ബെയ്‌റൂത്ത്: യുഎസുമായി ചേര്‍ന്ന് ഇറാനില്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണം നാല് ആഴ്ച പിന്നിട്ടിട്ടും അതിരൂക്ഷമായി തുടരുകയാണ്. ഊര്‍ജ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണം പത്ത് ദിവസത്തേക്ക് നിര്‍ത്തിവെച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നെങ്കിലും അതെല്ലാം അവഗണിച്ച് ഇസ്രായേല്‍ തുടരുന്ന ആക്രമണം ലബനാനിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. ഇസ്രായേലിന്റെ തുടര്‍ച്ചയായ ആക്രമണത്തില്‍ ഇതിനോടകം നിരവധി പേര്‍ കൊല്ലപ്പെട്ടുവെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ദക്ഷിണ ലബനാനിലെ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ സഹോദരങ്ങളടക്കം മൂന്ന് മാധ്യമപ്രവര്‍ത്തകർ കൊല്ലപ്പെട്ടെന്ന വാര്‍ത്തകളും പുറത്ത് വന്നിരിക്കുന്നത്.
ഹിസ്ബുല്ലയുടെ അല്‍ മനാര്‍ ടിവിയുടെ ദീര്‍ഘകാല ലേഖകന്‍ അലി ഷുഐബ്, ജെസിനിലെ ഫാത്തിമ ഫ്ടൗണി, വീഡിയോ ജേണലിസ്റ്റായ സഹോദരന്‍ മുഹമ്മദ് എന്നിവര്‍ക്കാണ് ഏറ്റവും ഒടുവിലത്തെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. വർഷങ്ങളായി ലബനാനിലെ റിപ്പോര്‍ട്ടറായ ഷുഐബ് 'ലബനീസ് യുദ്ധ ലേഖകന്‍' എന്ന പേരില്‍ പ്രശസ്തനാണ്. ആക്രമണത്തിന് തൊട്ടുമുന്‍പ് വരെ മൂവരും തത്സമയ റിപ്പോര്‍ട്ട് നടത്തിയിരുന്നതായാണ് വിവരം. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം കടുത്ത അവകാശലംഘനമാണെന്നും ഇത്തരം അനീതികള്‍ അംഗീകരിക്കാനാകില്ലെന്നും ലബനാനിലെ ഉന്നത ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. ലബനാനിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കൊലപ്പെടുത്തിയ നീക്കം അപലപനീയമെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും പ്രതികരിച്ചു. സഹപ്രവര്‍ത്തകരുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് നിരവധി മാധ്യമപ്രവര്‍ത്തകരാണ് ലബനാനില്‍ തടിച്ചുകൂടിയത്. ഒരുമിച്ച് ജോലി ചെയ്തിരുന്ന കാലങ്ങളെയും പ്രിയപ്പെട്ടവരുടെ ഓർമകളും ഇവർ പങ്കുവെക്കുകയും ചെയ്തു.
'ലബനാനിനെതിരായ ഇസ്രായേലിന്റെ അനീതിയിലധിഷ്ടിതമായ ആക്രമണങ്ങളെ കാലങ്ങളായി റിപ്പോര്‍ട്ട് ചെയ്ത ജേര്‍ണലിസ്റ്റായിരുന്നു ഷുഐബ്. എല്ലാവരും വിളിക്കുന്നതുപോലെ ലബനാനിന്റെ യുദ്ധലേഖകനെന്ന പേരില്‍ സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ എക്കാലവും ഓര്‍ക്കും.' അല്‍ മനാറിലെ ഹിബ മുറാദ് പറഞ്ഞു. 'സഹപ്രവര്‍ത്തകനെന്ന നിലയില്‍ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. ഏല്‍പ്പിച്ച കാര്യങ്ങളൊന്നും ഒരുമുടക്കവും വരുത്താതെ ചെയ്തുതീര്‍ക്കുന്നയാളാണ് ഷുഐബ്. ഇസ്രായേലിന്റെ ആക്രമണങ്ങളെ ധൈര്യസമേധം അദ്ദേഹം റിപ്പോര്‍ട്ട് ചെയ്യുമായിരുന്നു. ഫീല്‍ഡ് റിപ്പോര്‍ട്ടിങ്ങിനായി സിറിയയിലേക്കും ഇറാഖിലേക്കും അദ്ദേഹം തിരിക്കുകയുണ്ടായി. അതിര്‍ത്തിയിലെ തീവ്രവിഭാഗമായ ദായേഷിനെതിരായ സംഘട്ടനങ്ങളും അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തു. ലബനാനിലെ എക്കാലത്തെയും മികച്ച റിപ്പോര്‍ട്ടര്‍മാരില്‍ ഒരാളാണ് അദ്ദേഹമെന്നതില്‍ തര്‍ക്കമില്ല. എക്കാലവും ഓർമയിലുണ്ടാകും.' സഹപ്രവര്‍ത്തകനായ ഗാസാന്‍ പങ്കുവെച്ചു.
