ഗസ്സയിൽ ഇസ്രായേൽ യുദ്ധക്കുറ്റം നടത്തിയെന്ന് യുഎൻ സെക്രട്ടറി ജനറൽ
അതിർത്തി തുറക്കുന്നതു സംബന്ധിച്ച് ഇസ്രായേലുമായി ധാരണയിൽ എത്തിയിട്ടില്ലെന്ന് ഈജിപ്ത് വ്യക്തമാക്കി.
തെൽ അവിവ്: രണ്ടാംഘട്ട വെടിനിർത്തൽ ചർച്ച ഉടൻ ആരംഭിക്കുമെന്ന ഖത്തർ പ്രഖ്യാപനത്തിനിടെ, ഒരു ബന്ദിയുടെ കൂടി മൃതദേഹം ഇസ്രയേലിന് കൈമാറി ഹമാസ്. അതിർത്തി തുറക്കുന്നതു സംബന്ധിച്ച് ഇസ്രായേലുമായി ധാരണയിൽ എത്തിയിട്ടില്ലെന്ന് ഈജിപ്ത് വ്യക്തമാക്കി.
ഒരു ബന്ദിയുടെ കൂടി മൃതദേഹം ഹമാസ് കൈമാറിയതായി ഇസ്രായേൽ അറിയിച്ചു. ഇതോടെ 28 ൽ 27 ബന്ദികളുടെയും മൃതദേഹം ഇസ്രയേലിന് ലഭിച്ചു. വടക്കൻ ഗസ്സയിലെ ബെയ്ത് ലാഹിയയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. അവശേഷിച്ച ഒരു ബന്ദിയുടെ മൃതദേഹത്തിനായി തെരച്ചിൽ തുടരുകയാണെന്ന് ഹമാസ് അറിയിച്ചു. അതേ സമയം കഴിഞ്ഞദിവസം കൈമാറിയ രണ്ടു മൃതദേഹഭാഗങ്ങൾ ബന്ദികളുടേതല്ലെന്ന് ഇസ്രായേൽ ആരോപിച്ചു. ഗസ്സയിൽ വെടിനിർത്തൽ ലംഘിച്ച് ഇസ്രായേൽ ഇന്നലെയും ആക്രമണം നടത്തി. ഖാൻ യൂനുസിലും റഫയിലും നടത്തിയ ആക്രമണങ്ങളിൽ 3 ഫലസ്തീൻകാർ കൊല്ലപ്പെട്ടു. റഫയിൽ ഹമാസ്പോരാളികൾ നടത്തിയ ആക്രമണത്തിൽ 4 സൈനികർക്ക് പരിക്കേറ്റതായി ഇസ്രായേൽ കുറ്റപ്പെടുത്തി.
വെടിനിർത്തലിന്‍റെ ലംഘനമാണിതെന്നും ശക്തമായി പ്രതികരിക്കുമെന്നും ഇസ്രായേൽ സേന പറഞ്ഞു. ഒക്ടോബർ 10ന് പ്രാബല്യത്തിൽ വന്ന വെടിനിർത്തൽ 54 നാളുകൾ പിന്നിടുമ്പോൾ 591 തവണയാണ് ഇസ്രയേൽ ലംഘിച്ചതെന്ന് ഗസ്സ സർക്കാർ മാധ്യമ ഓഫീസ് അറിയിച്ചു. ഗസ്സ വിടാനാഗ്രഹിക്കുന്ന ഫലസ്തീനികൾക്കായി ഈജിപ്തിലേക്കുള്ള അതിർത്തി കവാടമായ റഫ തുറന്നേക്കുമെന്ന് ഇസ്രായേൽ അധികൃതർ സൂചന നൽകി.
യൂറോപ്യൻ യൂനിയൻ ദൗത്യസംഘത്തിന്റെ മേൽനോട്ടത്തിലായിരിക്കും അതിർത്തി തുറക്കുയെന്നാണ് റിപ്പോർട്ട്. എന്നാൽ റഫ അതിർത്തി തുറക്കുന്നതു സംബന്ധിച്ച് ഇസ്രായേലുമായി ധാരണയിൽ എത്തിയിട്ടില്ലെന്ന് ഈജിപ്ത് അധികൃതർ പ്രതികരിച്ചു. അതിനിടെ, ഗസ്സയിൽ ഇസ്രയേൽ യുദ്ധകുറ്റം നടത്തിയെന്ന കാര്യം ഉറപ്പാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് പ്രതികരിച്ചു. യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഇരുപതിന ഗസ്സ സമാധാന പദ്ധതിക്ക് ഇസ്രായേൽ പാർലമെന്‍റ് അംഗീകാരം നൽകി. പ്രതിപക്ഷനേതാവ് യായിർ ലാപിഡ് അവതരിപ്പിച്ച പ്രമേയം പാർലമെന്‍റ് ശരിവെച്ചു. ഭരണകക്ഷി അംഗങ്ങൾ പക്ഷെ, വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
അതേസമയം ഇന്ത്യയുടെ പിന്തുണ എന്നും ഫലസ്തീന് ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഫലസ്തീനിലെ മനുഷ്യർക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ സാധിക്കണമെന്നും ഭീകരവാദത്തെ എപ്പോഴും അപലപിക്കണമെന്നും ഡൽഹിയിൽ നടന്ന ഫലസ്തീൻ ഐക്യദാർഢ്യ സംഗമത്തിന് നൽകിയ സന്ദേശത്തിൽ മോദി പറഞ്ഞു. ഐക്യരാഷ്ട്രസഭ പലസ്തീന് അനുകൂലമായി നൂറുകണക്കിന് പ്രമേയങ്ങൾ അംഗീകരിച്ചിട്ടുണ്ട്, പക്ഷേ ഇതെല്ലാം ഇപ്പോഴും വാക്കുകളിൽ മാത്രമാണെന്ന് ഫലസ്തീൻ അംബാസഡർ അബ്ദുല്ല അബു ഷാവേശ് പറഞ്ഞു.