ഇസ്രായേലും ഇറാനും സമാധാനം തേടി ഒരേ സമയം തന്നെ സമീപിച്ചുവെന്ന് ട്രംപ്

രണ്ട് ഘട്ടങ്ങളിലായി സമ്പൂര്‍ണ വെടിനിര്‍ത്തലിന് ഇരുരാജ്യങ്ങളും സമ്മതം അറിയിച്ചതായി ട്രംപ് വ്യക്തമാക്കിയിരുന്നു

Update: 2025-06-24 03:14 GMT
Editor : Jaisy Thomas | By : Web Desk

വാഷിംഗ്ടൺ: ഇസ്രായേലും ഇറാനും സമാധാനം തേടി ഒരേ സമയം തന്നെ സമീപിച്ചതായി യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ലോകവും പശ്ചിമേഷ്യയുമാണ് യഥാർഥ വിജയികളെന്നും കൂട്ടിച്ചേര്‍ത്തു. വെടിനിർത്തൽ ലോകത്തിനും മിഡിൽ ഈസ്റ്റിനും വളരെയധികം നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

"ഇസ്രായേലും ഇറാനും ഏതാണ്ട് ഒരേ സമയം എന്‍റെ അടുത്ത് വന്ന് പറഞ്ഞു, 'സമാധാനം!' ഇപ്പോൾ സമയമായെന്ന് എനിക്കറിയാമായിരുന്നു. ലോകവും മിഡിൽ ഈസ്റ്റുമാണ് യഥാർഥ വിജയികൾ! ഇരു രാജ്യങ്ങളും അവരുടെ ഭാവിയിൽ അതിശക്തമായ സ്നേഹവും സമാധാനവും സമൃദ്ധിയും കാണും," ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. "നീതിയുടെയും സത്യത്തിന്‍റെയും പാതയിൽ നിന്ന് വ്യതിചലിച്ചാൽ അവർക്ക് നേടാൻ ഒരുപാട് കാര്യങ്ങളുണ്ട്, അതേസമയം നഷ്ടപ്പെടാനും ഒരുപാട് കാര്യങ്ങളുണ്ട്. ഇസ്രായേലിന്‍റെയും ഇറാന്‍റെയും ഭാവി പരിധിയില്ലാത്തതും മഹത്തായ വാഗ്ദാനങ്ങളാൽ നിറഞ്ഞതുമാണ്. ദൈവം നിങ്ങളെ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ!" അദ്ദേഹം പോസ്റ്റിൽ കുറിച്ചു. 

Advertising
Advertising

രണ്ട് ഘട്ടങ്ങളിലായി സമ്പൂര്‍ണ വെടിനിര്‍ത്തലിന് ഇരുരാജ്യങ്ങളും സമ്മതം അറിയിച്ചതായി ട്രംപ് വ്യക്തമാക്കിയിരുന്നു. ഇറാന്‍ ആണ് ആദ്യം വെടിനിര്‍ത്തുക, 12 മണിക്കൂറിന് ശേഷം ഇസ്രായേലും വെടിനിര്‍ത്തും. ഖത്തറിന്‍റെ സഹായത്തോടെയാണ് അമേരിക്ക ഇറാനുമായി ധാരണയിലെത്തിയതെന്ന്  അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ്  റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഇറാനും ഇസ്രായേലും ട്രംപിന്‍റെ പ്രഖ്യാപനത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇസ്രായേൽ സമയം രാവിലെ 7 മണിക്ക് ഇറാൻ വെടിനിർത്തലിനു തുടക്കമിടുമെന്ന് ഇസ്രയേൽ മാധ്യമം ഹാരെറ്റ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം വെടിനിർത്തൽ നിര്‍ദേശം ഇറാൻ തള്ളി. നിലവിൽ ഏതെങ്കിലും നിലക്കുള്ള വെടിനിർത്തൽ നിർദേശം തങ്ങളുടെ മുന്നിൽ ഇല്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി വ്യക്തമാക്കി. സയണിസ്റ്റ് ശത്രുവിനുള്ള തിരിച്ചടിയുടെ ഭാഗമായി ആരംഭിച്ച സൈനിക ഓപ്പറേഷൻ ലക്ഷ്യം നേടും വരെ തുടരും. രാജ്യത്തെ സംരക്ഷിക്കാൻ സേന പ്രതിജ്ഞാബദ്ധമെന്നും ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു. ഇസ്രായേൽ ആക്രമണം നിർത്തിയാൽ വെടിനിർത്തൽ പരിഗണിക്കുമെന്ന് ഇറാൻ വ്യക്തമാക്കി.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News