'പ്രശ്‌നം വഷളാക്കരുത്'; ഗസ്സയിൽ നിന്ന് ഫലസ്തീനികളെ പുറന്തള്ളാനാകില്ലെന്ന് യുഎൻ സെക്രട്ടറി ജനറൽ

''സ്വന്തം മണ്ണിൽ മനുഷ്യരായി ജീവിക്കാനുള്ള അവകാശമാണ് ഫലസ്തീന്‍ ജനതക്ക് വേണ്ടത്. എന്നാല്‍ അത്തരം അവകാശങ്ങള്‍ ഇല്ലാതാകുന്നതാണ് നാം ഇപ്പോള്‍ കാണുന്നത്''

Update: 2025-02-06 02:35 GMT
Editor : rishad | By : Web Desk

ന്യൂയോര്‍ക്ക്: ഗസ്സയെ അമേരിക്ക സ്വന്തമാക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം. ഫലസ്തീനികളെ ഗസ്സയിൽ നിന്ന്​ പുറന്തള്ളാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന്​ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.

ഫലസ്തീനികളെ അവരുടെ മണ്ണിൽ നിന്ന്​ പുറന്തള്ളാനുള്ള ഏതൊരു നീക്കവും അന്താരാഷ്​ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗസ്സയിലെ അവസ്ഥയെ കുറിച്ചുള്ള യുഎൻ പ്രത്യേക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'സ്വന്തം മണ്ണിൽ മനുഷ്യരായി ജീവിക്കാനുള്ള അവകാശമാണ് ഫലസ്തീന്‍ ജനതക്ക് വേണ്ടത്. എന്നാല്‍ അത്തരം അവകാശങ്ങള്‍ ഇല്ലാതാകുന്നതാണ് നാം ഇപ്പോള്‍ കാണുന്നത്. ഒരു ജനതയെ മുഴുവൻ ഭയപ്പെടുത്തുന്ന വ്യവസ്ഥാപിതമായ നടപടികളാണ് അവിടെ'- അദ്ദേഹം പറഞ്ഞു.

Advertising
Advertising

'പരിഹാരങ്ങൾക്കായുള്ള അന്വേഷണം, പ്രശ്നം കൂടുതൽ വഷളാക്കുന്നതാകരുത്. അന്താരാഷ്‌ട്ര നിയമങ്ങളുടെ അടിസ്‌ഥാനത്തിൽ ഉറച്ചു നിൽക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഏതെങ്കിലും തരത്തിലുള്ള വംശീയ ഉന്മൂലനം ഒഴിവാക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാറിൻ്റെ ആദ്യ ഘട്ടമായ ഗസ്സയിൽ, സമ്പൂർണ വെടിനിർത്തലിനും ഗുട്ടറസ് ആഹ്വാനം ചെയ്തു. 

ഫലസ്തീനികള്‍ ഗസ്സയില്‍ നിന്ന് അയല്‍രാജ്യങ്ങളിലേക്ക് പോകണമെന്നും ഗസ്സയെ അമേരിക്ക പിടിച്ചെടുത്ത് പുനര്‍നിര്‍മിക്കുമെന്നുമായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. വൈറ്റ്ഹൗസിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ട്രംപ്‌.

ഗസ്സയില്‍ നിന്നും പുറത്തുപോകുന്ന ഫലസ്തീനികളെ ഈജിപ്തും ജോര്‍ദാനും ഉള്‍പ്പടെയുള്ള അറബ് രാജ്യങ്ങള്‍ സ്വീകരിക്കണമെന്നും ട്രംപ് പറഞ്ഞിരുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News