'റാപ്പർ ബലെൻ'; പാട്ടുകാരനിൽ നിന്ന് രാഷ്ട്രീയത്തിലേക്ക്, നേപ്പാളിന്റെ അടുത്ത പ്രധാനമന്ത്രി? ആരാണ് ബലേന്ദ്ര ഷാ?

കാഠ്മണ്ഡു മേയറായ ബാലേന്ദ്ര ഷാക്ക് ഇന്ത്യയുമായും അടുത്ത ബന്ധമുണ്ട്

Update: 2025-09-10 11:46 GMT
Editor : Lissy P | By : Web Desk

കാഠ്മണ്ഡു: ജെൻ സി പ്രക്ഷോഭത്തിൽ ആടിയുലയുകയാണ് നേപ്പാൾ.യുവാക്കളുടെ പ്രക്ഷോഭത്തില്‍  രാജ്യമെമ്പാടും അക്രമം വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. പ്രക്ഷോഭത്തിനിടെ മന്ത്രിമാരുടെ വസതികൾക്കും സര്‍ക്കാര്‍ മന്ദിരങ്ങൾക്കും നേരെ വലിയ തോതിലുള്ള ആക്രമണമാണ് നടന്നത്. പ്രക്ഷോഭകാരികൾ വീടിന് തീയിട്ടതിനെ തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി ജലനാഥ് ഖനാലിന്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രകാര്‍ വെന്തുമരിച്ചതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

പ്രക്ഷോഭം രൂക്ഷമായതിന് പിന്നാലെ കെ.പി ശർമ ഒലി പ്രധാനമന്ത്രി സ്ഥാനം രാജി വെച്ചിരുന്നു. ഇടക്കാല പ്രധാനമന്ത്രിയായി ജെൻ സി പ്രക്ഷോഭകരുടെ പ്രിയങ്കരനായ 'റാപ്പർ ബലെൻഷാ' എന്നറിയപ്പെടുന്ന ബാലേന്ദ്ര ഷായുടെ പേരാണ് വ്യാപകമായി ഉയർന്ന് വരുന്നത്.

Advertising
Advertising

 35കാരനായ ബാലേന്ദ്ര ഷാ ഒരു റാപ്പറിൽ നിന്ന് രാഷ്ട്രീയക്കാരനായി മാറിയ വ്യക്തിയാണ്. 2022ൽ കാഠ്മണ്ഡു മേയർ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുകയും 61,000 വോട്ടിന് വിജയിക്കുകയും ചെയ്തിരുന്നു. കാഠ്മണ്ഡുവിന്റെ 15-ാമത് മേയറായി 2022 മെയ് മുതൽ പാർട്ടി പിന്തുണയില്ലാതെ ആ സ്ഥാനം വഹിക്കുന്ന ആദ്യ വ്യക്തിയായി ബാലേന്ദ്ര ഷാ മാറുകയും ചെയ്തിരുന്നു.

ബാലേന്ദ്ര ഷാക്ക് ഇന്ത്യയുമായും ബന്ധമുണ്ട്.  കർണാടകയിലെ വിശ്വേശ്വരയ്യ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിലാണ് അദ്ദേഹം സ്ട്രക്ചറൽ എഞ്ചിനീയറിംഗ് പഠിച്ചത്. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ്, നേപ്പാളിലെ അഴിമതിയും അസമത്വവും ഉയർത്തിക്കാട്ടിക്കൊണ്ടുള്ള ഹിപ് പോപ് ഗാനരംഗത്തും അദ്ദേഹം സജീവമമായിരുന്നു. 

 2023 ജൂണിൽ, ആദിപുരുഷ് എന്ന സിനിമയിലെ  സംഭാഷണത്തിന്റെ പേരിൽ കാഠ്മണ്ഡുവിൽ ഇന്ത്യൻ സിനിമകൾ പ്രദർശിപ്പിക്കുന്നത് നിരോധിച്ചതും ഏറെ വാര്‍ത്തയായിരുന്നു.

രാജ്യത്ത് നടക്കുന്ന പ്രക്ഷോഭത്തിനും ബാലേന്ദ്ര ഷാ പിന്തുണ പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധക്കാരോട് സംയമനം പാലിക്കാൻ കഴിഞ്ഞദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആഹ്വാനം ചെയ്തിരുന്നു. പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയുടെയും മറ്റ് മന്ത്രിമാരുടെയും രാജിക്കായുള്ള അവരുടെ ആവശ്യം ഇതിനകം നിറവേറ്റപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി. പൊതു, സ്വകാര്യ സ്വത്തുക്കൾക്ക് കൂടുതൽ നാശനഷ്ടങ്ങൾ വരുത്തുന്നതിനെതിരെയും അദ്ദേഹം യുവാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.   "രാജ്യത്തിന്റെ പൊതു സ്വത്ത് നശിക്കുന്നത്    നമ്മുടെ സ്വന്തം സ്വത്തിന്റെ നഷ്ടമാണ്. നാമെല്ലാവരും സംയമനത്തോടെ പ്രവർത്തിക്കേണ്ടത് ഇപ്പോൾ അത്യാവശ്യമാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക്,ഇൻസ്റ്റഗ്രാം,വാട്ട്‌സാപ്പ്,എക്‌സ് എന്നിവയുൾപ്പടെ 26 സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകൾ നിരോധിക്കാനുള്ള നേപ്പാൾ സർക്കാറിന്റെ തീരുമാനത്തിനെതിരെയാണ് ജെൻ സി പ്രക്ഷോഭം നേപ്പാളിൽ ആരംഭിക്കുന്നത്. പിന്നീടിത് സർക്കാറിനെതിരായ പ്രക്ഷോഭമായി മാറുകയായിരുന്നു. സർക്കാറിന്റെ അഴിമതിക്കെതിരെ യുവാക്കൾ പാർലമെന്റിലേക്ക് മാർച്ച് നടത്തുകയും സുപ്രിംകോടതിക്ക് വരെ തീയിടുകയും ചെയ്തു. കഴിഞ്ഞ രണ്ട് ദിവസമായി ഫെഡറൽ പാർലമെന്റിലും കാഠ്മണ്ഡുവിന്റെ മറ്റ് ഭാഗങ്ങളിലും നടന്ന ഏറ്റുമുട്ടലുകളിൽ കുറഞ്ഞത് 19 പേർ കൊല്ലപ്പെടുകയും 500 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News