'ഫലസ്തീനികൾ അവരുടെ മണ്ണിൽ തന്നെ കഴിയണം'- ട്രംപിനെതിരെ വത്തിക്കാന്‍
"ഫലസ്തീനികൾ അവരുടെ മണ്ണിൽ തന്നെ നിൽക്കുകയാണ് വേണ്ടത്, അവരെ എവിടേക്കും പറിച്ച് നടേണ്ട ആവശ്യമില്ല.... ഒരു കുടിയിറക്കലും വേണ്ട"
ഫലസ്തീനികൾ ഗസ്സയിൽ നിന്ന് ഒഴിഞ്ഞ് പോകണമെന്നും ഗസ്സയെ അമേരിക്ക ഏറ്റെടുക്കും എന്നുമൊക്കെയുള്ള ട്രംപിന്റെ പ്രസ്താവന വിവാദങ്ങളുടെ കൊടുമുടി കയറിയിരിക്കുകയാണ്. ഫലസ്തീനികൾ ഗസ്സ വിട്ട് ജോർദാനിലേക്കും ഈജിപ്തിലേക്കുമൊക്കെ പോകണമെന്നായിരുന്നു ട്രംപിന്റെ വാക്കുകൾ. ഇതിനോട് ഇസ്രായേലല്ലാതെ മറ്റ് ലോകരാജ്യങ്ങളൊന്നും തന്നെ പച്ചക്കൊടി കാട്ടിയില്ല. ഗസ്സ ഗസ്സക്കാരുടേത് തന്നെയാണെന്നായിരുന്നു ആദ്യം മുതലേ ഉയർന്ന മറുവാദം. യുഎന്നുൾപ്പടെ ട്രംപിന്റെ പ്രസ്താവനയെ അപലപിക്കുകയും ചെയ്തു.
ഇപ്പോഴിതാ വിഷയത്തിൽ വത്തിക്കാനും അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ്. ഫലസ്തീനികൾ അവരുടെ മണ്ണിൽ തന്നെ നിൽക്കണം എന്ന നിലപാടാണ് വത്തിക്കാൻ അറിയിച്ചിരിക്കുന്നത്. വത്തിക്കാൻ സ്‌റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോലിന്റേതാണ് പരാമർശം. ഫലസ്തീനിൽ നിന്ന് ആരും എവിടെയും പോകുന്നില്ല എന്നും വത്തിക്കാന്റെ നിർദേശം അതാണെന്നും വ്യാഴാഴ്ച നടന്ന യോഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. ഫലസ്തീനികളെ ഗസ്സയിൽ നിന്ന് മാറ്റിപ്പാർപ്പിക്കുന്നതിൽ ഒരർഥവുമില്ലെന്നും പരോലിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ അൻസ റിപ്പോർട്ട് ചെയ്തു.
പരോലിന്റെ വാക്കുകൾ ഇങ്ങനെ-
ഫലസ്തീനികൾ അവരുടെ മണ്ണിൽ തന്നെ നിൽക്കുകയാണ് വേണ്ടത്. അവരെ എവിടേക്കും പറിച്ച് നടേണ്ട ആവശ്യമില്ല. വത്തിക്കാന്റെ നിലപാട് അതാണ്- ഒരു കുടിയിറക്കലും വേണ്ട. ഗസ്സയിൽ നിന്ന് ഫലസ്തീനികളെ മാറ്റിയാൽ അത് അനാവശ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കും- പ്രാദേശിപരമായി ഉൾപ്പടെ. ജോർദാൻ ഒക്കെ ഈ നീക്കത്തെ എതിർത്ത് പരസ്യമായി രംഗത്ത് വന്നിരുന്നുവല്ലോ.. അത് തന്നെയല്ല, ഫലസ്തീനികളെ കുടിയൊഴിപ്പിക്കേണ്ടതിന്റെ ഒരാവശ്യവും വത്തിക്കാൻ കാണുന്നില്ല. അതവരുടെ മണ്ണാണ്. അവരവിടെ തന്നെ തുടരട്ടെ... രണ്ട് രാജ്യങ്ങൾ എന്നതാണ് എന്ത് കൊണ്ടും നല്ലത് എന്നാണ് വത്തിക്കാന്റെ അഭിപ്രായം. അത് ജനങ്ങൾക്ക് പ്രതീക്ഷയും നൽകും. ഫലസ്തീനികൾക്ക് അവരുടെ മണ്ണ് പൂർണമായും വിട്ടുനൽകുക.
ഫലസ്തീനികളെ കുടിയിറക്കാനുള്ള ട്രംപിന്റെ തീരുമാനത്തെ ഫ്രാൻസിസ് മാർപ്പാപ്പ തുടക്കത്തിൽ തന്നെ വിമർശിച്ചിരുന്നു. യുഎസിലെ ബിഷപ്പുമാരെ അഭിസംബോധന ചെയ്ത് അയച്ച കത്തിൽ, ഗസ്സയിൽ നിന്ന് ഫലസ്തീനികളെ കുടിയിറക്കുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് മാർപ്പാപ്പ ചൂണ്ടിക്കാട്ടിയത്. അമേരിക്കയുടെ പുതിയ നയം കുടിയേറ്റക്കാരുടെ ആത്മാഭിമാനം വ്രണപ്പെടുത്തുന്നതാണെന്നും മാർപ്പാപ്പ വിമർശിച്ചിരുന്നു. ഇതിന് തണുപ്പൻ മട്ടിൽ യുഎസ് പ്രതികരിക്കുകയും ചെയ്തു. മാർപ്പാപ്പ സഭയുടെ കാര്യം നോക്കിയാൽ മതിയെന്നും അതിർത്തി സംബന്ധിച്ച പ്രശ്‌നങ്ങൾ ഞങ്ങൾ നോക്കിക്കോളാമെന്നും യുഎസിന്റെ രാഷ്ട്രീയ ഉപദേഷ്ടാവും നിയമജ്ഞനുമായ ടോം ഹോമന്റെ മറുപടി.
