Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
സിഡ്‌നി: 'ഒന്നര ലക്ഷം രൂപ വിലയുള്ള ഫോട്ടോ'.. ഓണത്തിന് നടി നവ്യ നായർ പോസ്റ്റ് ചെയ്‌ത ചിത്രത്തിന് താഴെ വന്ന കമന്റുകളിൽ ഒന്നാണ്. മുല്ലപ്പൂവും ചൂടി ഓസ്‌ട്രേലിയക്ക് പോയ നവ്യക്ക് ഒന്നര ലക്ഷം രൂപ ഫൈനടക്കേണ്ടി വന്നതായിരുന്നു ഓണക്കാലത്തെ ഒരു ട്രെൻഡിങ് വാർത്ത. സെപ്റ്റംബർ ആദ്യം സിംഗപ്പൂരിൽ നിന്ന് ഓസ്‌ട്രേലിയക്ക് പോകുമ്പോൾ അച്ഛൻ സമ്മാനമായി കൊടുത്ത 15 സെന്റിമീറ്റർ നീളമുള്ള മുല്ലപ്പൂ നവ്യയുടെ കയ്യിലുണ്ടായിരുന്നു. ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഈ ഒരു ചെറിയ മുല്ലപ്പൂവിന്റെ വില 1,980 ഓസ്ട്രേലിയൻ ഡോളർ ഏകദേശം 1.25 ലക്ഷം രൂപയായത്. വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ പങ്കെടുക്കാൻ ഓസ്‌ട്രേലിയയിലേക്ക് പോയ നവ്യ ഇതേ പരിപാടിയിൽ വെച്ചാണ് തന്റെ അനുഭവം വെളിപ്പെടുത്തിയത്. നവ്യ നായർ തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ഈ സംഭവം എല്ലാവരെയും ഞെട്ടിച്ചു. മുല്ലപ്പൂവിന് എന്താണ് പ്രശ്‌നം? ഓസ്‌ട്രേലിയയിൽ മുല്ലപ്പൂവിന് വിലക്കുണ്ടോ? മലയാളിയും മുല്ലപ്പൂവും തമ്മിലുള്ള ബന്ധം ഓസ്‌ട്രേലിയക്ക് അറിയില്ലേ? ശരിക്കും ഓസ്‌ട്രേലിയയിൽ മുല്ലപ്പൂ പ്രശ്‌നക്കാരൻ ആയതിന്റെ കാരണമറിയാം.
ഓസ്‌ട്രേലിയ ലോകത്തിലെ ഏറ്റവും കർശനമായ ബയോസെക്യൂരിറ്റി അഥവാ ജൈവസുരക്ഷ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്ന രാജ്യങ്ങളിലൊന്നാണ്. 2015-ലെ ബയോസെക്യൂരിറ്റി ആക്‌ട് പ്രകാരം സസ്യങ്ങളും പൂച്ചെടികൾ, ഇലകൾ, വിത്തുകൾ തുടങ്ങിയവയും ഇറക്കുമതി ചെയ്യുന്നത് കർശനമായി നിയന്ത്രിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയ. ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചർ, ഫിഷറീസ് ആൻഡ് ഫോറസ്ട്രി (DAFF) ആണ് ഈ നിയമങ്ങൾ നടപ്പിലാക്കുന്നത്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള ചെടികളും പൂക്കളുമെല്ലാം ഓസ്‌ട്രേലിയയുടെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന സൂക്ഷ്‌മ ജീവികളേയോ രോഗങ്ങളേയോ കൂടി കൊണ്ടുവരാമെന്നതാണ് ഈ നിയന്ത്രണങ്ങളുടെ പ്രധാന കാരണം. ഓസ്ട്രേലിയയുടെ പ്രകൃതിദത്ത ജൈവവൈവിധ്യം, കൃഷി, മൃഗസംരക്ഷണം എന്നിവക്ക് ഭീഷണിയാകുമെന്ന ആശങ്കയുമുണ്ട്.
