Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
വാഷിങ്ടൺ: ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് തീരുവ ഏര്‍പ്പെടുത്തിയതില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കോടതിയില്‍ തിരിച്ചടി. ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്‌സ് ആക്ട് (ഐഇഇപിഎ) ഉപയോഗിച്ച് മറ്റുരാജ്യങ്ങള്‍ക്ക് മേല്‍ ട്രംപ് ഏര്‍പ്പെടുത്തിയ തീരുവകള്‍ നിയമവിരുദ്ധമാണെന്ന് യുഎസിലെ അപ്പീല്‍ കോടതി വിധിച്ചു.
വാഷിങ്ടണ്‍ ഡിസിയിലെ യുഎസ് കോര്‍ട്ട് ഓഫ് അപ്പീല്‍സ് ഫോര്‍ ദി ഫെഡറല്‍ സര്‍ക്യൂട്ടാണ് ഈ വിധി പ്രസ്താവിച്ചത്. അടിയന്തിര സാമ്പത്തിക നിയമം ഉപയോഗിച്ച് ഏകപക്ഷീയമായി തീരുവകൾ പ്രഖ്യാപിച്ച് പ്രസിഡന്‍റ് അധികാര ദുർവിനിയോഗം നടത്തിയെന്നും കോടതി വ്യക്തമാക്കി.
തീരുവകൾ പ്രഖ്യാപിക്കാനുള്ള അധികാരം ഭരണഘടന അനുസരിച്ച് നിയമനിർമാണസഭക്ക് മാത്രമാണ്. കേസുകൾ തീരുന്നത് വരെ നിലവിലെ തീരുവകൾ തുടരാമെന്ന് കോടതി വ്യക്തമാക്കി. അടിയന്തര സാമ്പത്തിക അധികാര നിയമപ്രകാരം താരിഫുകള്‍ നടപ്പാക്കുമെന്ന ട്രംപിന്റെ തീരുമാനം യുഎസ് ഫെഡറല്‍ അപ്പീൽ കോടതി ഏഴ്-നാല് ഭൂരിപക്ഷ വിധിയിലൂടെയാണ് തള്ളിയത്.
ദേശീയ അടിയന്തരാവസ്ഥയില്‍ പ്രസിഡന്റിന് വിശാലമായ അധികാരങ്ങളുണ്ടെങ്കിലും ആ അധികാരങ്ങളില്‍ തീരുവകള്‍ ചുമത്തുന്നത് ഉള്‍പ്പെടുന്നില്ലെന്നും ലെവികള്‍ നിശ്ചയിക്കുന്നതില്‍ യുഎസ് കോണ്‍ഗ്രസിനാണ് അധികാരമെന്നും ഫെഡറൽ കോടതി പറഞ്ഞു.
അപ്പീല്‍കോടതിയുടെ വിധിയെ ഡൊണാള്‍ഡ് ട്രംപ് രൂക്ഷമായി വിമര്‍ശിച്ചു. കോടതിയുടെ വിധി തെറ്റാണെന്നും എല്ലാ തീരുവകളും നിലവിലുണ്ടെന്നും ട്രംപ് പറഞ്ഞു.