ട്രംപിന് കിട്ടുമോ?; സമാധാന നൊബേല്‍ പ്രഖ്യാപനം ഇന്ന്

338 നാമനിർദേശങ്ങൾ കിട്ടിയിട്ടുണ്ടെന്ന് നൊബേൽ പുരസ്കാര സമിതി അറിയിച്ചു

Update: 2025-10-10 04:47 GMT
Editor : നബിൽ ഐ.വി | By : Web Desk

Photo | Special Arrangement

സ്റ്റോക്ക്ഹോം: സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. നൊബേല്‍ സമ്മാനം ലഭിക്കാന്‍ അര്‍ഹന്‍ താനാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശവാദം ഉന്നയിച്ചതോടെയാണ് ഇത്തവണത്തെ സമാധാന നൊബേല്‍ പ്രഖ്യാപനം മുന്‍വര്‍ഷങ്ങളിലേക്കാള്‍ ശ്രദ്ധാകേന്ദ്രമാകുന്നത്.

ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30നാണ് പുരസ്‌കാര പ്രഖ്യാപനം. നൊബേല്‍ സമ്മാനത്തിന് ഇത്തവണ 338 നാമനിര്‍ദേശങ്ങളാണുള്ളതെന്ന് നൊബേല്‍ പുരസ്‌കാര സമിതി അറിയിച്ചിട്ടുണ്ട്. അഞ്ച് അംഗങ്ങളുള്ള നൊബേൽ കമ്മിറ്റി സാധാരണയായി ദിവസങ്ങൾക്കോ ആഴ്ചകൾക്കോ മുമ്പ് തീരുമാനമെടുക്കുകയും ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് അവസാനമായി ഒരിക്കൽ കൂടി യോഗം ചേരുകയും ചെയ്യും. തിങ്കളാഴ്ചയാണ് അവസാന മിനുക്കുപണികൾ നടത്തിയത്.

Advertising
Advertising

ഏഴ് യുദ്ധങ്ങൾ താൻ ഇടപെട്ട് അവസാനിപ്പിച്ചുവെന്നും തനിക്ക് നൊബേലിന് അർഹതയുണ്ടെന്നും ട്രംപ് അവകാശപ്പെടുന്നു. താന്‍ ഈ ബഹുമതിക്ക് അര്‍ഹനാണെന്ന് വിശദീകരിക്കാന്‍ പല വേദികളും ട്രംപ് ഉപയോഗപ്പെടുത്തിയിരുന്നു. എന്നാൽ നൊബേലിന് ലഭിച്ചിട്ടുള്ള ഉന്നതവ്യക്തിത്വങ്ങളുടെ നാമനിർദേശങ്ങളും വിദേശനയത്തിന്റെ ചുവടുപിടിച്ചുള്ള ഇടപെടലുകൾക്കുപോലും വ്യക്തിപരമായി അവകാശമുന്നയിക്കുന്ന ട്രംപിന്റെ നിലപാടുകളും കണക്കിലെടുത്ത് അദ്ദേഹത്തിന് നൊബേൽ കിട്ടാൻ വിദൂരസാധ്യതയേ ഉള്ളൂവെന്നാണ് വിലയിരുത്തൽ.

ലോകാരോഗ്യസംഘടനയുൾപ്പെടെ അന്താരാഷ്ട്ര ഏജൻസികളെ മാനിക്കാതിരിക്കുന്നതും കാലാവസ്ഥാപ്രശ്നങ്ങളെ അവഗണിക്കുന്ന രീതിയുമടക്കമുള്ള സ്വന്തം ചെയ്തികൾ നൊബേൽ നേടാനുള്ള വഴിയിൽ ട്രംപിനെ തിരിഞ്ഞുകൊത്തിയേക്കാം. തിയഡോർ റൂസ്‌വെൽറ്റ് (1906), വുഡ്രൊ വിൽസൺ (1919), ജിമ്മി കാർട്ടർ (2002), ബരാക് ഒബാമ (2009) എന്നിവരാണ് സമാധാന നൊബേൽ നേടിയ യുഎസ് പ്രസിഡന്റുമാർ.

കാലംചെയ്ത ഫ്രാൻസിസ് മാർപാപ്പ, ജയിലിൽക്കഴിയുന്ന പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ഇലോൺ മസ്ക്, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, ജയിലിൽ മരിച്ച റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ ഭാര്യ യൂലിയ നൽനയ, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് തുടങ്ങിയവർ സമാധാന നൊബേലിനായി നാമനിർദേശം ചെയ്യപ്പെട്ടവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News