ലാഹോറില്‍ വന്‍ സ്‌ഫോടനം: രണ്ട് മരണം; 17 പേര്‍ക്ക് പരിക്ക്

പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാന്‍ ബുസ്ദര്‍ സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു.

Update: 2021-06-23 10:15 GMT
Advertising

ലാഹോറില്‍ ജനവാസ മേഖലയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. ലാഹോറിലെ ജോഹര്‍ ടൗണില്‍ ഒരു ആശുപത്രിക്ക് സമീപമാണ് സ്‌ഫോടനമുണ്ടായത്.

സ്‌ഫോടനത്തില്‍ സമീപത്തെ വീടുകളുടെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. സ്‌ഫോടനത്തിന്റെ ശബ്ദം വിദൂര പ്രദേശങ്ങളില്‍ വരെ കേട്ടതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാന്‍ ബുസ്ദര്‍ സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുമെന്നും ബുസ്ദര്‍ പറഞ്ഞു.

സ്‌ഫോടനം നടക്കാന്‍ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയ സംഘത്തിലെ ഒരാള്‍ വ്യക്തമാക്കിയത്. ഗ്യാസ് സിലിണ്ടറോ വാതക പൈപ്പ് ലൈനോ പൊട്ടിയതാകാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. പരിക്കേറ്റ നാലു പേരെ ഇതുവരെ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ടെന്നും കൂടുതല്‍ പേരെ പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ടെന്നും് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News