'എന്താ ഇതിങ്ങനെ'; ട്രംപ്- സെലൻസ്‌കി വാഗ്വാദത്തിനിടെ തലയിൽ കൈവെച്ച് യുക്രൈൻ അംബാസിഡർ
ട്രംപും സെലൻസ്‌കിയും 'കത്തിക്കയറുന്നതിനിടെ' തലയിൽ കൈവെച്ചും തലയാട്ടിയുമുള്ള ഒക്സാനയുടെ വീഡിയോയാണ് വൈറലായത്
വാഷിങ്ടൺ: റഷ്യയുമായുള്ള യുദ്ധത്തെച്ചൊല്ലി യുക്രൈൻ പ്രസിഡന്റ് വൊളാദിമിര്‍ സെലൻസ്‌കിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ നടന്ന വാഗ്വാദത്തിനിടെ വൈറലായത് യുക്രൈൻ അംബാസിഡർ ഒക്‌സാന മാർക്കറോവ.
ഇരുവരും തമ്മിൽ 'കത്തിക്കയറുന്നതിനിടെ' തലയിൽ കൈവെച്ചും തലയാട്ടിയുമുള്ള ഒക്സാനയുടെ വീഡിയോയാണ് വൈറലായത്. വെറും 12 സെക്കൻഡ് മാത്രമുള്ള വീഡിയോ ക്ലപ്പിൽ ഒക്‌സാന അസ്വസ്ഥത പ്രകടിപ്പിക്കുന്നതാണെന്ന് വ്യക്തം. അമേരിക്കയിലെ യുക്രൈൻ അംബാസിഡറാണ് ഒക്‌സാന.
അതേസമയം വീഡിയോ ഏറ്റെടുത്ത് വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് സ്റ്റാഫ്, ഡാൻ സ്‌കാവിനോയും രംഗത്ത് എത്തി. അദ്ദേഹം ഒസ്‌കാനയെ പരിഹസിച്ചുകൊണ്ടാണ് വീഡിയോ എക്സില്‍ പങ്കുവെച്ചത്. 'സെലൻസ്‌കിയൊരു വമ്പൻ തോൽവിയാണെന്ന് അംബാസിഡർക്ക് മനസിലായെന്നായിരുന്നു' വീഡിയോക്ക് അദ്ദേഹം നൽകിയ കുറിപ്പ്. പിന്നാലെ ഒസ്‌കാനയുടെ വീഡിയോ നിരവധി പേർ ഏറ്റെടുത്തു.
അതേസമയം ട്രംപിനെ വിമർശിച്ചും സെലൻസ്‌കിയെ പിന്തുണച്ചുള്ള കുറിപ്പുകളും പ്രവഹിക്കാൻ തുടങ്ങി.
അസാധാരണ സംഭവവികാസങ്ങളാണ് യുക്രൈൻ-ട്രംപ് കൂടിക്കാഴ്ചക്കിടെ അരങ്ങേറിയത്. സമാധാനപരമായാണ് സംഭാഷണം തുടങ്ങിയത്. റഷ്യയെ പിന്തുണച്ചുകൊണ്ടുള്ള സംസാരമാണ് ട്രംപ് നടത്തിയത്. എന്നാൽ പുടിനെയും റഷ്യയേയും പൂർണമായും വിശ്വാസത്തിലെടുത്തുള്ള സംസാരങ്ങളോട് സെലൻസ്‌കി എതിർപ്പ് പ്രകടിപ്പിച്ചു. പിന്നാലെ ബഹളമായി. ഇരുവരും തമ്മില്‍ നടത്താനിരുന്ന വാര്‍ത്താസമ്മേളനം പോലും റദ്ദാക്കി.