പ്രവേശന വിസ വേണ്ട: പൊരുതാന്‍ തയ്യാറുള്ള വിദേശികളെ സ്വാഗതം ചെയ്ത് യുക്രൈന്‍

യുക്രൈനായി യുദ്ധം ചെയ്യാമെങ്കില്‍ രാജ്യത്ത് പ്രവേശിക്കാന്‍ വിദേശികള്‍ക്ക് പ്രവേശന വിസ വേണ്ടെന്ന ഉത്തരവില്‍ സെലന്‍സ്കി ഒപ്പിട്ടു

Update: 2022-03-01 07:13 GMT

റഷ്യന്‍ അധിനിവേശത്തെ ചെറുക്കാന്‍ പോരാടാന്‍ തയ്യാറുള്ള വിദേശികളെ സ്വാഗതം ചെയ്ത് യുക്രൈന്‍ പ്രസിഡന്‍റ് വ്ലാദിമര്‍ സെലന്‍സ്കി. യുക്രൈനായി യുദ്ധം ചെയ്യാമെങ്കില്‍ രാജ്യത്ത് പ്രവേശിക്കാന്‍ വിദേശികള്‍ക്ക് പ്രവേശന വിസ വേണ്ടെന്ന ഉത്തരവില്‍ സെലന്‍സ്കി ഒപ്പിട്ടു.

യുക്രൈനിലെ സൈനിക നിയമം പിന്‍വലിക്കുന്നതു വരെ ഉത്തരവ് തുടരുമെന്നാണ് അധികൃതരെ ഉദ്ധരിച്ച് ആഗോളതലത്തിലെ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്നു മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും.

യുക്രൈന് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും തങ്ങളുടെ സേനയെ അയക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെ യുദ്ധഭൂമിയില്‍ പോരാടാന്‍ യുക്രൈനൊപ്പം ആരുമില്ലെന്നും എല്ലാവര്‍ക്കും ഭയമാണെന്നും സെലന്‍സ്കി പറയുകയുണ്ടായി. യുക്രൈനൊപ്പം അണിചേരാന്‍ ആഗോള പൌരന്മാരോട് സെലന്‍സ്കി അഭ്യര്‍ഥിക്കുകയും ചെയ്തു. പിന്നാലെ റഷ്യക്കെതിരായ പോരാട്ടത്തില്‍ പങ്കെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് ആയിരക്കണക്കിനു വിദേശികള്‍ മുന്നോട്ടുവന്നിട്ടുണ്ടെന്ന് യുക്രൈന്‍ ഉപ പ്രതിരോധമന്ത്രി അവകാശപ്പെട്ടു.

Advertising
Advertising

യുക്രൈനിലെ 18 വയസ്സിനും 60 വയസ്സിനും ഇടയില്‍ പ്രായമുള്ള പുരുഷന്മാര്‍ക്ക് രാജ്യം വിടാനും വിലക്കുണ്ട്. രാജ്യത്തിനായി പൊരുതാന്‍ ആയുധങ്ങളുമായി രംഗത്തിറങ്ങാന്‍ യുക്രൈന്‍ ജനതയോട് സെലന്‍സ്കി ആഹ്വാനം ചെയ്തു. എന്തു സംഭവിച്ചാലും താന്‍ യുക്രൈനില്‍ തന്നെ തുടരുമെന്നും സെലന്‍സ്കി വ്യക്തമാക്കുകയുണ്ടായി.

യുക്രൈനില്‍ ആറാം ദിവസവും റഷ്യ ആക്രമണം തുടരുകയാണ്. യുക്രൈൻ തലസ്ഥാന നഗരമായ കിയവ് കീഴടക്കാൻ സൈനിക സന്നാഹം ശക്തമാക്കിയിരിക്കുകയാണ് റഷ്യ. കിയവ് ലക്ഷ്യമാക്കി മുന്നേറുന്ന റഷ്യൻ സൈനിക വ്യൂഹത്തിന്റെ ഉപഗ്രഹ ചിത്രം പുറത്തുവന്നു. കിയവിന് പുറമെ ഖാർകിവ്, ഖറാസൻ ഉൾപ്പെടുള്ള നഗരങ്ങളിലും വലിയ ആക്രമണമാണ് നടക്കുന്നത്. ഉത്യാർകയില്‍ സൈനിക ക്യാമ്പിന് നേരെ മിസൈല്‍ ആക്രമണമുണ്ടായി. 70 സൈനികർ കൊല്ലപ്പെട്ടു. ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് യുഎൻ പൊതുസഭ ആവശ്യപ്പെട്ടു. എന്നാല്‍ സമാധാന ചര്‍ച്ചകള്‍ക്കിടയിലും റഷ്യ ആക്രമണം തുടരുന്ന കാഴ്ചയാണ് യുക്രൈനില്‍ കാണാന്‍ കഴിയുന്നത്. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News