രാജ്യത്തെ 51 ബില്യൺ ഡോളർ മൂല്യമുള്ള കാർഷിക-കയറ്റുമതി വ്യവസായവും 50 ബില്യൺ ഡോളർ വിനോദസഞ്ചാര മേഖലയും 5.7 ട്രില്യൺ ഡോളറിന്റെ പരിസ്ഥിതി ആസ്‌തികളും സംരക്ഷിക്കാൻ ബയോസെക്യൂരിറ്റി സംവിധാനം നിർണായകമാണ്. ഓസ്‌ട്രേലിയയിലേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രക്കാരുടെയും ലഗേജുകളിലുള്ള വസ്‌തുക്കൾ ബയോസെക്യൂരിറ്റി ഓഫീസർമാർ പരിശോധിക്കും. എല്ലാ യാത്രക്കാരും 'ഇൻകമിംഗ് പാസഞ്ചർ കാർഡ്' പൂരിപ്പിക്കണം. അതിൽ ഭക്ഷണം, സസ്യങ്ങൾ, മൃഗ ഉൽപ്പന്നങ്ങൾ, മരം, മണ്ണ് എന്നിവയുൾപ്പെടെ വസ്‌തുക്കൾ കയ്യിലുണ്ടെങ്കിൽ ഡിക്ലയർ ചെയ്യണം. ഈ വസ്‌തുക്കൾ എല്ലാം പരിശോധനക്ക് വിധേയമാക്കും. സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെങ്കിൽ അവ നശിപ്പിക്കുകയും ചെയ്യും. എക്‌സ്-റേ മെഷീനുകൾ, ഡിറ്റക്‌ടർ ഉപകരണങ്ങൾ ഉൾപ്പെടെ ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്.
പഴങ്ങൾ, പച്ചക്കറികൾ, പുതിയ മാംസം, തേൻ, പാൽ ഉൽപ്പന്നങ്ങൾ, വിത്തുകൾ, മണ്ണ് എന്നിവയെല്ലാം ഓസ്‌ട്രേലിയയിൽ നിരോധിത ഉൽപന്നങ്ങളാണ്. വൈറസുകളും ബാക്‌ടീരിയകളും വഹിക്കാൻ സാധ്യതയുള്ളതിനാൽ പോർക്ക് കൊണ്ടുവരുന്നതും നിയമവിരുദ്ധമാണ്. എന്നാൽ ശീതീകരിച്ചതും എല്ലില്ലാത്തതുമായ പോർക്ക് ഉൽപ്പന്നങ്ങൾ കർശനമായ ബയോസെക്യൂരിറ്റി മാനദണ്ഡങ്ങൾ പാലിച്ച് ഇറക്കുമതി ചെയ്യാം.
പൂച്ചെടികളുടെ കാര്യത്തിൽ ഫ്രഷ് കട്ട് ഫ്‌ളവേഴ്‌സ് ഇറക്കുമതി ചെയ്യാൻ പ്രത്യേക പെർമിറ്റ് ആവശ്യമാണ്. അനുവദനീയമായ സ്‌പീഷിസുകളും പാർട്ടുകളും മാത്രമേ അനുവദിക്കൂ. ഇവയെ പെസ്റ്റ് മാനേജ്മെന്റ് വഴി ക്‌ളീൻ ചെയ്‌താണ് രാജ്യത്തേക്ക് കടത്തിവിടുന്നത്. മുല്ലപ്പൂവിന്റെയുള്ളിൽ ഏതെങ്കിലും ഈച്ചയോ ജീവികളോ ഒളിഞ്ഞിരിപ്പുണ്ടെങ്കിൽ അത് ഓസ്‌ട്രേലിയയുടെ കൃഷിഭൂമിക്ക് ഭീഷണി തന്നെയാണ്. ഒരു ചെറിയ ഈച്ച മതി അവിടുത്തെ മില്യൺ ഹെക്‌ടർ ഭൂമി നശിക്കാൻ.
