'വലിയ യുദ്ധ'ത്തിന് തയ്യാറെടുത്ത് യുക്രൈന്‍

റഷ്യയുടെ ആക്രമണം ഭയന്ന് സാധാരണക്കാർ പലായനം ചെയ്യുന്നതിനിടെയാണ് യുക്രൈന്‍റെ നീക്കം.

Update: 2022-04-10 05:02 GMT

റഷ്യക്കെതിരെ യുക്രൈന്‍ വലിയ യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് കിയവിലെ ഉദ്യോഗസ്ഥര്‍. റഷ്യയുടെ ആക്രമണം ഭയന്ന് സാധാരണക്കാർ പലായനം ചെയ്യുന്നതിനിടെയാണ് യുക്രൈന്‍റെ നീക്കം.

കിഴക്കൻ യുക്രൈനിലെ ക്രാമറ്റോർസ്കിൽ ശനിയാഴ്ച രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചു. ഇവിടെ റെയിൽവേ സ്റ്റേഷനിലെ മിസൈൽ ആക്രമണത്തിൽ കഴിഞ്ഞ ദിവസം അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ 52 പേർ കൊല്ലപ്പെട്ടിരുന്നു. ഇത് ഭയങ്കരമായ ക്രൂരതയാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വിമര്‍ശിച്ചു. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമെന്ന് ഫ്രാൻസ് അപലപിച്ചു. എന്നാല്‍ തങ്ങളുടെ സൈന്യം മിസൈല്‍ ആക്രമണം നടത്തിയിട്ടില്ല എന്നാണ് റഷ്യയുടെ വാദം. അതിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കിയവ് സന്ദര്‍ശിച്ചു.

Advertising
Advertising

"ഞങ്ങൾ പോരാടാനും നയതന്ത്രത്തിലൂടെ ഈ യുദ്ധം അവസാനിപ്പിക്കാൻ സമാന്തരമായി ശ്രമിക്കാനും തയ്യാറാണ്"- യുക്രൈന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ സെലന്‍സ്കി പറഞ്ഞു. ഓസ്ട്രിയൻ ചാൻസലർ കാൾ നെഹാമറിനൊപ്പം വാര്‍ത്താസമ്മേളനത്തിലാണ് സെലന്‍സ്കി ഇങ്ങനെ പറഞ്ഞത്. കിഴക്കന്‍ ഡോണ്ബാസ് പ്രവിശ്യയില്‍ നിന്ന് റഷ്യയെ തുരത്തണമെന്ന് സെലന്‍സ്കിയുടെ ഉപദേശകന്‍ പൊഡോലിയാക് പറഞ്ഞു. റഷ്യൻ പ്രസിഡൻറ് വ്‌ളാദിമര്‍ പുടിനുമായുള്ള യുക്രൈന്‍ പ്രതിനിധിയുടെ കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി റഷ്യന്‍ സേനയെ പരാജയപ്പെടുത്തേണ്ടതുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

"വലിയ യുദ്ധങ്ങൾക്ക് യുക്രൈന്‍ തയ്യാറാണ്. ഡോൺബാസിൽ ഉൾപ്പെടെ വിജയിക്കണം. അത് സംഭവിച്ചാൽ സമാധാന ചര്‍ച്ചയില്‍ യുക്രൈന്‍ കൂടുതല്‍ കരുത്ത് നേടും. അതിനുശേഷം പ്രസിഡന്‍റുമാർ തമ്മില്‍ കാണും. ഇതിന് രണ്ടോ മൂന്നോ ആഴ്ച എടുത്തേക്കാം‍"- പൊഡോലിയാക് ദേശീയ ടെലിവിഷനിൽ പറഞ്ഞു.

റഷ്യയുടെ അധിനിവേശം ആറാഴ്ച പിന്നിടുമ്പോള്‍ ആയിരക്കണക്കിന് പേർ കൊല്ലപ്പെട്ടു. 11 ദശലക്ഷത്തിലധികം ആളുകൾ വീടുകളിൽ നിന്നോ രാജ്യത്ത് നിന്നോ പലായനം ചെയ്തു. സൈനിക സഹായത്തിൽ ബ്രിട്ടന്‍റെ മാതൃക പിന്തുടരാൻ സെലന്‍സ്കി പാശ്ചാത്യ രാജ്യങ്ങളോട് അഭ്യര്‍ഥിച്ചു. അധിനിവേശ ക്രിമിയയും റഷ്യയുടെ പിന്തുണയുള്ള വിഘടനവാദ പ്രദേശമായ ഡോൺബാസ് മേഖലയും കരമാര്‍ഗം ബന്ധിപ്പിക്കാന്‍ റഷ്യന്‍ സൈന്യം ശ്രമിക്കുന്നതായി സൂചനയുണ്ട്.

Summary- Ukraine is preparing for big battles against Moscows forces in the east of the country officials in Kyiv said. Thousands of civilians flee in fear of an imminent Russian offensive.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News