തനിക്കെതിരെ ആക്രമണമുണ്ടാവുമെന്ന് റാലി തുടങ്ങുന്നതിന് മുമ്പ് തന്നെ അറിയാമായിരുന്നു: ഇംറാൻ ഖാൻ

വ്യാഴാഴ്ച വൈകുന്നേരം വസീറാബാദിൽ പ്രതിഷേധ റാലിക്കിടെയാണ് ഇംറാൻ ഖാന് നേരെ ആക്രമണമുണ്ടായത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു.

Update: 2022-11-05 02:07 GMT

ഇസ്‌ലാമാബാദ്: തനിക്കെതിരെ ആക്രമണമുണ്ടാവുമെന്ന് റാലി തുടങ്ങുന്നതിന് മുമ്പ് അറിയാമായിരുന്നുവെന്ന് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. വെടിയേറ്റ് ചികിത്സയിൽ കഴിയുന്ന ഇംറാൻ ആക്രമണത്തിന് ശേഷം ആദ്യമായാണ് മാധ്യമങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുന്നത്. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ അറിയാമെന്നും എല്ലാം പിന്നീട് പറയാമെന്നും ഇംറാൻ പറഞ്ഞു.

''എന്നെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയത് നാലുപേർ ചേർന്നാണ്. എന്റെ കൈവശം ഒരു വീഡിയോ ഉണ്ട്. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അത് പുറത്തെത്തും''-ഇംറാൻ കൂട്ടിച്ചേർത്തു. തന്റെ ശരീരത്തിൽ നാല് വെടിയുണ്ടകളേറ്റുവെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

വ്യാഴാഴ്ച വൈകുന്നേരം വസീറാബാദിൽ പ്രതിഷേധ റാലിക്കിടെയാണ് ഇംറാൻ ഖാന് നേരെ ആക്രമണമുണ്ടായത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു. ഇംറാന്റെ കാലിനാണ് വെടിയേറ്റത്. ഇംറാന് വെടിയേറ്റതിന് പിന്നാലെയുണ്ടായ സംഭവവികാസങ്ങളിൽ അദ്ദേഹത്തിന്റെ അനുയായികളിൽ ഒരാൾ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അതേസമയം ഇംറാന്റെ ആരോപണങ്ങൾ പാക് സർക്കാർ തള്ളി. ഇംറാൻ സ്വയം കുഴിച്ച കുഴിയിൽ വീണതാണെന്നും വളരെ അപകടകരമായ കളിയാണ് അദ്ദേഹം കളിക്കുന്നതെന്നും പാകിസ്താൻ ഇൻഫർമേഷൻ മന്ത്രി മറിയം ഔറംഗസീബ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ആക്രമണമുണ്ടാവുമെന്ന് നേരത്തേ അറിയാമായിരുന്നെങ്കിൽ പിന്നെന്തിനാണ് ലോങ് മാർച്ച് സംഘടിപ്പിച്ച് പാവപ്പെട്ട മനുഷ്യരുടെ ജീവൻ കളഞ്ഞതെന്നും അവർ ചോദിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News