ഹമാസിനെ പൂർണമായും തുരത്താതെ ആക്രമണം അവസാനിപ്പിക്കില്ലെന്ന് ഇസ്രായേൽ

ഇരുപതിനായിരത്തോളം പേർ തങ്ങുന്ന അൽശിഫ ഉൾപ്പെടെ എല്ലാ ആശുപത്രികളും ഇസ്രായേൽ സേന വളഞ്ഞിരിക്കുകയാണ്

Update: 2023-11-12 07:17 GMT
Advertising

ഹമാസിനെ പൂർണമായും തുരത്താതെ ആക്രമണം അവസാനിപ്പിക്കുകയോ വെടിനിർത്തുകയോ ചെയ്യില്ലെന്ന് ഇസ്രായേൽ. വടക്കൻ ഗസ്സയിൽ ഹമാസ് കേന്ദ്രങ്ങളെ പൂർണമായും വളഞ്ഞതായും സമ്പൂർണ ശക്തി പുറത്തെടുത്തുള്ള കനത്ത ആക്രമണമാകും ഇനി നടക്കുകയെന്നും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു അവകാശപ്പെട്ടു. ഗസ്സയിൽ നിന്ന് ഇസ്രായേൽ സുരക്ഷക്ക് ഒരു വെല്ലുവിളിയും ഇനി ഉയരാൻ പാടില്ല. ആ നിലക്കുള്ള ആക്രമണവും തുടർ നടപടികളുമാകും ഇസ്രായേൽ കൈക്കൊള്ളുകയെന്നും ഇതിന് അമേരിക്കയുടെ പൂർണ പിന്തുണ ഉറപ്പാക്കിയതായും നെതന്യാഹു അറിയിച്ചു.

ഇരുപതിനായിരത്തോളം പേർ തങ്ങുന്ന അൽശിഫ ഉൾപ്പെടെ എല്ലാ ആശുപത്രികളും ഇസ്രായേൽ സേന വളഞ്ഞിരിക്കുകയാണ്. എപ്പോൾ വേണമെങ്കിലും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെടാമെന്ന സ്ഥിതിയിലാണ് ആശുപത്രികളിലെ രോഗികളും അഭയം തേടിയെത്തിയവരും. ഗസ്സ സിറ്റിയിലെ ആശുപത്രികൾക്കും താമസ കേന്ദ്രങ്ങൾക്കും നേരെ ആക്രമണം കടുപ്പിച്ചതോടെ, കൊല്ലപ്പെടുന്ന നിരപരാധികളുടെ എണ്ണവും ഉയർന്നിരിക്കുകയാണ്.

അതിനിടെ, ഗസ്സയിലേക്ക് ഇന്ധനം കൈമാറണമെന്ന ആവശ്യം ഇസ്രായേൽ തള്ളി. റഫ അതിർത്തി മുഖേന കൂടുതൽ സഹായം ഗസ്സയിൽ എത്തിക്കാനുള്ള നീക്കവും തടഞ്ഞു. ബന്ദികളെ കൈമാറാതെ ഇന്ധനം ഉൾപ്പെടെ ഒന്നും അനുവദിക്കില്ലെന്നാണ് സൈന്യം പറയുന്നത്. താൽക്കാലിക വെടിനിർത്തൽ ലക്ഷ്യമിട്ട് അമേരിക്ക ഉൾപ്പെടെ വൻശക്തി രാജ്യങ്ങളുമായി ഖത്തർ നടത്തിവന്ന നീക്കങ്ങളും വിജയം കണ്ടില്ല. ഗസ്സയിലെ സങ്കീർണമായ സ്ഥിതി മുൻനിർത്തി അടിയന്തര ഇടപെടൽ വേണമെന്ന് ഖത്തർ അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫലസ്തീൻ തടവുകാരുടെ മോചനത്തിനു പകരം ബന്ദികളുടെ കൈമാറ്റം എന്ന ഉപാധിയിൽ മധ്യസ്ഥ ചർച്ച തുടരുന്നതായി ഖത്തർ അറിയിച്ചു.

അതേസമയം, ബന്ദികളെ ഉടൻ വിട്ടുകിട്ടാൻ നടപടി വേണമെന്നാവശ്യപ്പെട്ട് ആയിരങ്ങൾ ഇസ്രായേൽ തലസ്ഥാനമായ തെൽ അവീവിൽ പ്രകടനം നടത്തി. ഇപ്പോൾ നടക്കുന്ന ആക്രമണം ബന്ദികളുടെ സുരക്ഷ അപകടത്തിലാക്കുമെന്നും പ്രക്ഷോഭകർ മുന്നറിയിപ്പ്‌നൽകി.

അതിനിടെ, ലബനാനു നേർക്ക് ഇസ്രായേൽ പോർ വിമാനങ്ങൾ പലതവണ ആക്രമണം നടത്തി. പിന്തിരിഞ്ഞില്ലെങ്കിൽ അമർച്ച ചെയ്യുമെന്ന് ഇസ്രായേൽ ഹിസ്ബുല്ലക്ക് താക്കീത് നൽകി. ഗസ്സയുടെ ഭാവി നിയന്ത്രണം ഏറ്റെടുക്കാൻ ഹമാസിനെയോ ഫതഹ് വിഭാഗത്തെയോ അനുവദിക്കില്ലെന്നും നെതന്യാഹു പറഞ്ഞു.

അതേസമയം നിർണായക വിജയം കൈവരിച്ചുവെന്ന ഇസ്രായേൽ സൈന്യത്തിന്റെ അവകാശവാദം ഹമാസ് തള്ളി. പുതുതായി ഒരു ഓഫീസർ ഉൾപ്പെടെ അഞ്ച് ഇസ്രായേൽ സൈനികർ കൂടി കൊല്ലപ്പെട്ടു. ഇതോടെ കരയുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 43 ആയി.


Full View

We will not end the attack without completely eliminating Hamas: Israel

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News