Writer - രാഗേന്ദു പി.ആർ
Web Journalist
വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ യുഎസ് പൗരന്മാര്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കി അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം. ഇറാനില്‍ നിന്നോ ഇറാന്‍ അനുകൂല ഹൂത്തി വിഭാഗങ്ങളില്‍ നിന്നോ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണ ഭീഷണിയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ പശ്ചിമേഷ്യയിലെ 12 രാജ്യങ്ങളിലുള്ള അമേരിക്കന്‍ പൗരന്മാരോടാണ് യുഎസ് ജാഗ്രത പാലിക്കാന്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വ്യോമപാതകള്‍ അടക്കാനും വിമാന സര്‍വീസുകള്‍ പെട്ടെന്ന് റദ്ദാക്കാനും സാധ്യതയുണ്ട്.
പശ്ചിമേഷ്യയിലുള്ളവര്‍ യാത്രാ തടസ്സങ്ങള്‍ നേരിടാന്‍ തയ്യാറായിരിക്കണമെന്നും യുഎസ് എംബസികള്‍ അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ ജോര്‍ദാന്‍, ഇറാഖ്, ലബനന്‍, യമന്‍, ഇറാന്‍, ഇസ്രായേല്‍ എന്നിവിടങ്ങളിലെ യുഎസ് നയതന്ത്ര കാര്യാലയങ്ങളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം ഇറാന്‍ തങ്ങളുടെ നിലപാടുകളും പ്രവര്‍ത്തനങ്ങളും ഉടന്‍ മാറ്റിയില്ലെങ്കില്‍, തുടര്‍നടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് ട്രംപിന്റെ പരാമര്‍ശം.
ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശം ഇപ്പോഴും പരിഗണനയിലുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. യുഎസ് തെറ്റായ കണക്കുകൂട്ടലുകള്‍ക്ക് നില്‍ക്കരുതെന്ന് ഇറാന്‍ പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പുമുണ്ട്.
അമേരിക്കന്‍ ഉപരോധങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലും ഇറാന്റെ എണ്ണ ഉല്‍പാദന ശേഷിയില്‍ ഗണ്യമായ വര്‍ധനവുണ്ടായെന്ന് ഇറാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ പറയുന്നു.