36,000 രൂപയുണ്ടോ? ഭൂമിക്കടിയിൽ അന്തിയുറങ്ങാം!

'ലോകത്തെ ഏറ്റവും ആഴമുള്ള ഭൂഗർഭ ഹോട്ടൽ' ബ്രിട്ടനിൽ പ്രവര്‍ത്തനമാരംഭിച്ചു

Update: 2023-06-09 11:38 GMT
Advertising

ലണ്ടൻ: ഇനി ഭൂമിക്കടിയിലും സുഖമായി അന്തിയുറങ്ങാം! 'ലോകത്തെ ഏറ്റവും ആഴമുള്ള ഭൂഗർഭ ഹോട്ടൽ' ബ്രിട്ടനിലെ വിക്ടോറിയൻ ഖനിക്കടിയിൽ 400 മീറ്റർ താഴ്ചയിൽ പ്രവര്‍ത്തനമാരംഭിച്ചു. 'ദി ഡീപ്പ് സ്ലീപ്പ്' എന്ന് പേരുള്ള ഹോട്ടൽ നോർത്ത് വെയിൽസിലെ എരിരി ദേശീയ ഉദ്യാനത്തിന് താഴെയാണ് സ്ഥിതി ചെയ്യുന്നത്.

ഹോട്ടലിൽ നാല് ഡബിൾ ബെഡ് പ്രൈവറ്റ് ക്യാബിനുകളും ഒരു റൊമാന്റിക്ക് ഗ്രോട്ടോയും(മനുഷ്യനിർമിത ഗുഹ) ആണുള്ളത്. നിലവില്‍ ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച രാവിലെ വരെ ഇവിടെ മുറി വാടകയ്ക്കു ലഭിക്കും.

എകദേശം ഒരു മണിക്കൂർ വിക്ടോറിയൻ ഖനിയിലൂടെ ഗൈഡിനൊപ്പം ട്രെക്ക് ചെയ്ത് വേണം ഹോട്ടലിലെത്താന്‍. യാത്രക്ക് മുമ്പ് ഹെൽമെറ്റ്, ടോര്‍ച്ച്, ബൂട്ട് എന്നിവ ലഭിക്കും. യാത്രയിലുടനീളം പഴയ ഖനിയുടെ അവശേഷിപ്പുകളായ ഗോവണികളും പാലങ്ങളും മറ്റും കാണാനാവും. യാത്രക്കിടെ ഖനിയുടെ ചരിത്രപരമായ സവിശേഷതകള്‍ ഗൈഡ് വിശദീകരിച്ചുതരും.

രണ്ട് പേർക്ക് ഒരു രാത്രി പ്രൈവറ്റ് ക്യാബിനിൽ താമസിക്കാൻ 350 പൌണ്ടും(36,209 രൂപ) ഗ്രോട്ടോയിലാണെങ്കിൽ 550 പൌണ്ടും(56,880 രൂപ) ആണ് നിരക്ക്. 2023 ഏപ്രിലാണ് ഹോട്ടല്‍ പ്രവർത്തനമാരംഭിച്ചത്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News