'സംഘര്‍ഷം ആഗ്രഹിക്കുന്നില്ല, യു.എസ് പ്രകോപിപ്പിച്ചാല്‍ തക്കതായ മറുപടി'; രക്ഷാ സമിതിയില്‍ നിലപാട് വ്യക്തമാക്കി ഇറാന്‍
ന്യൂയോര്‍ക്ക്: ഇറാനിലെ സംഘര്‍ഷ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ഐക്യരാഷ്ട്രസഭാ രക്ഷാ സമിതി അടിയന്തര യോഗം ചേര്‍ന്നു. യോഗത്തില്‍, ഇറാന്‌റെ ഡെപ്യൂട്ടി പ്രതിനിധി സാഹചര്യം വിശദീകരിച്ചു. യുഎസ് ഇറാനില്‍ സൈനികമായി ഇടപെടുമോയെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് രക്ഷാ സമിതി യോഗം.
ഇറാന്‍ ഒരു സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്നും, എന്നാല്‍ അമേരിക്കയുടെ ഏതൊരു പ്രകോപനത്തിനും മറുപടി നല്‍കുമെന്നും ഇറാന്‍ പ്രതിനിധി ഗുലാംഹുസ്സൈന്‍ ദര്‍സി പറഞ്ഞു. ഇറാനെ അസ്ഥിരപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള പ്രക്ഷോഭങ്ങളില്‍ അമേരിക്കക്ക് നേരിട്ട് പങ്കുണ്ടെന്നും ആരോപിച്ചു.
രക്ഷാസമിതിയിലെ യുഎസ് പ്രതിനിധി മൈക്ക് വാള്‍ട്‌സ് സംഘര്‍ഷത്തില്‍ ഇറാന്‍ ഭരണകൂടത്തെ കുറ്റപ്പെടുത്തിയാണ് സംസാരിച്ചത്. പ്രക്ഷോഭകരെ അടിച്ചമര്‍ത്തുകയാണെന്നും ഇന്‌റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയതിനാല്‍ ഇറാനിലെ യഥാര്‍ഥ സംഭവങ്ങള്‍ പുറത്തെത്തുന്നില്ലെന്നും യുഎസ് ആരോപിച്ചു. അതേസമയം, ഇറാനില്‍ സൈനികമായി ഇടപെടുമെന്ന ട്രംപിന്‌റെ മുന്‍ നിലപാടിനെ മെക്ക് വാള്‍ട്‌സ് പരാമര്‍ശിച്ചില്ല.
എന്നാല്‍, തന്‌റെ രാജ്യം സംഘര്‍ഷമോ ഏറ്റുമുട്ടലോ ആഗ്രഹിക്കുന്നില്ലെന്ന് ഗുലാംഹുസ്സൈന്‍ ദര്‍സി പറഞ്ഞു. എന്നാല്‍, നേരിട്ടോ പരോക്ഷമായോ ഉള്ള ഏതൊരു പ്രകോപനത്തെയും തക്കതായ രീതിയില്‍ യു.എന്‍ ചാര്‍ട്ടറിലെ ആര്‍ട്ടിക്കിള്‍ 51 അനുസരിച്ചു തന്നെ നേരിടും. ഇതൊരു ഭീഷണിയല്ല. യാഥാര്‍ഥ്യബോധത്തോടെയുള്ള പ്രസ്താവനയാണ്. എല്ലാത്തിന്‌റെയും ഉത്തരവാദിത്തം ഇതിന് തുടക്കമിട്ടവര്‍ക്കായിരിക്കും -അദ്ദേഹം പറഞ്ഞു.
ഇറാനില്‍ അറസ്റ്റിലായ പ്രക്ഷോഭകരോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നും വധശിക്ഷ ഉള്‍പ്പെടെ കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കരുതെന്നും ഐക്യരാഷ്ട്രസഭ അസിസ്റ്റന്‌റ് സെക്രട്ടറി ജനറല്‍ മാര്‍ത്താ പോബീ ആവശ്യപ്പെട്ടു. പ്രക്ഷോഭകരുടെ മരണങ്ങള്‍ സ്വതന്ത്രമായും സുതാര്യമായും അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രക്ഷോഭകരെ തൂക്കിലേറ്റാന്‍ ഇറാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ബുധനാഴ്ച തന്നെ വ്യക്തമാക്കിയിരുന്നു.
അതേസമയം, ഇറാനെ ആക്രമിക്കുമെന്ന മുന്‍ നിലപാടില്‍ നിന്ന് യുഎസ് പ്രസിഡന്‌റ് ഡോണള്‍ഡ് ട്രംപ് പിന്നോട്ടുപോയിരിക്കുകയാണ്. ഇറാനെ ആക്രമിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് ട്രംപ് വ്യക്തമാക്കിയതായി പാകിസ്താനിലെ ഇറാന്‍ നയതന്ത്രപ്രതിനിധി റിസ അമീരി മുഖദ്ദം ഇന്നലെ പറഞ്ഞിരുന്നു. ഇറാനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും നിലവിലെ സാഹചര്യത്തെ തെഹ്റാന്‍ സംയമനത്തോടെ നേരിടണമെന്ന് ട്രംപ് സൂചിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.