ലോകമെമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികൾ ക്രിസ്മസ് ആഘോഷിക്കുന്നത് ഡിസംബര്‍ 25നാണെന്നാണ് എല്ലാവരും കരുതുന്നത്. എന്നാല്‍ അന്ന് ക്രിസ്മസ് ആഘോഷിക്കാത്തവരും ലോകത്തുണ്ട്. അങ്ങനെ ആഘോഷിക്കാത്തവര്‍ ജനുവരി ഏഴിനാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. കൃത്യമായിപ്പറഞ്ഞാല്‍ ഡിസംബർ 25നു ശേഷം പതിമൂന്നു ദിവസങ്ങൾ കഴിഞ്ഞാണ് ഇക്കൂട്ടരുടെ ആഘോഷം.
കിഴക്കൻ യൂറോപ്പിലും ഫലസ്തീൻ, ഈജിപ്ത് തുടങ്ങിയ അറബ് ലോകത്തുടനീളവുമുള്ള ദശലക്ഷക്കണക്കിന് ക്രിസ്ത്യാനികളാണ് ജനുവരി ഏഴിന് ക്രിസ്മസ് ആഘോഷിക്കുന്നത്. ബെത്‌ലഹേമിൽ ജനിച്ച യേശുക്രിസ്തുവിന്റെ ജനനത്തെ അനുസ്മരിക്കുന്നതാണ് ക്രിസ്മസ് ദിനം. സാംസ്കാരികവും ചരിത്രപരവുമായ കാരണങ്ങളാണ് ക്രിസ്മസ് ആഘോഷങ്ങളിലെ ഈ വ്യത്യാസത്തിന് കാരണം.
എന്തുകൊണ്ടാണ് രണ്ട് ക്രിസ്മസ് ദിനങ്ങള്‍ ആഘോഷിക്കുന്നത്?
വ്യത്യസ്തമായൊരു കലണ്ടർ ഉപയോഗിക്കുന്നതുകൊണ്ടാണ് ചില ക്രിസ്ത്യാനികൾ ജനുവരി 7ന് ക്രിസ്മസ് ആഘോഷിക്കുന്നത്. പഴയ ജൂലിയൻ കലണ്ടറാണ് ഇതിനായി ഉപയോഗിക്കുന്നത്. ജൂലിയൻ കലണ്ടർ പ്രകാരം ക്രിസ്തുവിൻ്റെ ജനന തീയതി ജനുവരി ഏഴ് എന്നാണ് കണക്കാക്കുന്നത്. ബിസി 46ല്‍ റോമന്‍ ചക്രവര്‍ത്തിയായിരുന്ന ജൂലിയസ് സീസറാണ് ജൂലിയൻ കലണ്ടർ നടപ്പിലാക്കിയത്. സൗര വർഷത്തെ 11 മിനിറ്റ് അമിതമായി കണക്കാക്കിയായിരുന്നു ഇതിലെ രീതി. ഈ കലണ്ടറില്‍ സാധാരണ വര്‍ഷങ്ങളില്‍ 365 ദിവസങ്ങളും നാലു വര്‍ഷങ്ങള്‍ കൂടുമ്പോഴുള്ള അധിവര്‍ഷങ്ങളില്‍ 366 ദിവസങ്ങളുമാണുള്ളത്. എന്നാല്‍ ഇതിലെ അവ്യക്തത ചൂണ്ടിക്കാട്ടി 1582ൽ പോപ്പ് ഗ്രിഗറി നിർദേശിച്ചതിന് പിന്നാലെയാണ് ഗ്രിഗോറിയൻ കലണ്ടര്‍ വ്യാപകമാകുന്നത്.
