ഗസ്സ വംശഹത്യ; നെതന്യാഹുവിന് തുർക്കിയുടെ അറസ്റ്റ് വാറണ്ട്
നെതന്യാഹുവിനൊപ്പം 37 ഇസ്രായേൽ നേതാക്കളും പ്രതിപ്പട്ടികയിലുണ്ട്
ബിന്യാമിൻ നെതന്യാഹു Photo | AFP
അങ്കാറ: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവിന് തുർക്കിയുടെ അറസ്റ്റ് വാറണ്ട്. ഗസ്സയിലെ വംശഹത്യയിലാണ് അറസ്റ്റ് വാറണ്ട് ഇറക്കിയത്. നെതന്യാഹുവിനൊപ്പം 37 ഇസ്രായേൽ നേതാക്കളും പ്രതിപ്പട്ടികയിലുണ്ട്.
ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ്, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ, സൈനിക മേധാവി ലെഫ്റ്റനന്‍റ് ജനറൽ ഇയാൽ സമീർ എന്നിവര്‍ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇസ്താംബുൾ പ്രോസിക്യൂട്ടറുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. ഗസ്സയിൽ ഇസ്രായേൽ വംശഹത്യയും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും നടത്തിയതായി തുർക്കി ഉദ്യോഗസ്ഥർ ആരോപിച്ചു. ഗസ്സ മുനമ്പിൽ തുർക്കി നിർമ്മിച്ചതും മാർച്ചിൽ ഇസ്രായേൽ ബോംബിട്ട് തകർത്തതുമായ തുർക്കി-ഫലസ്തീൻ സൗഹൃദ ആശുപത്രിയെക്കുറിച്ചും പ്രസ്താവനയിൽ പരാമർശിക്കുന്നുണ്ട് .
വാറണ്ടിനെ 'പിആര്‍ സ്റ്റണ്ട്' എന്നാണ് ഇസ്രായേൽ വിശേഷിപ്പിച്ചത്. “സ്വേച്ഛാധിപതിയായ പ്രസിഡന്‍റ് ഉര്‍ദുഗാന്‍റെ ഏറ്റവും പുതിയ പിആർ സ്റ്റണ്ടിനെ ഇസ്രായേൽ അവജ്ഞയോടെ തള്ളിക്കളയുന്നു.”വിദേശകാര്യ മന്ത്രി ഗിഡിയൻ സാർ എക്‌സിൽ കുറിച്ചു. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇസ്രായേലിനെതിരെ വംശഹത്യ ആരോപിച്ച് ദക്ഷിണാഫ്രിക്ക സമർപ്പിച്ച കേസിൽ കഴിഞ്ഞ വർഷം തുർക്കി കക്ഷി ചേർന്നിരുന്നു.
അതേസമയം ഗസ്സയിൽ പുതിയ അന്താരാഷ്ട്ര ഇടക്കാല സേന ഉടൻ എത്തുമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ് അറിയിച്ചു. മാസുമായി പ്രശ്നമുണ്ടാകുന്ന പക്ഷം ഇടപെടാൻ വൻശക്തി രാജ്യങ്ങൾ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഇടക്കാല സേനക്ക് രണ്ടു വർഷം ഭരണ ചുമതല നൽകുന്ന ചർച്ചകൾ യുഎസ് രക്ഷാസമിതിയിൽ ആരംഭിക്കാനിരിക്കെയാണ് ട്രംപിന്‍റെ പ്രഖ്യാപനം. ഈജിപ്ത്, ഖത്തർ, യുഎ.ഇ, സൗദി അറേബ്യ, തുർക്കി എന്നിവയുടെപിന്തുണയോടെ 20,000 സൈനികരാണ് എത്തുക.
ഹമാസിന്റെ നിരായുധീകരണവും വിദേശസേനയുടെ ചുമതലയാകും. വെടിനിർത്തൽ നിലവിൽവന്ന ശേഷം 190ലേറെ ആക്രമണങ്ങളിലായി 240 ഫലസ്തീനികളാണ് ഇതിനകം ഗസ്സയിൽ കൊല്ലപ്പെട്ടത്. ഇസ്രയേൽ സൈന്യം നിലയുറപ്പിച്ച യെല്ലോ ലൈനിലെ തുരങ്കങ്ങളിൽ കഴിയുന്ന 150ൽ ഏറെ വരുന്ന പോരാളികളുടെ സുരക്ഷിത മോചനം സംബന്ധിച്ച ചർച്ച തുടരുന്നതായി മധ്യസ്ഥ രാജ്യങ്ങൾ അറിയിച്ചു.