ഗസ്സ വിഷയത്തിൽ ഫലസ്തീനികൾക്കനുകൂലമായ നിലപാടുകളാണ് വത്തിക്കാൻ എന്നും എടുത്തിട്ടുള്ളത്. ഒക്ടോബർ 7ലെ ഹമാസ് ആക്രമണത്തിന് മറുപടി നൽകിയാൽ ഇസ്രായേൽ വംശഹത്യ ആയിരിക്കും ചെയ്യുക എന്ന് മാർപ്പാപ്പ ആദ്യം തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. തന്നെയല്ല, അടുത്തിടെ ഗസ്സയിൽ വെടിനിർത്തലിന് മുൻകൈ എടുത്തവർക്ക് മാർപ്പാപ്പ പരസ്യമായി നന്ദിയും അറിയിച്ചു. ഈ നന്ദിപ്രകടനത്തിന് ഇസ്രായേലിലെ റബ്ബി കൗൺസിൽ ചീഫ് എലിസർ സിംച വെയ്ഷ് അയച്ച തുറന്ന കത്ത് വലിയ വാർത്തയായിരുന്നു. ഗസ്സ വിഷയത്തിലെ നിലപാടുകൾ മാർപ്പാപ്പ പുനരവലോകനം ചെയ്യണം എന്നായിരുന്നു കത്തിലൂടെ റബ്ബിയുടെ ആവശ്യം.
മാർപ്പാപ്പയെ അഭിസംബോധന ചെയ്‌തെഴുതിയ ആ കത്തിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്-
ഇസ്രായേലിനെ ബന്ധപ്പെടുത്തി അങ്ങ് നടത്തുന്ന വാക്കുകളും പ്രവൃത്തികളും നിരാശാജനകമാണെന്ന് മാത്രമല്ല, അത് ചരിത്രപരമായ ഒരു അപകടത്തെ സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട്. പണ്ടത്തെ മാർപ്പാപ്പമാരുടേത് പോലല്ല, ഈ ആധുനിക കാലത്ത് അങ്ങയുടെ ഓരോ വാക്കും ശരവേഗത്തിൽ ജനലക്ഷങ്ങളിലേക്കെത്തും. വലിയ ഉത്തരവാദിത്തമാണ് അങ്ങേയ്ക്കുള്ളത്. പക്ഷേ കാത്തോലിക്കാ സഭയുടെ ചരിത്രം ആവർത്തിക്കുകയാണ് അങ്ങും- തെറ്റായ ആരോപണങ്ങളുയർത്തി ജൂതന്മാർക്ക് നേരെ അക്രമം അഴിച്ചു വിടുക.
ഒക്ടോബർ 7 മുതൽ അങ്ങീ കാണിക്കുന്ന പക്ഷപാതം കണ്ടില്ലെന്ന് നടിക്കാനാവില്ല. അങ്ങയുടെ ഓരോ വാക്കും ഒട്ടനേകം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നുണ്ട്.. നവമാധ്യമങ്ങളിലൂടെ ലോകത്തത് ആഞ്ഞടിക്കുന്നുണ്ട്... എന്നിട്ടും, തങ്ങളുടെ പൗരന്മാരെ പ്രതിരോധിക്കുന്ന ഒരു ജനാധിപത്യ രാജ്യവും ഹോളോകോസ്റ്റ് മുതൽ ജൂതരെ വേട്ടയാടുന്ന ഒരു കൂട്ടം തീവ്രവാദികളും തമ്മിലെ തെറ്റായ ഒരു ധാർമിക സമാനത വരച്ചുകാട്ടാൻ ശ്രമിക്കുകയാണ് അങ്ങ്.
ഫലസ്തീനികളെ കുടിയിറക്കാനുള്ള ട്രംപിന്റെ തീരുമാനം അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ലോകരാജ്യങ്ങൾ നേരത്തേ തന്നെ രംഗത്ത് വന്നിരുന്നു. ഈജിപ്തും ജോർദാനും സൗദി അറേബ്യയുമെല്ലാം കടുത്ത എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. ഫലസ്തീനികളെ നിർബന്ധിച്ച് കുടിയിറക്കുന്നതിന് തങ്ങൾ എതിരാണെന്ന് ഈജിപ്ത് ആദ്യമേ നിലപാടറിയിച്ചിരുന്നു. ഫലസ്തീനികളെ ഒഴിപ്പിക്കാതെ തന്നെയുള്ള ഗസ്സയുടെ പുനർനിർമാണത്തിനാണ് തങ്ങളുടെ ശ്രമമെന്നായിരുന്നു ഈജിപ്ത് വ്യക്തമാക്കിയ നയം. ഇതേ നിലപാട് തന്നെയായിരുന്നു ജോർദാനും സൗദി അറേബ്യയ്ക്കും. ഫലസ്തീനികൾക്ക് മാനുഷികമായ പരിഗണന വരുത്തുകയാണ് തങ്ങളുടെ അജണ്ട എന്നാണ് ഇരുരാജ്യങ്ങളും പ്രതികരിച്ചത്.