വിലക്കയറ്റവും പ്രതിസന്ധിയും റോക്കറ്റ് പോലെ; ശ്രീലങ്കയിൽ അപ്പോഴും ബീസ്റ്റ് 'ഹൗസ്ഫുൾ'!

കടുത്ത സാമ്പത്തിക ഞെരുക്കത്തിലും ശ്രീലങ്കയിൽ പലയിടത്തും തിയറ്ററുകളിൽ ചിത്രത്തിന്റെ ആദ്യദിന പ്രദർശനമെല്ലാം ബുക് ചെയ്തു കഴിഞ്ഞിട്ടുണ്ട്!

Update: 2022-04-11 16:21 GMT
Editor : Shaheer | By : Web Desk
Advertising

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള വിലക്കയറ്റത്തിൽ പൊറുതിമുട്ടുകയാണ് ശ്രീലങ്കൻ ജനത. ഭക്ഷ്യക്ഷാമത്തിനും ഇന്ധനക്ഷാമത്തിനും മണിക്കൂറുകളോളമുള്ള വൈദ്യുതി മുടക്കത്തിനും പുറമെ മരുന്നുകളും കിട്ടാക്കനിയാകുകയാണെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ വാർത്തകൾ. ജീവൻരക്ഷാമരുന്നുകൾ കിട്ടാനില്ലാത്തത് രാജ്യത്തെ ആരോഗ്യസ്ഥിതി ഗുരുതരമാക്കുകയാണെന്നും കോവിഡ് കാലത്തെക്കാൾ മരണനിരക്ക് കൂടുമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞിട്ടുണ്ട്. എന്നാൽ, ഇതിനിടയിലൊരു കൗതുകവാർത്തയും ശ്രീലങ്കയിൽനിന്ന് വരുന്നുണ്ട്. തമിഴ് സൂപ്പർ താരം ദളപതി വിജയിയുടെ പുതിയ ചിത്രം റിലീസ് തിയതിക്കും ദിവസങ്ങൾക്കുമുൻപ് തന്നെ ശ്രീലങ്കയിൽ ഹൗസ് ഫുളായിരിക്കുകയാണ്.

നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതോടെ തന്നെ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ലോകത്തെമ്പാടുമുള്ള വിജയ് ആരാധകർ. എന്നാൽ, കടുത്ത സാമ്പത്തിക ഞെരുക്കത്തിലും ശ്രീലങ്കയിൽ പലയിടത്തും തിയറ്ററുകളിൽ ഷോകളെല്ലാം ബുക് ചെയ്തു കഴിഞ്ഞിട്ടുണ്ടെന്നതാണ് കൗതുകരമായ കാര്യം. ബുക്‌മൈഷോയുടെ ലങ്കൻ പതിപ്പ് പ്രകാരം മിക്കയിടങ്ങളിലും ചിത്രത്തിന്റെ ആദ്യദിന പ്രദർശനങ്ങളുടെയെല്ലാം ബുക്കിങ് പൂർണമായിട്ടുണ്ട്. പ്രതിസന്ധിക്കിടയിലും മാറ്റമില്ലാത്ത ലങ്കക്കാരുടെ വിജയ് ആരാധനയുടെ തെളിവാണിതെന്ന് സമൂഹമാധ്യമങ്ങളിൽ ആരാധകർ പറയുന്നു.

സൺ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രം ബുധനാഴ്ച റിലീസിനെത്തും. പൂജ ഹെഗ്ഡെയാണ് നായിക. ജോർജിയ, ചെന്നൈ എന്നിവിടങ്ങളായിരുന്നു പ്രധാനമായും ചിത്രീകരണം നടന്നത്. മലയാളി താരം ഷൈൻ ടോം ചാക്കോ, അപർണ ദാസ് എന്നിവർ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീതം.


ഗുരുതരമായി ആരോഗ്യസ്ഥിതിയും

ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി ആളുകളുടെ ജീവനെയും ബാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. മരുന്നുകൾക്കും കടുത്ത ക്ഷാമം നേരിടുകയാണ്. ജീവൻരക്ഷാമരുന്നുകൾ കിട്ടാനില്ലാത്തത് സ്ഥിതി ഗുരുതരമാക്കുകയാണ്.

രാജ്യത്തെ ആശുപത്രികളിൽ സുപ്രധാന മരുന്നുകളോ മെഡിക്കൽ ഉപകരണങ്ങളോ ലഭ്യമല്ലെന്ന് ശ്രീലങ്കൻ മെഡിക്കൽ അസോസിയേഷൻ പറഞ്ഞതായി വാർത്താ ഏജൻസി എ.എഫ്.പി റിപ്പോർട്ട് ചെയ്തു. അനസ്തേഷ്യ മരുന്നുകൾ കിട്ടാനില്ലാത്തതിനാൽ കഴിഞ്ഞ മാസം അവസാനം മുതൽ ആശുപത്രികളിൽ പതിവ് ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ളവ മുടങ്ങിക്കിടക്കുകയാണ്. അടിയന്തര ശസ്ത്രക്രിയകൾ പോലും നടത്താനുള്ള സ്ഥിതി ആശുപത്രികളില്ലെന്നും ശ്രീലങ്കൻ മെഡിക്കൽ അസോസിയേഷൻ പറയുന്നു.


ആർക്ക് ചികിത്സ നൽകും, ആരെ ഒഴിവാക്കും എന്ന തീരുമാനമെടുക്കാനാകാതെ തങ്ങൾ ബുദ്ധിമുട്ടുകയാണെന്നും ഡോക്ടർമാർ പറയുന്നു. രാജ്യത്തെ ആരോഗ്യ രംഗത്തെ ഗുരുത സാഹചര്യത്തെക്കുറിച്ച് പ്രസിഡന്റ് ഗൊട്ടബയ രജപക്‌സെയ്ക്ക് ദിവസങ്ങൾക്കുമുൻപ് ശ്രീലങ്കൻ മെഡിക്കൽ അസോസിയേഷൻ കത്തയച്ചിരുന്നു. അടിയന്തരമായി ലഭിക്കേണ്ട മരുന്നുകളും മറ്റ് സംവിധാനങ്ങളും ഉടൻ പുനസ്ഥാപിച്ചില്ലെങ്കിൽ രാജ്യത്തെ സ്ഥിതി കോവിഡ് മഹാമാരിയെക്കാൾ മോശമായിരിക്കുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, സാമ്പത്തിക പ്രതിസന്ധിക്ക് കാരണക്കാരനായ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയുടെയും പ്രസിഡന്റ് ഗൊട്ടബയയുടെയും രാജി ആവശ്യപ്പെട്ട് വൻ പ്രതിഷേധമാണ് ശ്രീലങ്കയിൽ നടക്കുന്നത്. കൊളംബോയിൽ കടൽത്തീരത്തുള്ള പ്രസിഡന്റിന്റെ ഓഫീസിനു പുറത്ത് തുടർച്ചയായ രണ്ടാംദിവസവും കൂറ്റൻ പ്രതിഷേധം നടന്നു. കനത്ത മഴയെയും അവഗണിച്ചുകൊണ്ട് നിരവധി പേരാണ് പ്രതിഷേധത്തിനായി എത്തിയത്.

Summary: Despite the economic crisis, Vijay's 'Beast' reservations get 'houseful' in Sri Lanka

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News