കരിങ്കടലിൽ എണ്ണക്കപ്പലിന് നേരെ യുക്രൈൻ ഡ്രോൺ ആക്രമണം; 23 ഇന്ത്യൻ ജീവനക്കാരെ രക്ഷപ്പെടുത്തി

നാവിക ഡ്രോണുകളാണ് ടാങ്കറിനെ ആക്രമിച്ചതെന്നും കരിങ്കടലിലെ വെള്ളത്തിൽ അസംസ്കൃത എണ്ണ കത്തിക്കൊണ്ടിരിക്കുകയാണെന്നും ഗതാഗത മന്ത്രാലയം വ്യക്തമാക്കുന്നു

Update: 2026-10-07 02:44 GMT

മോസ്കോ: റഷ്യയുടെ കരിങ്കടൽ തീരത്ത് ലൈബീരിയൻ പതാക വഹിച്ച എണ്ണക്കപ്പലിന് നേരെ യുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണത്തെ തുടർന്ന് കപ്പലിൽ തീപിടിത്തം. ഇന്ത്യക്കാരായ 23 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. തീപിടിത്തത്തിന്‍റെ തീവ്രത കാരണം അഗ്നിശമന സേനാംഗങ്ങൾക്ക് ആദ്യഘട്ടത്തിൽ തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചില്ലെങ്കിലും കപ്പലിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി റഷ്യൻ ഗതാഗത മന്ത്രാലയം അറിയിച്ചു.

നാവിക ഡ്രോണുകളാണ് ടാങ്കറിനെ ആക്രമിച്ചതെന്നും കരിങ്കടലിലെ വെള്ളത്തിൽ അസംസ്കൃത എണ്ണ കത്തിക്കൊണ്ടിരിക്കുകയാണെന്നും ഗതാഗത മന്ത്രാലയം വ്യക്തമാക്കുന്നു. അഞ്ച് ലക്ഷത്തിലധികം പേര്‍ തിങ്ങിത്താമസിക്കുന്ന പ്രശസ്ത റിസോര്‍ട്ട് നഗരമായ സോച്ചിക്ക് സമീപമാണ് സംഭവം. കടലിൽ ഓറഞ്ച് നിറത്തിലുള്ള തീജ്വാലകൾ ഉയരുന്നതും സോച്ചിക്ക് സമീപം ആകാശത്തേക്ക് കട്ടിയുള്ള കറുത്ത പുക ഉയരുന്നതും ദൃശ്യങ്ങളിൽ കാണാം. തീരത്തേക്കും ബീച്ചുകളിലേക്കുമുള്ള പ്രവേശനത്തിന് നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് സോച്ചി മേയര്‍ അറിയിച്ചു.

Advertising
Advertising

റൊമാനിയൻ തീരത്ത് മറ്റൊരു കപ്പലിന് തീപിടിച്ച് മുങ്ങിയതിന് ഒരു ദിവസം കഴിഞ്ഞാണ് ആക്രമണം ഉണ്ടായത്. ഈ സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തിരുന്നു. ഒരു ഇന്ത്യൻ ജീവനക്കാരന് പരിക്കേൽക്കുകയും ചെയ്തിരുന്നു. റഷ്യയാണ് ഡ്രോൺ ആക്രമണത്തിന് പിന്നിലെന്നായിരുന്നു യുക്രൈന്‍റെ ആരോപണം.

2022ൽ സംഘര്‍ഷം ആരംഭിച്ചതുമുതൽ റഷ്യയും യുക്രൈനും കരിങ്കടൽ മേഖലയിലൂടെയുള്ള വാണിജ്യ കപ്പലുകൾക്ക് നേരെ ഇരു രാജ്യങ്ങളും കടുത്ത ആക്രമണങ്ങളാണ് നടത്തുന്നത്. യൂറോപ്യൻ യൂണിയൻ അംഗരാജ്യമായ റൊമാനിയൻ തീരത്തിന് സമീപം യുക്രേനിയൻ ഉൽപ്പന്നങ്ങളുമായി പോയ ധാന്യക്കപ്പലുകൾക്ക് നേരെ സമീപദിവസങ്ങളിൽ റഷ്യ അതിശക്തമായ ആക്രമണം അഴിച്ചുവിട്ടിരുന്നു.

മറുവശത്ത്, റഷ്യയുടെ എണ്ണ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങൾ, തങ്ങളുടെ പട്ടണങ്ങളിലും നഗരങ്ങളിലും മോസ്കോ രാത്രിയിൽ നടത്തുന്ന ആക്രമണങ്ങൾക്കുള്ള ന്യായമായ പ്രതികാരമാണെന്നാണ് യുക്രൈന്‍റെ വാദം. സമീപ ആഴ്ചകളിൽ ആക്രമണം ശക്തമാക്കുമെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കുന്നു. കിയവിലെ പ്രധാന പാലങ്ങൾ തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് പകൽ സമയത്തെ ഡ്രോൺ ആക്രമണങ്ങൾ നടത്താനും റഷ്യ തുടങ്ങിയിരിക്കുന്നു . നഗരത്തെ പ്രതിസന്ധിയിലാക്കിയ ഒരു പുതിയ തന്ത്രമാണിത്.

തെക്കൻ റഷ്യയിലെ എണ്ണപ്പാടങ്ങൾക്ക് നേരെയുള്ള മുൻകാല യുക്രേനിയൻ ആക്രമണങ്ങൾ എണ്ണപ്പാളികൾ രൂപപ്പെടുന്നതിനും ബീച്ചുകൾ അടയ്ക്കുന്നതിനും ആകാശത്ത് നിന്ന് വിഷലിപ്തമായ കറുത്ത മഴ പെയ്യുന്നതിനും കാരണമായി.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News