26 ദിവസം മാത്രം അധികാരത്തിൽ ; മന്ത്രിമാരെ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ ഫ്രഞ്ച് പ്രധാനമന്ത്രി രാജിവച്ചു

ഫ്രാൻസിൽ രണ്ട് വർഷത്തിനിടെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജി വയ്ക്കുന്ന അഞ്ചാമത്തെ വ്യക്തിയാണ് ലെകോർണു

Update: 2025-10-07 06:08 GMT
Editor : Jaisy Thomas | By : Web Desk

Sébastien Lecornu Photo| AP

പാരിസ്: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ ഫ്രാൻസിൽ സ്ഥിതി കൂടുതൽ സങ്കീര്‍ണമാക്കിക്കൊണ് പ്രധാനമന്ത്രിയുടെ രാജി. പുതുതായി നിയമിതനായ സെബാസ്റ്റ്യൻ ലെകോർണു മണിക്കൂറുകൾക്കകം രാജി വച്ചു. മന്ത്രിസഭാംഗങ്ങളെ പ്രഖ്യാപിച്ചതിന് പിന്നാലെ സഖ്യകക്ഷികളുടെയും പ്രതിപക്ഷത്തിൻ്റെയും കടുത്ത ഭീഷണികൾ ഉയർന്ന സാഹചര്യത്തിലാണ് ലെകോർണുവിൻ്റെ അപ്രതീക്ഷിത രാജി.

പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിൻ്റെ വിശ്വസ്തനായ ലെകോർണു (39), 26 ദിവസം മുൻപാണ് പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തത്. മാക്രോണിൻ്റെ നയങ്ങളിൽ സമൂലമായ മാറ്റം വരുത്തുന്നില്ലെങ്കിൽ ലെകോർണുവിൻ്റെ പുതിയ സർക്കാരിനെതിരെ വോട്ട് ചെയ്യുമെന്ന് ഭരണ മുന്നണിയിലെ ശക്തനായ ഫ്രഞ്ച് സോഷ്യലിസ്റ്റ് പാർട്ടി നേതാവ് ഒലിവിയർ ഫൗർ പ്രഖ്യാപിച്ചിരുന്നു. ലെകോർണുവിന്‍റെ മന്ത്രിസഭ പഴയ മാക്രോൺ പക്ഷക്കാരെക്കൊണ്ട് നിറഞ്ഞതാണെന്ന് അദ്ദേഹം വിമർശിച്ചു. മന്ത്രിസഭ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ സഖ്യകക്ഷികളുടെ പിന്തുണ നഷ്ടമായതോടെ, ലെകോർണു രാജി വയ്ക്കുകയായിരുന്നു.

ഫ്രാൻസിൽ രണ്ട് വർഷത്തിനിടെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജി വയ്ക്കുന്ന അഞ്ചാമത്തെ വ്യക്തിയാണ് ലെകോർണു. ചെലവ് നിയന്ത്രിക്കുന്നത് സംബന്ധിച്ച് മുൻ പ്രധാനമന്ത്രിമാരായ ഫ്രാങ്സ്വാ ബെയ്‌റു, മൈക്കൽ ബാർണിയർ എന്നിവരും അധികാരം നഷ്ടപ്പെട്ട് പുറത്തായിരുന്നു. ലെകോർണുവിൻ്റെ രാജിക്ക് പിന്നാലെ രാജ്യത്തെ പ്രതിപക്ഷം ഒന്നടങ്കം പാർലമെന്‍റ് തെരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News