'മൃതദേഹങ്ങൾക്ക് പോലും കൈവിലങ്ങ്'; നൂറിലധികം ഫലസ്തീനികളെ ഇസ്രായേൽ കൈമാറിയത് തിരിച്ചറിയാനാവാത്ത രൂപത്തിൽ

ചില മൃതദേഹങ്ങൾ കൈകാലുകളും പല്ലുകളും ഇല്ലാത്ത അവസ്ഥയിലായിരുന്നു. ചിലത് കത്തിക്കരിഞ്ഞിരുന്നുവെന്നും ഗസ്സയിലെ ഫലസ്തീൻ ആരോഗ്യമന്ത്രാലയം പറഞ്ഞു

Update: 2025-10-18 11:24 GMT

Ramadan Abed/Reuters

ഗസ്സ: വെടിനിർത്തലിന് ശേഷം ഇസ്രായേൽ കൈമാറിയ ഫലസ്തീനികൾക്ക് പറയാനുള്ളത് കൊടുംക്രൂരതയുടെ അനുഭവങ്ങൾ. ഇസ്രായേൽ കൈമാറിയ നൂറിലധികം ഫലസ്തീനികളുടെ മൃതദേഹങ്ങൾ പീഡനത്തെ തുടർന്ന് തിരിച്ചറിയാൻപോലും കഴിയാത്ത വിധത്തിൽ വികൃതമായിരുന്നു. പേരിന് പകരം നമ്പറുകളിട്ടാണ് മൃതദേഹങ്ങൾ തിരിച്ചയച്ചത്. പ്രിയപ്പെട്ടവരെ കാണാനാവുമെന്ന പ്രതീക്ഷയിലെത്തിയ ഫലസ്തീനികളുടെ കുടുംബാംഗങ്ങൾക്ക് മൃതദേഹങ്ങളുടെ ചിത്രങ്ങൾ നോക്കി നിരാശരായി കാത്തിരിക്കേണ്ടി വന്നു.

മരിക്കുന്നതിന് മുമ്പ് കടുത്ത പീഡനങ്ങൾ നേരിട്ടിരുന്നുവെന്നാണ് മൃതദേഹങ്ങളിലെ അടയാളങ്ങൾ വ്യക്തമാക്കുന്നത്. പല മൃതദേങ്ങളും കൈവിലങ്ങിട്ട് കണ്ണുകൾ കെട്ടിയ നിലയിലായിരുന്നു. തടവറയിലെ പീഡനത്തിനിടെയാണ് ഇവർ കൊല്ലപ്പെട്ടതെന്ന സൂചനയാണ് ഇതെന്ന് മനുഷ്യാവകാശപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

Advertising
Advertising

ഇസ്രായേൽ ജയിലിൽ തങ്ങൾ ക്രൂര പീഡനത്തിനിരയായി എന്നാണ് ജീവനോടെ വിട്ടയക്കപ്പെട്ടവർ പറയുന്നത്. വർഷങ്ങളായി ഫലസ്തീനികളെ ഇസ്രായേൽ ജയിലുകളിൽ പീഡനത്തിന് ഇരയാക്കാറുണ്ട്. ഗസ്സയിൽ ഇസ്രായേൽ ആക്രണം തുടങ്ങിയ ശേഷം ഇത് വർധിച്ചുവെന്ന് വിട്ടയക്കപ്പെട്ട ഫലസ്തീനികൾ പറയുന്നു. ഒക്ടോബർ ഏഴിന് ശേഷം കുറഞ്ഞത് 75 ഫലസ്തീനികൾ ഇസ്രായേൽ ജയിലുകളിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് യുഎൻ പുറത്തുവിട്ട കണക്കുകൾ പറയുന്നത്.

കഴിഞ്ഞ വർഷം ഇസ്രായേലിലെ കുപ്രസിദ്ധമായ സ്‌ഡെ ടെയ്മാൻ ജയിലിൽ ഫലസ്തീൻ തടവുകാരിയെ ഗാർഡുകൾ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത് വലിയ വാർത്തയായിരുന്നു. നടക്കാൻ പോലും കഴിയാത്ത രീതിയിലായിരുന്ന തടവുകാരിയെ പീഡിപ്പിക്കുന്നത് ക്യാമറയിൽ പതിയാതിരിക്കാൻ ഗാർഡുകൾ തങ്ങളുടെ ഷീൽഡുകൾ കൊണ്ട് ക്യാമറ മറച്ചുപിടിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇസ്രായേൽ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.

