലൈംഗികാരോപണങ്ങൾ ഉൾപ്പെടെ നിരവധി വിവാദങ്ങളിൽ കുടുങ്ങിയ താരങ്ങളാണ് മൂവരുമെന്നതും ശ്രദ്ധേയമാണ്. ട്രംപിനെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ടും ജോൺ വോയ്റ്റ് പലതവണ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ട്രംപിനെ 'രണ്ടാം ജോർജ് വാഷിംഗ്‌ടൺ' എന്നാണ് അടുത്തിടെ സിൽവസ്റ്റർ സ്റ്റാലോൺ വിശേഷിപ്പിച്ചത്.

2020ൽ, സീരിസായ റേ ഡൊണോവന്റെ ഷൂട്ടിനിടെ സഹനടൻ ഫ്രാങ്ക് വേലിയെ ജോൺ വോയ്റ്റ് തല്ലിയത് വലിയ ചർച്ചയായിരുന്നു. ജൂത വിരുദ്ധത, ക്വീർ വിതുർദ്ദത, വംശീയത, ഗാർഹിക പീഡനം തുടങ്ങിയ ആരോപണങ്ങൾ നേരിട്ട താരമാണ് മെൽ ഗിബ്സൺ. 2006-ൽ മദ്യപിച്ച് വാഹനമോടിച്ച് അറസ്റ്റിലായപ്പോൾ ജൂത വിരുദ്ധ പരാമർശം നടത്തിയ ഗിബ്സൺ അടുത്തിടെയാണ് ഹോളിവുഡിൽ വീണ്ടും സജീവമായത്. സ്റ്റാലോണാകട്ടെ നിരവധി ലൈംഗികാരോപണ പരാതികളും നേരിട്ടിട്ടുണ്ട്.

Tags:    

Writer - RizwanMhd

contributor

Editor - RizwanMhd

contributor

By - Web Desk

contributor

Similar News