നവ്യ നായരുടെ ലഗേജ് പരിശോധിച്ചപ്പോഴാണ് അതിൽ എബിഎഫ് ഉദ്യോഗസ്ഥർ മുല്ലപ്പൂവ് കണ്ടെത്തിയത്. പിഴയും ചുമത്തി പൂവ് നശിപ്പിച്ചുകളയുകയും ചെയ്‌തു. നമുക്ക് ആശ്ചര്യമാണെങ്കിലും ഓസ്ട്രേലിയ സർക്കാറിന് ഈ സംഭവം അവരുടെ 'റൂട്ടിൻ എൻഫോഴ്സ്മെന്റിന്റെ ഭാഗം മാത്രമാണ്. Agriculture, Fisheries and Forestry ഡിപ്പാർട്മെന്റ് പിഴയെ കുറിച്ചും ബയോസെക്യൂരിറ്റി ലംഘനത്തിന്റെ ഗൗരവത്തെ കുറിച്ചും പാസഞ്ചർമാർക്ക് അവബോധം വർധിപ്പിക്കാൻ കാമ്പയിനുകളും നടത്തിവരുന്നുണ്ട്. സമാനമായ സംഭവങ്ങൾക്ക് ക്രിമിനൽ ചാർജ് വരെ ഉണ്ടാകാൻ സാധ്യതയുണ്ട്.
ഇത്തരത്തില്‍ ഓസ്‌ട്രേലിയക്ക് പണി കിട്ടിയ പല അനുഭവങ്ങളും മുമ്പുണ്ടായിട്ടുണ്ട്. 1859-ല്‍ ഏതാനും മുയലുകളെ വിനോദത്തിനായി യൂറോപ്പില്‍ എത്തിച്ച സംഭവം അതിലൊന്നാണ്. കൊണ്ടുവന്ന മുയലുകൾ പെറ്റ് പെരുകുകുകയും കൃഷിഭൂമികള്‍ വന്‍തോതില്‍ നശിപ്പിക്കുകയും ചെയ്‌തു. തദേശീയ സസ്യങ്ങളെ മുയലുകള്‍ തിന്നുതീര്‍ത്തതോടെ അവയെ ആശ്രയിച്ചുകഴിയുന്ന ജീവികളുടെ ആവാസവ്യവസ്ഥയും തകര്‍ന്നു. നായകൾ, പൂച്ചകൾ തുടങ്ങിയ വളർത്തുമൃഗങ്ങളെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരുന്നതിനും കർശനമായ നിയന്ത്രണങ്ങളുണ്ട്. അംഗീകൃത രാജ്യങ്ങളിൽ നിന്ന് മാത്രമേ വളർത്തുമൃഗങ്ങളെ കൊണ്ടുവരാൻ കഴിയൂ. ഗർഭിണികളായവക്ക് പ്രവേശനവുമില്ല. വാക്‌സിനേഷൻ, മൈക്രോചിപ്പിംഗ് എന്നിവക്ക് പുറമെ മൃഗങ്ങൾക്ക് പത്ത് ദിവസത്തെ ക്വാറന്റൈനും നിർബന്ധമാണ്. 2015ൽ അമേരിക്കൻ നടൻ ജോണി ഡെപ്പിന്റെ നായ്ക്കളെ ക്വാറന്റൈൻ ചെയ്യാതെ കൊണ്ടുവന്നതിനാൽ ഓസ്‌ട്രേലിയൻ അധികൃതർ അവയെ പുറത്താക്കിയ റിപ്പോർട്ടുകളുണ്ടായിരുന്നു.
കരിമ്പ് കൃഷി നശിപ്പിക്കുന്ന വണ്ടുകളെ നിയന്ത്രിക്കാനായി കൊണ്ടുവന്ന കരിമ്പന്‍ പോക്കാന്തവള വേലി കെട്ടാനായി കൊണ്ടുവന്ന ഒരുതരം കള്ളിമുള്‍ ചെടി എന്നിവയും തലവേദനയുണ്ടാക്കിയ ചരിത്രം ഓസ്‌ട്രേലിയക്കുണ്ട്. അതുകൊണ്ട് ഇനി ഓസ്‌ട്രേലിയക്കാണ് പോക്കെങ്കിൽ പൂവോ ചെടിയോ ഒന്നും കയ്യിൽ കൊണ്ടുപോകാതിരിക്കുക. അത്ര നിർബന്ധം ആണെങ്കിൽ പ്രത്യേകം പെർമിറ്റ് എടുക്കാനും മറക്കണ്ട.