Writer - രാഗേന്ദു പി.ആർ
Web Journalist
വാഷിങ്ടണ്‍: ഇറാനെതിരായ ആക്രമണം തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സാമ്പത്തികമായും സൈനികമായും ഇറാനെതിരെ ശക്തമായ ആക്രമണം നടത്തും. സംഘര്‍ഷത്തില്‍ റഷ്യ ഇതുവരെ ഇടപെട്ടതായി തെളിവില്ലെന്നും ട്രംപ് പറഞ്ഞു.
ആക്രമണം പുനരാരംഭിച്ചാല്‍ ഗള്‍ഫ് ഉള്‍പ്പെടെ അമേരിക്കയിലെ ഒമ്പത് സഖ്യരാജ്യങ്ങളില്‍ തിരിച്ചടിക്കുമെന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖാംനഈയുടെ ഉപദേഷ്ടാവ് മുഹമ്മദ് മൊഖ്ബര്‍ മുന്നറിയിപ്പ് നല്‍കി.
സംഘര്‍ഷം കനക്കുന്നതിനിടെ, പാക് സൈനിക മേധാവി അസിം മുനീര്‍ ഇന്ന് ഇറാന്‍ സന്ദര്‍ശിക്കും. യുഎസിനും ഇറാനും ഇടയിലെ പ്രശ്‌നപരിഹാരം ലക്ഷ്യമിട്ടാണ് നിര്‍ണായക സന്ദര്‍ശനം. ഇറാന്‍ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരുമായി അസിം മുനീര്‍ ചര്‍ച്ച നടത്തും.
കഴിഞ്ഞ ദിവസം പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ അമേരിക്കന്‍ പൗരന്മാര്‍ക്ക് യുഎസ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഇറാനില്‍ നിന്നോ ഇറാന്‍ അനുകൂല ഹൂത്തി വിഭാഗങ്ങളില്‍ നിന്നോ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണ ഭീഷണിയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ പശ്ചിമേഷ്യയിലെ 12 രാജ്യങ്ങളിലുള്ള അമേരിക്കന്‍ പൗരന്മാരോടാണ് യുഎസ് ജാഗ്രത പാലിക്കാന്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വ്യോമപാതകള്‍ അടക്കാനും വിമാന സര്‍വീസുകള്‍ പെട്ടെന്ന് റദ്ദാക്കാനും സാധ്യതയുണ്ട്.
പശ്ചിമേഷ്യയിലുള്ളവര്‍ യാത്രാ തടസ്സങ്ങള്‍ നേരിടാന്‍ തയ്യാറായിരിക്കണമെന്നും യുഎസ് എംബസികള്‍ അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ ജോര്‍ദാന്‍, ഇറാഖ്, ലബനന്‍, യമന്‍, ഇറാന്‍, ഇസ്രായേല്‍ എന്നിവിടങ്ങളിലെ യുഎസ് നയതന്ത്ര കാര്യാലയങ്ങളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.