Writer - നൈന മുഹമ്മദ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
ന്യൂയോർക്ക്: യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും എലോൺ മസ്കും തമ്മിലുള്ള വാക് പോര് രൂക്ഷമാവുകയാണ്. ഇലോൺ മസ്കിന്റെ കമ്പനികൾക്ക് യുഎസ് സർക്കാരിന്റെ കരാറുകളും സബ്‌സിഡികളും നൽകുന്നത് നിർത്തലാക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.
നികുതി ഇളവുകൾ വഴി ലഭിച്ചത് 38 ബില്യൺ ഡോളറാണ്. മസ്കുമായുള്ള നല്ല ബന്ധം ഇനി തുടരുമോ എന്നറിയില്ല. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ നിരാശനാണെന്നും ട്രംപ് പറഞ്ഞു. ട്രംപിന്റെ പ്രതികരണത്തിന് പിന്നാലെ ടെസ്ലയുടെ ഓഹരികൾ 15 ശതമാനം ഇടിഞ്ഞു.
അതേസമയം, കരാറുകൾ നിർത്തലാക്കിയാൽ സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകം ഉടൻ പിൻവലിക്കുമെന്നും മസ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
ട്രംപ് - മസ്ക് ബന്ധം വഷളായതിനു പിന്നാലെ മസ്കിന്റെ കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലാണ്.
ഡോണൾഡ് ട്രംപ് നന്ദികേട് പറയുകയാണ്, തന്റെ സഹായമില്ലായിരുന്നെങ്കിൽ 2024 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് തോറ്റുപോയേനെയെന്നും ഇലോൺ മസ്ക് കുറ്റപ്പെടുത്തിയിരുന്നു.
ജനക്ഷേമ പ്രവർത്തനങ്ങൾക്കായി സർക്കാർ ചെലവ് വർധിപ്പിക്കാനും പ്രാദേശിക നികുതികൾ കുറയ്ക്കാനും ലക്ഷ്യമാക്കി അവതരിപ്പിച്ച നികുതി നിയമത്തിനെതിരെ ഇലോൺ മസ്ക് വിമർശനമുന്നയിച്ചതിൽ ഡോണൾഡ് ട്രംപ് നിരാശ പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികരണവുമായി ഇലോൺ മസ്ക് എത്തിയത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ജെഫ്രി എപ്സ്റ്റൈൻ ബാലപീഡന കേസിൽ ആരോപണവുമായി മസ്ക് രംഗത്തിെത്തിയതിന് പിന്നാലെയാണ് ഇവർക്കിടയിലെ ബന്ധത്തിൽ വിള്ളലുണ്ടായത്.