' റഷ്യയിൽ നിന്നും എണ്ണ വാങ്ങിയാൽ നിങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ തകർക്കും': ഇന്ത്യക്കും ചൈനക്കും മുന്നറിയിപ്പുമായി യുഎസ്

റഷ്യൻ എണ്ണ വാങ്ങുന്ന ചൈന, ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾക്ക് മേൽ ട്രംപ് തീരുവ ചുമത്താൻ പോകുന്നു

Update: 2025-07-22 09:18 GMT
Editor : Jaisy Thomas | By : Web Desk

വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്ന രാജ്യങ്ങൾക്ക് മേൽ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് കടുത്ത തീരുവ ചുമത്തുമെന്ന് അമേരിക്ക. ഇന്ത്യ, ചൈന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു യുഎസ് സെനറ്റർ ലിൻഡ്സെ ഗ്രഹാമിന്‍റെ മുന്നറിയിപ്പ്.

"റഷ്യൻ എണ്ണ വാങ്ങുന്ന ചൈന, ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾക്ക് മേൽ ട്രംപ് തീരുവ ചുമത്താൻ പോകുന്നു.ഈ മൂന്ന് രാജ്യങ്ങളും വിലകുറഞ്ഞ റഷ്യൻ എണ്ണയുടെ 80 ശതമാനവും വാങ്ങുന്നു, അതാണ് പുടിന്‍റെ യുദ്ധ യന്ത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. അതുകൊണ്ട് പുടിനെ സഹായിച്ചതിന് ശിക്ഷയായി ട്രംപ് ആ രാജ്യങ്ങൾക്കെല്ലാം 100 ശതമാനം തീരുവ ചുമത്തും'' ഗ്രഹാം ഫോക്സ് ന്യൂസിനോട് പറഞ്ഞു. റഷ്യൻ പ്രസിഡന്‍റിന് ആ ഉപരോധങ്ങളെ അതിജീവിക്കാൻ കഴിയുമെന്നും റഷ്യൻ സൈനികരെ അവഗണിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാൽ ചൈനയും ഇന്ത്യയും ബ്രസീലും "അമേരിക്കൻ സമ്പദ്‌വ്യവസ്ഥയോ പുടിനെ സഹായിക്കണോ എന്നതിൽ രണ്ടിൽ ഒന്ന് തെരഞ്ഞെടുക്കാൻ പോകുകയാണ്" എന്ന് ഗ്രഹാം വ്യക്തമാക്കി.അവർ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ തിരഞ്ഞെടുക്കുമെന്ന് ഞാൻ കരുതുന്നുവെന്ന് യുഎസ് സെനറ്റർ കൂട്ടിച്ചേർത്തു.

Advertising
Advertising

"ചൈനയോടും ഇന്ത്യയോടും ബ്രസീലിനോടും എനിക്ക് പറയാനുള്ളത് ഇതാണ്: ഈ യുദ്ധം തുടരാൻ വേണ്ടി നിങ്ങൾ വിലകുറഞ്ഞ റഷ്യൻ എണ്ണ വാങ്ങുന്നത് തുടർന്നാൽ, ഞങ്ങൾ നിങ്ങളെ കീറിമുറിച്ച് നിങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ തകർക്കും, കാരണം നിങ്ങൾ രക്തം ചിന്താൻ പണം നൽകുകയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

സോവിയറ്റ് യൂണിയനെ പിന്തുണയ്ക്കാത്ത രാജ്യങ്ങളെ ആക്രമിച്ച് പഴയ സോവിയറ്റ് യൂണിയനെ പുനഃസൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് പുടിനെ പരാമര്‍ശിച്ചുകൊണ്ട് ഗ്രഹാം പറഞ്ഞു. "പുടിൻ തന്‍റേതല്ലാത്ത രാജ്യങ്ങളെ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നു. 90-കളുടെ മധ്യത്തിൽ, റഷ്യ അവരുടെ പരമാധികാരം ബഹുമാനിക്കുമെന്ന വാഗ്ദാനത്തോടെ യുക്രൈൻ 1,700 ആണവായുധങ്ങൾ ഉപേക്ഷിച്ചു. പുടിൻ ആ വാഗ്ദാനം ലംഘിച്ചു," അദ്ദേഹം ആരോപിച്ചു. "ആരെങ്കിലും നിർത്താൻ നിർബന്ധിക്കുന്നതുവരെ അദ്ദേഹം (പുടിൻ) നിർത്താൻ പോകുന്നില്ല," ഗ്രഹാം കൂട്ടിച്ചേർത്തു. 'അവിശ്വസനീയമാംവിധം അപകടകരമായി ഇറാനെ ട്രംപ് കൈകാര്യം ചെയ്തതിന് ശേഷം, പുടിന്‍റെ ഊഴം വരുന്നു എന്ന് പറഞ്ഞുകൊണ്ട് യുഎസ് സെനറ്റർ മുന്നറിയിപ്പ് നൽകി.

റഷ്യയുമായുള്ള ബന്ധം തുടര്‍ന്നാല്‍ കടുത്ത സാമ്പത്തിക പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് നാറ്റോയും മുന്നറിയിപ്പ് നൽകിയിരുന്നു. ''നിങ്ങള്‍ ബെയ്ജിങ്ങിലോ ഡല്‍ഹിയിലോ ആണ് താമസിക്കുന്നതെങ്കില്‍, അല്ലെങ്കില്‍ നിങ്ങള്‍ ബ്രസീലിന്റെ പ്രസിഡന്റാണെങ്കില്‍, ഇതു ശ്രദ്ധിക്കുക. കാരണം നിങ്ങളെ ഇത് ഗൗരതരമായി ബാധിക്കും. അതിനാല്‍ ദയവായി പുടിനോട് സംസാരിച്ച് സമാധാന ചര്‍ച്ചകള്‍ നടത്തുക, അല്ലെങ്കില്‍ ബ്രസീലും ഇന്ത്യയും ചൈനയും കനത്ത തിരിച്ചടി നേരിടേണ്ടി വരും'' നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ട് പറഞ്ഞു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News