യുക്രൈനിൽ ഒരിക്കലും സൈന്യത്തെ അയക്കില്ല, റഷ്യയും യുഎസും ഏറ്റുമുട്ടിയാൽ ലോകയുദ്ധം: ജോ ബൈഡൻ

യുക്രൈനിൽ റഷ്യൻ അധിനിവേശം നടത്തിയാൽ യുഎസിന് തങ്ങളുടെ പൗരന്മാരെ രക്ഷപ്പെടുത്താനാകില്ലെന്ന് പുതിയ നിർദേശങ്ങളിലൂടെ തീർത്തുപറഞ്ഞിരിക്കുകയാണ്

Update: 2022-02-11 09:24 GMT
Advertising

യുക്രൈനിൽ റഷ്യൻ അധിനിവേശമുണ്ടായാൽ തങ്ങളുടെ പൗരന്മാരെ രക്ഷിക്കാൻ വേണ്ടി പോലും സൈന്യത്തെ അയക്കില്ലെന്നും അമേരിക്കയുടെയും റഷ്യയുടെയും സൈനികർ പരസ്പരം വെടിവെക്കുന്നത് ലോകമഹായുദ്ധമാണെന്നും എന്നാൽ നമ്മളിപ്പോൾ ജീവിക്കുന്നത് മറ്റൊരു ലോകത്താണെന്നും യു.എസ് പ്രസിഡൻറ് ജോ ബൈഡൻ. റഷ്യ അധിനിവേശം നടത്താൻ സാധ്യത നിലനിൽക്കേ തങ്ങളുടെ പൗരന്മാരോട് യുക്രൈൻ വിടാൻ വീണ്ടും നിർദേശിച്ച് ബൈഡൻ നിർദേശിച്ചിരുന്നു. എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ബൈഡൻ തങ്ങളുടെ പൗരന്മാരോട് കിഴക്കൻ യൂറോപ്പിലെ യുക്രൈനിൽ നിന്ന് മടങ്ങാൻ നിർദേശിച്ചത്. കഴിഞ്ഞ ആഴ്ചയും സമാന നിർദേശം ബൈഡൻ നൽകിയിരുന്നു. 'ഏതെങ്കിലും തീവ്രവാദ സംഘവുമായി ഏറ്റുമുട്ടുന്നത് പോലെയല്ലിത്, ലോകത്തിലെ ഏറ്റവും വലിയ സൈന്യമുള്ള രാജ്യത്തോടാണ് ഇടപെടുന്നത്. അതിനാൽ കാര്യങ്ങൾ പെട്ടെന്ന് അപകടകരമായേക്കും' ബൈഡൻ പറഞ്ഞു.

യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെൻറ് കഴിഞ്ഞ ദിവസം തങ്ങളുടെ പൗരന്മാരോട് യുക്രൈൻ വിടാൻ നിർദേശിച്ചിരുന്നു. റഷ്യയുടെ സൈനിക നടപടിയുണ്ടാകാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നിർദേശം. സൈനിക നടപടിയും കോവിഡും നിലനിൽക്കേ യുഎസ് പൗരന്മാർ യുക്രൈനിലേക്ക് പോകരുതെന്നും അവിടെയുള്ളവർ സ്വകാര്യ സംവിധാനങ്ങൾ വഴി തിരിച്ചെത്തണമെന്നും നിർദേശം നൽകിയിരുന്നു. യുക്രൈനിൽ റഷ്യൻ അധിനിവേശം നടത്തിയാൽ യുഎസിന് തങ്ങളുടെ പൗരന്മാരെ രക്ഷപ്പെടുത്താനാകില്ലെന്ന് പുതിയ നിർദേശങ്ങളിലൂടെ തീർത്തുപറഞ്ഞിരിക്കുകയാണ്.

അതേസമയം യുക്രൈൻ അതിർത്തിയിൽ കൂടുതൽ സൈന്യത്തെയും പടക്കോപ്പുകളും റഷ്യ വിന്യസിച്ചു. യു.എസ് കിഴക്കൻ യൂറോപ്പിലും യുക്രൈനിലുമായി കൂടുതൽ സൈന്യത്തെ അയച്ചതിനു പിന്നാലെയാണ് റഷ്യ യുദ്ധസന്നാഹങ്ങൾ ഊർജിതമാക്കിയത്. യുക്രൈൻ അതിർത്തിയിലെ റഷ്യൻ നീക്കത്തിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തെത്തിയിട്ടുണ്ട്. സൈന്യത്തിന്റെ എണ്ണം കൂട്ടിയതിനു പുറമെ വൻതോതിലുള്ള കവചിത വാഹനങ്ങളും പടക്കോപ്പുകളും ആയുധസാമഗ്രികളുമെല്ലാം ഇവിടെ വിന്യസിച്ചിട്ടുണ്ട്. റഷ്യൻ നിയന്ത്രണത്തിലുള്ള ക്രീമിയയിലും അയൽരാജ്യമായ ബെലാറസിലുമെല്ലാം സൈനിക മുന്നൊരുക്കങ്ങൾ ആരംഭിച്ചതായാണ് റിപ്പോർട്ട്. ഒരു ലക്ഷത്തോളം റഷ്യൻ സൈനികർ യുക്രൈൻ അതിർത്തിയിലും ക്രീമിയയിലുമായി വിന്യസിക്കപ്പെട്ടിട്ടുണ്ടെന്നാണ് രാജ്യാന്തര വാർത്താ ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്തത്. ക്രീമിയയിൽ പുതുതായി വിന്യസിക്കപ്പെട്ട സൈനികർക്കായി താൽക്കാലിക പാർപ്പിടങ്ങളും ടെന്റുകളും സജ്ജീകരിച്ചുകഴിഞ്ഞിട്ടുണ്ട്.

US President Joe Biden has said that the Russian occupation of Ukraine will not even send troops to rescue its citizens, and that US and Russian troops are shooting at each other in World War, but that we now live in another world.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News