പുടിനെ ഞെട്ടിച്ച് യുക്രൈന്റെ 'ഓപറേഷൻ സ്‌പൈഡർ വെബ്'; റഷ്യക്ക് വൻ നഷ്ടമെന്ന് റിപ്പോർട്ട്
ഏഴ് ബില്യൺ ഡോളർ വിലമതിക്കുന്ന റഷ്യൻ ബോംബർ വിമാനങ്ങൾ നശിപ്പിച്ചതായി യുക്രൈന്‍
മോസ്‌കോ: റഷ്യയെ ഞെട്ടിച്ച് യുക്രൈന്റെ 'സ്‌പൈഡർ വെബ് ഓപറേഷന്‍'. റഷ്യൻ വ്യോമതാവളങ്ങളെ ലക്ഷ്യമിട്ട് വലിയ തോതിലുള്ള ഡ്രോൺ ആക്രമണങ്ങളാണ് യുക്രൈൻ നടത്തിയത്. ആക്രണം നടന്നതായി റഷ്യ സ്ഥിരീകരിച്ചു. ഓപറേഷന്‍ സ്‌പൈഡർ വെബ് എന്ന പേരിലാണ് ആക്രമണം.
ഏഴ് ബില്യൺ ഡോളർ വിലമതിക്കുന്ന റഷ്യൻ ബോംബർ വിമാനങ്ങൾ നശിപ്പിച്ചതായി യുക്രൈന്‍ അവകാശപ്പെട്ടു. ഇതുവരെയുള്ള ഏറ്റവും ദൈർഘ്യമേറിയ ഓപ്പറേഷൻ എന്നാണ് പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ആക്രമണത്തെ വിശേഷിപ്പിച്ചത്. യുദ്ധം അവസാനിപ്പിക്കാൻ റഷ്യയെ നിർബന്ധിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സ്വയം പ്രതിരോധ നടപടിയാണ് ആക്രമണമെന്നും അദ്ദേഹം വിശദീകരിച്ചു.
സമയമെടുത്ത് ആലോചിച്ച് വ്യക്തമായ ആസൂത്രണത്തോടെയാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. അതേസമയം യുക്രൈനെതിരെ നീങ്ങുന്ന റഷ്യൻ വിമാനങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുറഞ്ഞത് 41 റഷ്യൻ യുദ്ധവിമാനങ്ങളെങ്കിലും തകർന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിൽ ഏറ്റവും മികച്ച Tu-95, Tu-22 സ്ട്രാറ്റജിക് ബോംബറുകളും A-50 വിമാനങ്ങളും ഉൾപ്പെടുന്നു.
റഷ്യയുടെ പ്രധാന വ്യോമതാവളങ്ങളിലെ തന്ത്രപ്രധാനമായ ക്രൂയിസ് മിസൈൽ വാഹിനികളിൽ 34% ആക്രമിക്കപ്പെട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ആക്രമണം സ്ഥിരീകരിച്ച റഷ്യ, സൈനികര്‍ക്കോ നാട്ടുകാര്‍ക്കോ ആളപായങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും വ്യക്തമാക്കി. ഇസ്താംബൂളിൽ രണ്ടാം റൗണ്ട് സമാധാന ചർച്ചകൾ നടക്കാനിരിക്കെയാണ് യുക്രൈന്റെ പൊടുന്നനേയുള്ള ആക്രമണം. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിർ പുടിൻ അടിയന്തരയോഗം വിളിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.