ട്രംപിന്റെ ഫ്രണ്ട്, ഇസ്രായേൽ അനുകൂലി; ആരാണ് നൊബേൽ നേടിയ മരിയ കൊരീന മച്ചാഡോ?

കടുത്ത വലതുപക്ഷക്കാരിയും വെനിസ്വേലയിലെ ഇടതുപക്ഷ ഭരണകൂടത്തെ വീഴ്ത്താൻ യുഎസ് അടക്കമുള്ള സാമ്രാജ്യത്വ ശക്തികൾ ഇറക്കിയ ഏജന്റുമാണ് മച്ചാഡോയെന്ന വിമർശനവും ഉയരുന്നുണ്ട്

Update: 2025-10-10 14:53 GMT

Maria Machado | Photo | Flickr.com

ഓസ്ലോ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സ്വപ്‌നങ്ങൾ അസ്ഥാനത്താക്കി വെനസ്വേല പ്രതിപക്ഷനേതാവ് മരിയ കൊരീന മച്ചാഡോ ആണ് ഇത്തവണ സമാധാന നൊബേൽ പുരസ്‌കാരത്തിന് അർഹയായത്. വെനസ്വേലയിലെ ജനാധിപത്യ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന വ്യക്തിയെന്ന് വിശേഷിപ്പിച്ചാണ് നൊബേൽ കമ്മിറ്റി മച്ചാഡോക്ക് പുരസ്‌കാരം പ്രഖ്യാപിച്ചത്. എന്നാൽ കടുത്ത വലതുപക്ഷക്കാരിയും വെനിസ്വേലയിലെ ഇടതുപക്ഷ ഭരണകൂടത്തെ വീഴ്ത്താൻ യുഎസ് അടക്കമുള്ള സാമ്രാജ്യത്വ ശക്തികൾ ഇറക്കിയ ഏജന്റുമാണ് മച്ചാഡോയെന്ന വിമർശനവും ഉയരുന്നുണ്ട്.

വെനസ്വേലയിലെ പ്രതിപക്ഷത്തിന് അന്താരാഷ്ട്ര സയണസ്റ്റ് പ്രസ്ഥാനവുമായി അടുത്ത ബന്ധമാണുള്ളത്. വെനിസ്വേലൻ സർക്കാരിനെതിരെ രാജ്യത്തിനകത്തും പുറത്തുമുള്ള സയണിസ്റ്റ് സംഘടനകൾ ഗൂഢാലോചന നടത്തുന്നുണ്ടെന്ന് മാധ്യമപ്രവർത്തകയും ഫലസ്തീൻ അനുകൂല ആക്ടിവിസ്റ്റുമായ ഹിന്ദു ആന്ദേരി നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. 2002-ൽ ഹ്യൂഗോ ഷാവേസിനെതിരായ അട്ടിമറിയിൽ സയണിസ്റ്റ് ഏജന്റായ റബ്ബി പിഞ്ചാസ് ബ്രെനർ മുൻ നിരയിലുണ്ടായിരുന്നു. വെനസ്വേലൻ പ്രതിപക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള ചക്കാവോ മുനിസിപ്പാലിറ്റി പൊലീസിനെ ഇസ്രായേലിൽ പരിശീലനത്തിന് അയച്ചിരുന്നു. ഫലസ്തീനിൽ ഐഡിഎഫിനൊപ്പം വെനിസ്വേലൻ കൂലിപ്പടയാളികളുണ്ടെന്നും ആന്ദേരി പറഞ്ഞിരുന്നു.

Advertising
Advertising

വെനസ്വേലയിലെ ഫാഷിസ്റ്റ് പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രബലയായ നേതാവാണ് മരിയ കൊരീന മച്ചാഡോ. അവർക്ക് അന്താരാഷ്ട്ര സയണിസ്റ്റ് പ്രസ്ഥാനവുമായി ശക്തമായ ബന്ധമുണ്ട്. ഗസ്സയിലെ വംശഹത്യയെ അവർ പരസ്യമായി പിന്തുണച്ചിട്ടുണ്ട്, കൂടാതെ 2018ൽ ബെഞ്ചമിൻ നെതന്യാഹുവിൽ നിന്ന് വെനിസ്വേലയിൽ സൈനിക ഇടപെടൽ പോലും അഭ്യർഥിച്ചിട്ടുണ്ട്. മാത്രമല്ല, അധികാരത്തിൽ വന്നാൽ ഇസ്രായേലിലെ വെനിസ്വേലയുടെ എംബസി ജറുസലേമിൽ വീണ്ടും തുറക്കുമെന്നും മച്ചാഡോ വാഗ്ദാനം ചെയ്തിട്ടുണ്ട്. 2009-ൽ തെൽ അവീവിലെ വെനിസ്വേലൻ എംബസി അടച്ചുപൂട്ടിയ ഹ്യൂഗോ ഷാവേസ് ഇസ്രായേലുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിച്ചിരുന്നു.