ജൂലിയൻ കലണ്ടറിൽ 128 വർഷത്തിലൊരിക്കൽ ഒരു ദിവസം നഷ്ടമാകും. എന്നാല്‍ ഗ്രിഗോറിയൻ കലണ്ടറിൽ 3,236 വർഷത്തിലൊരിക്കലാണ് ഒരു ദിവസം നഷ്ടപ്പെടുന്നത്. പോപ്പ് ഗ്രിഗറിയുടെ നിര്‍ദേശത്തിന് പിന്നാലെ ലോകത്തിലെ മിക്ക രാജ്യങ്ങളും പുതിയ ഗ്രിഗോറിയൻ കലണ്ടർ സ്വീകരിച്ചപ്പോൾ പല ഓർത്തഡോക്സ്, പൗരസ്ത്യ ക്രിസ്ത്യൻ സഭകള്‍ അവരുടെ പാരമ്പര്യങ്ങൾ നിലനിർത്തുന്നതിനായി ജൂലിയൻ കലണ്ടറിലാണ് ഉറച്ചുനിന്നത്. കാലം മാറിമറിഞ്ഞ് ഗ്രിഗോറിയൻ കലണ്ടറിനേക്കാൾ 13 ദിവസം പിന്നിലാണ് ജൂലിയൻ കലണ്ടർ. ഇത് ഇനിയും മാറുമെന്നാണ് മറ്റൊരു കൗതുകകരമായ കാര്യം. ഓർത്തഡോക്സ് സഭ ജൂലിയൻ കലണ്ടർ ഉപയോഗിക്കുന്നത് തുടർന്നാൽ, 2101ൽ ജനുവരി 8 ലേക്ക് മാറും ക്രിസ്മസ്. അപ്പോള്‍ ഗ്രിഗോറിയനും ജൂലിയനും തമ്മിലെ വ്യത്യാസം 14 ദിവസമായി ഉയരും.
ആരൊക്കെയാണ് ജനുവരി 7ന് ക്രിസ്മസ് ആഘോഷിക്കുന്നത്?
ലോകമെമ്പാടുമുള്ള 2.3 ബില്യൺ ക്രിസ്ത്യാനികളിൽ, ഏകദേശം 2 ബില്യൺ പേരും ഡിസംബർ 25 ന് ക്രിസ്മസ് ആഘോഷിക്കുന്നുവെന്നാണ് കണക്കാക്കുന്നത്. ബാക്കിയുള്ള 250-300 ദശലക്ഷം ക്രിസ്ത്യാനികൾ, പ്രധാനമായും ഓർത്തഡോക്സ്, കോപ്റ്റിക് വിഭാഗങ്ങളാണ് ജനുവരി 7ന് ക്രിസ്മസ് ആഘോഷിക്കുന്നത്. റഷ്യൻ ഓർത്തഡോക്സ് സഭ, സെർബിയൻ, ജോർജിയൻ ഓർത്തഡോക്സ് പള്ളികൾ, കോപ്റ്റിക് ഓർത്തഡോക്സ് സഭ(പ്രധാനമായും ഈജിപ്ത് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നവ)എത്യോപ്യൻ ഓർത്തഡോക്സ് തെവാഹെഡോ പള്ളികള്‍ എന്നിവയാണ് ജനുവരി 7 ന് ക്രിസ്മസ് ആഘോഷിക്കുന്ന ശ്രദ്ധേയമായ ഗ്രൂപ്പുകള്‍.
യുക്രൈനില്‍ ജനുവരി 7 നായിരുന്നു ക്രിസ്മസ് ആഘോഷിച്ചുവന്നിരുന്നത്. 2023-ൽ പാശ്ചാത്യ പാരമ്പര്യങ്ങളുമായി കൂടുതൽ യോജിക്കുന്നതിനായി സർക്കാർ ഔദ്യോഗികമായി പൊതു അവധി ഡിസംബർ 25ലേക്ക് മാറ്റിയെങ്കിലും പല പൗരന്മാരും ഇപ്പോഴും ജനുവരിയില്‍ ക്രിസ്മസ് ആഘോഷിക്കുന്നുണ്ട്. ഒന്നാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഭൗമരാഷ്ട്രീയ മാറ്റങ്ങളെത്തുടർന്ന്, ഗ്രീസും റൊമാനിയയും ഉൾപ്പെടെയുള്ള ഓർത്തഡോക്സ് രാജ്യങ്ങൾ അവരുടെ ക്രിസ്മസ് ദിനം ഡിസംബർ 25 ലേക്ക് മാറ്റി. പിന്നീട് ബൾഗേറിയയും ഇതേ മാതൃക പിന്തുടർന്നു.
ബെലാറസിലും മോൾഡോവയിലും, വിവിധ ക്രിസ്ത്യൻ വിഭാഗങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് ഡിസംബർ 25നും ജനുവരി 7നും ക്രിസ്മസ് ദേശീയ അവധിയായി ആഘോഷിക്കുന്നുണ്ട്. ബോസ്നിയ, ഹെർസഗോവിന, എറിത്രിയ എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങൾക്കും രണ്ട് ദിവസങ്ങളിലും അവധിയുണ്ട്.