'ഷുഐബിന്റെ രക്തസാക്ഷിത്വത്തിലൂടെ വ്യക്തിപരമായ നഷ്ടങ്ങള്‍ മാത്രമല്ല, മറിച്ച്, അതിര്‍ത്തിയിലെ സംഘർഷങ്ങളടക്കം ധൈര്യസമേതം റിപ്പോര്‍ട്ട് ചെയ്യണമെന്നുള്ളതിന്റെ പ്രതീകം കൂടിയാണ് തകര്‍ന്നുപോയിരിക്കുന്നത്'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാധ്യമപ്രവര്‍ത്തനത്തെ സ്വന്തം വ്യക്തിത്വം അടയാളപ്പെടുത്തുന്നതിനായുള്ള പ്രൊഫഷനായി കാണുകയും മറ്റെന്തിനേക്കാളുമേറെ ജോലിയെ പ്രണയിച്ചവളുമായിരുന്നു ഫ്ടൗണിയെന്ന് അല്‍-മയ്ദീനിലെ സഹപ്രവര്‍ത്തകനും ഉറ്റസുഹൃത്തുമായ അബ്ബാസ് സൈന്‍ പ്രതികരിച്ചു. 'അവളെന്തായിരുന്നുവെന്ന് അടയാളപ്പെടുത്തുന്നതായിരുന്നു അവളുടെ പ്രവര്‍ത്തനങ്ങള്‍. അവളുടെ വഴികള്‍, ബന്ധങ്ങള്‍ എല്ലാം അങ്ങനെ തന്നെ. സൗത്ത് ലബനാനിലെ റിപ്പോര്‍ട്ടിങ് അസൈന്‍മെന്റുകള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിക്കുകയെന്നത് അത്ര ലളിതമായ ജോലിയാണെന്ന് കരുതുന്നില്ല. അവളുടെ റിപ്പോര്‍ട്ടുകളും വിവരങ്ങളും ആധികാരികവും വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്നുമായിരുന്നു. തന്റെ അടുക്കലെത്തുന്ന വാര്‍ത്തകളില്‍ ഏതെല്ലാമാണ് യഥാര്‍ഥമെന്നും ഏതെല്ലാമാണ് വ്യാജമെന്നും തിരിച്ചറിഞ്ഞതിന് ശേഷമേ അവള്‍ നടപടികള്‍ സ്വീകരിക്കാറുള്ളൂ. അവസാന നിമിഷം വരെയ്ക്കും അതായിരുന്നു ഫ്ടൗണി'. അദ്ദേഹം വ്യക്തമാക്കി.
മേഖലയിലുടനീളം ജേണലിസ്റ്റുകള്‍ അപകടകരമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും അപ്രതീക്ഷിതമായ ആക്രമണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടാണ് അനുനിമിഷം തള്ളിനീക്കുന്നതെന്നും അബ്ബാസ് കൂട്ടിച്ചേര്‍ത്തു. 2023 ഒക്ടോബര്‍ മുതല്‍ 270-ലധികം ജേണലിസ്റ്റുകളെയാണ് ഇസ്രായേല്‍ കൊലപ്പെടുത്തിയത്. തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ഇസ്രായേലിന്റെ ആക്രമണങ്ങളോരോന്നും.
2025-ലെ റിപ്പോര്‍ട്ട് പ്രകാരം, ആഗോളതലത്തില്‍ കൊല്ലപ്പെട്ട 129 മാധ്യമപ്രവര്‍ത്തകരില്‍ മൂന്നില്‍ രണ്ട് ഭാഗവും (ഏകദേശം 84 പേര്‍) ഇസ്രായേല്‍ ആക്രമണത്തിലാണ് മരിച്ചത്. റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ടിന്റെ കണക്കുകളനുസരിച്ച്, 2023, ഒക്ടോബറില്‍ ഗസ്സ യുദ്ധം ആരംഭിച്ചത് മുതല്‍ ഇതുവരെയും ഏകദേശം 220-ലധികം മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.