യുഎസുമായി ദീർഘകാലമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് മച്ചാഡോ. 2024 ജൂലൈ 28ന് നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച നിക്കോളാസ് മഡൂറോയുടെ വിജയാഘാഷോത്തിൽ ആഗസ്റ്റ് 17ന് വൻ ജനക്കൂട്ടമാണ് അണിനിരന്നത്. എന്നാൽ യുഎസ്, ആസ്‌ത്രേലിയൻ മാധ്യമങ്ങൾ മച്ചാഡോയുടെ പ്രസംഗമാണ് സംപ്രേഷണം ചെയ്തിരുന്നു. അവർ മഡൂറോക്ക് എതിരെ ഉന്നയിച്ച വിമർശനങ്ങൾ മാധ്യമങ്ങൾ ലൈവായി കാണിച്ചു. 2005ൽ യുഎസ് പ്രസിഡന്റായിരുന്ന ജോർജ് ഡബ്ലിയു ബുഷ് മച്ചാഡോയെ ഓവൽ ഓഫീസിലേക്ക് ക്ഷണിക്കുകയും യുഎസിന്റെ അടുത്ത സഖ്യകക്ഷിയായി അംഗീകരിക്കുകയും ചെയ്തിരുന്നു.

2012ലാണ് വെനസ്വേല പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മച്ചാഡോ ഷാവേസിനെതിരെ ആദ്യമായി മത്സരിക്കുന്നത്. 2014ൽ, വെനിസ്വേലൻ ഭരണഘടന പ്രകാരം നിരോധിച്ചിട്ടുള്ള ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റ്സിനെ (OAS) അഭിസംബോധന ചെയ്യാൻ പനാമ നയതന്ത്ര പ്രതിനിധിയുടെ സ്ഥാനം സ്വീകരിച്ചതിന് ശേഷം മച്ചാഡോക്ക് സീറ്റ് നഷ്ടപ്പെട്ടു മഡുറോ വെനിസ്വേലയെ ഒരു 'നാർക്കോ സ്റ്റേറ്റ്' ആക്കി മാറ്റിയതായി മച്ചാഡോ ആരോപിച്ചു.

വെനസ്വേലക്കെതിരെ യുഎസും യൂറോപ്യൻ യൂണിയനും ഏർപ്പെടുത്തിയ ഉപരോധങ്ങളെ പിന്തുണയ്ക്കുന്ന വ്യക്തിയാണ് മച്ചാഡോ. വെനസ്വേലയിലെ പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കണമെന്നും ഐഎംഎഫും അമേരിക്കൻ ഡെവലപ്‌മെന്റ് ബാങ്കും വെനസ്വേലക്ക് വായ്പ അനുവദിക്കണമെന്നും മച്ചാഡോ ആവശ്യപ്പെട്ടിരുന്നു. പടിഞ്ഞാറൻ മാധ്യമങ്ങൾ ഉരുക്കു വനിത എന്ന് വിശേഷിപ്പിക്കുന്ന മച്ചാഡോ ജനകീയ മുതലാളിത്തത്തിന് വേണ്ടി വാദിക്കുന്ന ഷാവേസിസത്തെയും ബൊളീവിയൻ വിപ്ലവത്തെയും എതിർക്കുന്ന വ്യക്തിയാണ്. ഇടതുപക്ഷ മാധ്യമങ്ങൾ തീവ്ര വലതുപക്ഷക്കാരിയെന്നാണ് വിശേഷിപ്പിക്കാറുള്ളതെങ്കിലും ഒരു കേന്ദ്രീകൃത ലിബറലായാണ് മച്ചാഡോ സ്വയം വിശേഷിപ്പിക്കാറുള്ളത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News