സഹായിക്കാൻ പണമില്ല: യുക്രൈന്റെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് യുഎസ്

യുക്രൈനെ സഹായിക്കാൻ പണം തീർന്നതായി വൈറ്റ് ഹൗസ് ബജറ്റ് ഡയറക്ടർ ശലന്ദ യംഗ് മുന്നറിയിപ്പ് നൽകിയിരുന്നു

Update: 2023-12-06 09:41 GMT
Editor : banuisahak | By : Web Desk
Advertising

റഷ്യയുമായുള്ള യുദ്ധത്തിൽ യുക്രൈൻ പരാജയപ്പെടുകയാണെങ്കിൽ അതിന്റെ ഉത്തരവാദിത്തം തങ്ങൾ ഏറ്റെടുക്കുമെന്ന് യുഎസ്. യുക്രൈനെ സഹായിക്കുന്നതിനായി ബൈഡൻ ഭരണകൂടം ആവശ്യപ്പെട്ട തുക യുഎസ് കോൺഗ്രസ് അനുവദിച്ചില്ലെങ്കിൽ യുക്രൈന്റെ പരാജയത്തിന് യുഎസ് ഉത്തരവാദിയാകുമെന്ന് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലൻ പറഞ്ഞു. 

ഭരണകൂടം ആവശ്യപ്പെട്ട തുക യുക്രൈന്റെ പൊതു ബജറ്റ് പിന്തുണയ്ക്ക് തികച്ചും അത്യന്താപേക്ഷിതമാണെന്ന് ജാനറ്റ് ചൂണ്ടിക്കാട്ടി. യുഎസ് കോൺഗ്രസ് അംഗങ്ങളുമായി സംസാരിച്ചു. ഇതൊരു ഭയാനകമായ സാഹചര്യമാണ്. ആവശ്യമായ ധനസഹായം ലഭ്യമാക്കിയില്ലെങ്കിൽ യുക്രൈന്റെ പരാജയത്തിന് നാം സ്വയം ഉത്തരവാദികളാകുമെന്ന് അധികൃതർ മനസിലാക്കുമെന്നാണ് പ്രതീക്ഷയെന്നും ജാനറ്റ് പറഞ്ഞു. 

യുഎസ് സഹായം വൈകുന്നത് വലിയ അപകടസാധ്യതയാണ് യുക്രൈന് മുന്നിൽ സൃഷ്ടിക്കുന്നതെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയുടെ ചീഫ് ഓഫ് സ്റ്റാഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിഷയം യുഎസ് കോൺഗ്രസിനെ നേരിട്ട് അറിയിക്കാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും സെലൻസ്കി പിന്നീടത് ഉപേക്ഷിച്ചു. യുഎസ് ഇമിഗ്രേഷൻ, അതിർത്തി നയങ്ങളുടെ നവീകരണവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക്കൻ പാർട്ടിയുടെ ആവശ്യങ്ങളെ ചൊല്ലി കോൺഗ്രസ് തർക്കിച്ചതിനെ തുടർന്നാണ് സെലൻസ്കി പിന്മാറിയത്. 

ഒക്ടോബറിൽ യുക്രൈൻ, ഇസ്രായേൽ രാജ്യങ്ങളെ സഹായിക്കാനും യുഎസ് അതിർത്തി സുരക്ഷക്കുമായി ഏകദേശം 106 ബില്യൺ ഡോളർ ആണ് ജോ ബൈഡൻ ഭരണകൂടം യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, യുക്രൈനെ സഹായിക്കാൻ പണം തീർന്നതായി വൈറ്റ് ഹൗസ് ബജറ്റ് ഡയറക്ടർ ശലന്ദ യംഗ് മുന്നറിയിപ്പ് നൽകി. തങ്ങളുടെ സമയവും പണവും ഇല്ലാതായതായി റിപ്പബ്ലിക്കൻ ഹൗസ് സ്പീക്കർ മൈക്ക് ജോൺസണും മറ്റ് യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസ് നേതാക്കൾക്കും അയച്ച കത്തിലാണ് മുന്നറിയിപ്പ് നൽകിയത്. 

റഷ്യയുടെ ആക്രമണത്തിനെതിരായ പോരാട്ടത്തിൽ യുക്രൈനെ സഹായിക്കാൻ യൂറോപ്പിലെ യുഎസ് സഖ്യകക്ഷികൾക്കും ധനസഹായം അത്യന്താപേക്ഷിതമാണെന്ന് ജാനറ്റ് യെല്ലൻ പറഞ്ഞു. നികുതി വരുമാനം, സൈനിക ശമ്പളം, പ്രതിരോധം എന്നിവയ്‌ക്കായി അവർക്ക് ലഭിക്കുന്ന തുകയേക്കാൾ കൂടുതലാണ് അവർ ചെലവഴിക്കുന്നത്. യുഎസ് അയക്കുന്ന സഹായമില്ലെങ്കിൽ യുക്രൈനിൽ ആശുപത്രികളോ സ്‌കൂളുകളോ പോലും ഉണ്ടാകില്ലെന്നും ജാനറ്റ് മുന്നറിയിപ്പ് നൽകി. 

2022 ഫെബ്രുവരിയിലാണ് യുക്രൈനിൽ റഷ്യ അധിനിവേശം ആരംഭിച്ചത്. തുടർന്നുണ്ടായ സംഘർഷങ്ങൾ ഇപ്പോഴും തുടരുകയാണ്. യുക്രൈന്‍ സൈന്യവും അവരോടൊപ്പം ചേര്‍ന്ന് ജനങ്ങളും നടത്തിയ അതിശക്തമായ പ്രതിരോധത്തില്‍ യുഎസിന്റെ പിന്തുണ ഒരു പ്രധാന ഘടകമായിരുന്നു.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News