വെടിനിർത്തല്‍ ആവശ്യത്തില്‍ ഉറച്ച് യുക്രൈന്‍; സമാധാന ചര്‍ച്ച അവസാനിച്ചു

ഖാർകിവിൽ വീണ്ടും റഷ്യന്‍ ആക്രമണം നടത്തി, നിരവധി പേർ കൊല്ലപ്പെട്ടു.

Update: 2022-02-28 15:12 GMT

ബെലറൂസിലെ റഷ്യ - യുക്രൈന്‍ സമാധാന ചര്‍ച്ച അവസാനിച്ചു. എത്രയും പെട്ടെന്ന് റഷ്യ വെടിനിർത്തലിന് തയ്യാറാകണമെന്ന് യുക്രൈൻ ആവശ്യപ്പെട്ടു. അതിനിടെ  ഖാർകിവിൽ റഷ്യ വീണ്ടും ആക്രമണം നടത്തി. ആക്രമണത്തില്‍ നിരവധി പേർ കൊല്ലപ്പെട്ടു.

വ്യോമപാത നിഷേധിച്ച യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്ക് മറുപടിയുമായി റഷ്യ രംഗത്തെത്തി. 36 രാജ്യങ്ങൾക്ക് റഷ്യയിലൂടെയുള്ള വ്യോമപാത റഷ്യ നിഷേധിച്ചു. അതിനിടെ ബലറൂസിലെ എംബസി അമേരിക്ക അടച്ചു.

റഷ്യയുടെ സഖ്യരാജ്യം കൂടിയായ ബെലാറൂസിൽ സമാധാന ചർച്ചയ്ക്ക് നേരത്തെ യുക്രൈൻ സന്നദ്ധമായിരുന്നില്ല. ബെലാറൂസിലുള്ള റഷ്യൻ വ്യോമതാളവങ്ങളിൽനിന്നു കൂടി ആക്രമണം നേരിടുന്ന സാഹചര്യത്തിൽ മറ്റേതെങ്കിലും രാജ്യത്ത് വച്ചാകാം ചർച്ച എന്ന നിലപാടിലായിരുന്നു യുക്രൈൻ. ബെലാറൂസ് പ്രസിഡന്‍റ് അലെക്‌സാണ്ടർ ലുകാഷെങ്കോ റഷ്യയ്ക്ക് സഹായവുമായി സൈന്യത്തെ അയക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു.

Advertising
Advertising

പിന്നീട് നയതന്ത്ര ഇടപെടലുകൾക്കൊടുവിൽ തങ്ങളുടെ പ്രതിനിധികളെ അയക്കാൻ യുക്രൈൻ സമ്മതിക്കുകയായിരുന്നു. കൂടിക്കാഴ്ചയിൽ അനുകൂലമായ ഫലമുണ്ടാകുമെന്ന് വിശ്വാസമില്ലെങ്കിലും ചർച്ച നടക്കട്ടെയെന്നാണ് യുക്രൈൻ പ്രസിഡന്‍റ് വ്‌ള്ദാമിർ സെലൻസ്‌കി വ്യക്തമാക്കിയിരുന്നത്.

പ്രതിരോധ മന്ത്രി ഒലെക്‌സി റെസ്‌നികോവ്, പ്രസിഡന്റിന്റെ ഉപദേഷ്ടാവ് മിഖായേൽ പോഡൊലിയാക്ക് അടക്കമുള്ള പ്രമുഖർ  റഷ്യൻ സംഘത്തിലുണ്ടായിരുന്നു. അടിയന്തരമായ വെടിനിർത്തലും റഷ്യയുടെ സേനാപിന്മാറ്റവുമാണ് ചർച്ച ചെയ്യാൻ പോകുന്ന പ്രധാന വിഷയങ്ങളെന്ന് യുക്രൈൻ വാർത്താകുറിപ്പിലൂടെ നേരത്തെ അറിയിച്ചിരുന്നു. യുക്രൈൻ-ബെലാറൂസ് അതിർത്തിയിലാണ് ചർച്ചാവേദി ഒരുക്കിയിരുന്നത്. ചർച്ചയ്ക്കായി ഒരുക്കിയ വേദിയുടെ ചിത്രം ബെലാറൂസ് വിദേശകാര്യ മന്ത്രാലയം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. ചർച്ചയ്ക്കായി റഷ്യൻ സംഘമാണ് ആദ്യമെത്തിയത്. പ്രസിഡന്റ് വ്‌ള്ദാമിർ പുടിന്‍റെ പ്രതിനിധികളും സംഘത്തിലുണ്ടായിരുന്നു. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News