ചില മൃതദേഹങ്ങൾ കൈകാലുകളും പല്ലുകളും ഇല്ലാത്ത അവസ്ഥയിലായിരുന്നു. ചിലത് കത്തിക്കരിഞ്ഞിരുന്നുവെന്നും ഗസ്സയിലെ ഫലസ്തീൻ ആരോഗ്യമന്ത്രാലയം പറഞ്ഞു. ''കുറ്റകൃത്യങ്ങൾ മറച്ചുവെക്കാനാവില്ല. കണ്ണുകൾകെട്ടി, മൃഗങ്ങളെപ്പോലെ കൈകൾ ബന്ധിച്ച്, കഠിനമായി പീഡിപ്പിച്ചതിന്റെയും കത്തിച്ചതിന്റെയും അടയാളങ്ങൾ അവശേഷിപ്പിച്ചാണ് മൃതദേഹങ്ങൾ തിരിച്ചുനൽകിയത്''- ഗസ്സ ആരോഗ്യമന്ത്രാലയത്തിന്റെ ഡയറക്ടർ ജനറൽ ഡോ.മുനീറുൽ ബർഷ് പറഞ്ഞു.

അവർ സ്വാഭാവികമായി മരിച്ചതല്ല, മർദിച്ചു കൊലപ്പെടുത്തിയതാണ്. ഇത് യുദ്ധക്കുറ്റമാണ്, അടിയന്തര അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ബർഷ് ആവശ്യപ്പെട്ടു.

മൃതദേങ്ങളുടെ ചിത്രങ്ങൾ ഫലസ്തീൻ അധികൃതരുടെ ആരോപണം ശരിവെക്കുന്നതാണ്. അവയിൽ പീഡനത്തിന്റെ അടയാളങ്ങൾ ഉണ്ടായിരുന്നതായി വിദഗ്ധർ പറഞ്ഞു. ഒരു മൃതദേഹത്തിന്റെ കഴുത്തിൽ കയർ ഉണ്ടായിരുന്നതായി ഗസ്സയിലെ നാസർ ആശുപത്രിയിൽ മൃതദേങ്ങൾ സ്വീകരിച്ച ഒരു കമ്മീഷന്റെ ഭാഗമായ സമേഹ് ഹമദ് പറഞ്ഞു.

വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഗസ്സയിലെയും അധിനിവേശ വെസ്റ്റ് ബാങ്കിലെയും രണ്ടായിരത്തോളം ഫലസ്തീനികളെയാണ് ഇസ്രായേൽ വിട്ടയച്ചത്. തങ്ങളുടെ കുടുംബങ്ങളെ കുറിച്ച് യാതൊരു വിവരവും ലഭിക്കാതെയാണ് ഇവർ വർഷങ്ങളോളം ഇസ്രായേൽ ജയിലിൽ കഴിഞ്ഞത്. ഇസ്രായേൽ ഗാർഡുകളുടെ പീഡനത്തിൽ തന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായെന്ന് മഹ്മൂദ് അബൂ ഫൗൽ പറഞ്ഞു. തലയുടെ ഇടതുഭാഗത്ത് അടിച്ചതിനെ തുടർന്ന് മണിക്കൂറുകളോളം ബോധരഹിതനായെന്നും ഇയാൾ പറഞ്ഞു.

കടുത്ത പട്ടിണിയും പീഡനവും മൂലം പലരുടെയും ശരീരം ശോഷിച്ച നിലയിലായിരുന്നു. 127 കിലോ ഭാരമുണ്ടായിരുന്നു കമാൽ അബൂ ഷനാബിന്റെ ഇപ്പോഴത്തെ ഭാരം 68 കിലോ മാത്രമാണ്. പുറത്ത് അടിയേറ്റതിനെ തുറന്ന് തനിക്ക് കിടന്നുറങ്ങാൻ പോലും പറ്റാത്ത അവസ്ഥായണെന്നും ഇരുന്നാണ് ഉറങ്ങാറുള്ളതെന്നും ഇസ്രായേൽ മോചിപ്പിച്ച സലീം ഈദ് പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News